ADVERTISEMENT

കേരളത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയരത്തിലേക്ക് ഇന്ന് കുതിച്ചുയർന്ന് സ്വർണ വില. ഗ്രാമിന് 75 രൂപ മുന്നേറി വില 6,960 രൂപയിലെത്തി. പവന് 600 രൂപ ഉയർന്ന് വില 55,680 രൂപയായി. കഴിഞ്ഞ മേയ് 20ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയും എന്ന റെക്കോർഡ് ഇനി മറക്കാം. പണിക്കൂലിയും ജിഎസ്ടിയുമടക്കം ഇന്ന് പവന് കേരളത്തിലെ വില 60,000 രൂപയ്ക്ക് മുകളിലുമെത്തി.

രാജ്യാന്തര വിപണിയിലെ റെക്കോർഡ് ആവേശമാക്കിയാണ് കേരളത്തിലും വിലക്കുതിപ്പ്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്ക അടിസ്ഥാന പലിശനിരക്കിൽ ബമ്പർ‌ വെട്ടിക്കുറയ്ക്കൽ നടത്തിയതിന് പിന്നാലെ യുഎസ് ഡോളറും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളിൽ നിന്നുള്ള ആദായനിരക്കും (യുഎസ് ട്രഷറി യീൽഡ്) ഇടിഞ്ഞിരുന്നു. ഇതോടെ നിക്ഷേപകർ ഡോളറിനെയും കടപ്പത്രങ്ങളെയും കൈവിട്ട് സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് ചേക്കേറിയതാണ് വിലക്കുതിപ്പിന് വളമായത്. മധ്യേഷ്യയിൽ ഇസ്രയേൽ-ഹിസ്ബുല്ല സംഘർഷം കനക്കുന്നതും ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ‌ ആഭരണ ഡിമാൻഡ് കൂടിയതും സ്വർണ വില വർധനയുടെ ആക്കം കൂട്ടി.

രണ്ടുദിവസം; കുതിച്ചത് 1,080 രൂപ
 

കഴിഞ്ഞ രണ്ടുദിവസത്തിനിടെ മാത്രം കേരളത്തിൽ പവന് 1,080 രൂപയും ഗ്രാമിന് 135 രൂപയും ഉയർന്നു. 18 കാരറ്റ് സ്വർണ വിലയും കുത്തനെ കൂടുകയാണ്. ഇന്നലെ 50 രൂപയും ഇന്ന് 60 രൂപയും ഗ്രാമിന് വർധിച്ചു. ഗ്രാമിന് 5,775 രൂപയിലാണ് ഇന്നത്തെ വ്യാപാരം. കനംകുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെയുള്ള കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം. അതേസമയം, വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 96 രൂപ. 2020ൽ സ്വർണ വില പവന് 32,000 രൂപയായിരുന്നു. ഇന്ന് 55,680 രൂപ. ഏതാണ്ട് ഇരട്ടിക്കടുത്ത് വർധന. 2010ൽ വില 11,000 രൂപ മാത്രമായിരുന്നു.

gold-card-sep21-new

റെക്കോർഡ് തൂത്തെറിഞ്ഞ് രാജ്യാന്തര വില

നിക്ഷേപകരിൽ നിന്നും ആഭരണവിതരണ രംഗത്തുനിന്നും ഡിമാൻഡ് കൂടിയതോടെ രാജ്യാന്തര സ്വർണ വില പുതിയ ഉയരം കുറിച്ചു. ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട് ചരിത്രത്തിൽ ആദ്യമായി ഔൺസിന് 2,600 ഡോളർ ഭേദിച്ച വില, ഇന്ന് എക്കാലത്തെയും ഉയരമായ 2,625.18 ഡോളറിൽ തൊട്ടു. ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത് 2,622.3 ഡോളറിൽ‌. ഈ വിലക്കുതിപ്പാണ് കേരളത്തിലെ വിലയെയും റെക്കോർഡിലേക്ക് ഉയർത്തിയത്.

ആശ്വാസമായി ഇന്ത്യൻ റുപ്പി
 

രാജ്യാന്തര സ്വർണ വില, ഡോളറിനെതിരെ രൂപയുടെ മൂല്യം, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന വില (ബാങ്ക് റേറ്റ്), മുംബൈ വിപണിയിലെ വില, വിതരണക്കാരുടെ ലാഭമാർജിൻ എന്നിവ വിലയിരുത്തിയാണ് കേരളത്തിൽ സ്വർണ വില നിർണയം. ഡോളർ ദുർബലമായതോടെ രൂപയുടെ മൂല്യം 83.55ലേക്ക് മെച്ചപ്പെട്ടിട്ടുണ്ട്. ഇത് സ്വർണം ഇറക്കുമതിച്ചെലവിൽ നേരിയ കുറവും വരുത്തിയിട്ടുണ്ട്. അല്ലായിരുന്നെങ്കിൽ, ഇന്ന് വില ഇതിലുമധികം ഉയരുമായിരുന്നു.

ഇനി വില എങ്ങോട്ട്?
 

രാജ്യാന്തര തലത്തിൽ സാഹചര്യം സ്വർണ വില വർധനയ്ക്ക് അനുകൂലമാണ്. ഗോൾഡ് ഇടിഎഫ് അടക്കമുള്ള സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് നിക്ഷേപകർ‌ ഒഴുകുന്നു. ലോകത്തെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോഗ രാജ്യമായ ഇന്ത്യയിൽ നവരാത്രി, ദസ്സറ, ദീപാവലി ഉത്സവകാലവും വിവാഹ സീസണും പടിവാതിലിൽ എത്തിക്കഴിഞ്ഞു. സ്വർണാഭരണ വിൽപന കുതിക്കാറുള്ള സീസൺ ആണിത്. ഡിമാൻഡ് കൂടുന്നതോടെ വിലയും കുതിക്കും.

''കഴിഞ്ഞ നവംബറിൽ ഔൺസിന് 1,800 ഡോളറായിരുന്ന രാജ്യാന്തര വിലയാണ് 800ൽ അധികം ഡോളർ ഉയർന്ന് ഇപ്പോൾ 2,600 ഡോളർ ഭേദിച്ചത്. വില വൻതോതിൽ കുറയുമ്പോൾ തന്നെ ഡിമാൻഡ് കുത്തനെ ഉയരുന്നുണ്ട്. ഇതാണ് സ്വർണ വിലയെ റെക്കോർഡിലേക്ക് നയിച്ചത്''

പ്രതിവർഷം ശരാശരി 800 ടൺ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഓഗസ്റ്റിൽ മാത്രം 140 ടൺ സ്വർണം ഇന്ത്യ ഇറക്കുമതി ചെയ്തെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട്. ജൂലൈയേക്കാൾ 3 മടങ്ങ് അധികം.

Image : iStock/Gam1983
Image : iStock/Gam1983

രാജ്യാന്തര വില സമീപഭാവിയിൽ 2,650-2,660 ഡോളർ ഭേദിക്കാനുള്ള സാധ്യതയാണ് നിരീക്ഷകർ കാണുന്നത്. അമേരിക്ക 2024ൽ രണ്ടുതവണ കൂടിയെങ്കിലും (ആകെ 0.50%) പലിശനിരക്ക് കുറയ്ക്കുമെന്നും കരുതപ്പെടുന്നു. അതായത്, സ്വർണത്തെ കാത്തിരിക്കുന്നത് വിലക്കുതിപ്പിന്റെ നാളുകൾ തന്നെയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

ഇന്നൊരു പവന് എന്ത് നൽകണം?

ഒരു പവൻ ആഭരണത്തിന് പണിക്കൂലിയും ജിഎസ്ടിയുമടക്കം 60,000 രൂപയ്ക്കുമേൽ കൊടുക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ കേരളത്തിൽ. 55,680 രൂപയാണ് പവൻ വില. മൂന്ന് ശതമാനം ജിഎസ്ടി, 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് (എച്ച്‍യുഐഡി) ഫീസ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) 60,272 രൂപ കൊടുത്താലേ ഇന്നൊരു പവൻ ആഭരണം കേരളത്തിൽ വാങ്ങാനാകൂ. ഗ്രാമിന് കൊടുക്കേണ്ടത് 7,534 രൂപ. ഇന്നലത്തെ വിലയേക്കാൾ പവന് 712 രൂപയും ഗ്രാമിന് 89 രൂപയും അധികമാണിത്.

English Summary:

Gold prices in Kerala have reached unprecedented heights, surpassing ₹60,000 per sovereign.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com