ഇസാഫ് ബാങ്കിന് പുതുതായി 5.7 ലക്ഷം ഇടപാടുകാർ, സ്വർണ വായ്പയിലും തിളക്കം
Mail This Article
തൃശൂർ ആസ്ഥാനമായ സ്മോൾ ഫിനാൻസ് ബാങ്കായ ഇസാഫ് ബാങ്ക് നടപ്പുവർഷത്തെ (2024-25) സെപ്റ്റംബർ പാദത്തിൽ കൈവരിച്ചത് വായ്പയിലും നിക്ഷേപത്തിലും മികച്ച നേട്ടം. മൊത്തം വായ്പകൾ മുൻവർഷത്തെ സമാനപാദത്തിലെ 15,123 കോടി രൂപയിൽ നിന്ന് 24.09% ഉയർന്ന് 18,767 കോടി രൂപയായെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ബാങ്ക് വ്യക്തമാക്കി.
ചെറുകിട വായ്പകൾ (മൈക്രോ ലോൺ) 10,479 കോടി രൂപയിൽ നിന്ന് 11,541 കോടി രൂപയായി; വളർച്ച 10.13%. സ്വർണപ്പണയ വായ്പകളിൽ വളർച്ച 59.33 ശതമാനമാണ്. 2,348 കോടി രൂപയിൽ നിന്ന് 3,741 കോടി രൂപയായാണ് വർധന. റീറ്റെയ്ൽ വായ്പകളും മറ്റു വായ്പകളും 51.78 ശതമാനവും ഉയർന്നു. 2,296 കോടി രൂപയിൽ നിന്ന് ഇവ 3,485 കോടി രൂപയിലെത്തി.
നിക്ഷേപവും കാസയും
ഇസാഫ് ബാങ്കിന്റെ മൊത്തം നിക്ഷേപം കഴിഞ്ഞപാദത്തിൽ മുൻവർഷത്തെ സെപ്റ്റംബർ പാദത്തിലെ 17,416 കോടി രൂപയിൽ നിന്ന് 24.69% ഉയർന്ന് 21,717 കോടി രൂപയായി. ടേം ഡെപ്പോസിറ്റുകൾ 14,273 കോടി രൂപയിൽ നിന്ന് 14.88% വർധിച്ച് 16,398 കോടി രൂപയിലുമെത്തി.
കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ) നിക്ഷേപം 69.25% ഉയർന്ന് 5,319 കോടി രൂപയായി. കഴിഞ്ഞവർഷത്തെ സമാനപാദത്തിൽ 3,143 കോടി രൂപയായിരുന്നു. കാസ അനുപാതം 18.04 ശതമാനത്തിൽ നിന്ന് 24.49 ശതമാനമായി ഉയർന്നതും നേട്ടമാണ്. ഇക്കഴിഞ്ഞ ജൂൺപാദത്തിൽ ഇത് 23.59 ശതമാനമായിരുന്നു.
പുതിയ ഇടപാടുകാർ 5.68 ലക്ഷം
ഇസാഫ് ബാങ്കിന് സെപ്റ്റംബർ പാദത്തിലെ കണക്കുപ്രകാരം 756 ശാഖകളും 646 എടിഎമ്മുകളുമുണ്ട്. മൊത്തം ഇടപാടുകാർ 89.41 ലക്ഷം പേർ. നടപ്പുവർഷം ഏപ്രിൽ-സെപ്റ്റംബറിൽ പുതുതായി 5.68 ലക്ഷം ഇടപാടുകാരെയും ലഭിച്ചു.
ഓഹരികളുടെ പ്രകടനം
ഇന്നലെ എൻഎസ്ഇയിൽ 4.16% നേട്ടവുമായി 46.80 രൂപയിലാണ് ഇസാഫ് ബാങ്ക് ഓഹരികൾ വ്യാപാരം പൂർത്തിയാക്കിയത്. ഈ വർഷം ഫെബ്രുവരി എട്ടിലെ 82.40 രൂപയാണ് 52-ആഴ്ചത്തെ ഉയരം. ഈ മാസം ഒന്നിന് വില 52-ആഴ്ചത്തെ താഴ്ചയായ 44 രൂപയിലും എത്തിയിരുന്നു. 2,400 കോടി രൂപ വിപണിമൂല്യമുള്ള ബാങ്കിന്റെ ഓഹരികൾ കഴിഞ്ഞ ഒരു മാസത്തിനിടെ നേരിട്ടത് 6 ശതമാനത്തോളം നഷ്ടം. കഴിഞ്ഞ ഒരുവർഷത്തിനിടെ 30 ശതമാനത്തോളവും താഴേക്കിറങ്ങി.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)