പലിശ കുറച്ചില്ല; പക്ഷേ, കുറയ്ക്കും: ആർബിഐ ‘ന്യൂട്രൽ’ നയത്തിലേക്ക്
Mail This Article
ന്യൂഡൽഹി∙ തുടർച്ചയായി പത്താം തവണയും പലിശനിരക്കിൽ മാറ്റം വരുത്തിയില്ലെങ്കിലും, വൈകാതെ പലിശനിരക്കിൽ കുറവു പ്രതീക്ഷിക്കാമെന്ന സൂചന റിസർവ് ബാങ്ക് നൽകി.
6.5% എന്ന റിപ്പോ നിരക്ക് ഇക്കുറിയും മാറ്റാത്തതിനാൽ 2 മാസത്തേക്കു കൂടി ഭവന,വാഹന,വ്യക്തിഗത വായ്പകളുടെ പലിശ നിലവിലെ നിരക്കിൽ തുടരും. 6 അംഗ എംപിസി കമ്മിറ്റിയിൽ പുതിയ എക്സ്റ്റേണൽ അംഗമായ ഡോ.നാഗേഷ് കുമാർ ഒഴികെയുള്ളവർ പലിശനിരക്കിൽ ഇക്കുറി മാറ്റം വേണ്ടെന്ന് അഭിപ്രായപ്പെട്ടു. ഡോ.നാഗേഷ് 0.25% കുറവാണ് ആവശ്യപ്പെട്ടത്.
പലിശനിരക്ക് തീരുമാനിക്കുന്ന ആർബിഐ പണനയസമിതിയുടെ (എംപിസി) അടുത്ത യോഗം ഡിസംബർ 4 മുതൽ 6 വരെയാണ്.
വിലക്കയറ്റം നേരിടാനായി 2022 ഏപ്രിൽ മുതൽ ആർബിഐ എംപിസി പിന്തുടർന്ന കർശനമായ നയത്തിൽ (സ്റ്റാൻസ്) നിന്ന് ഉദാരമായ ന്യൂട്രൽ സ്റ്റാൻസിലേക്ക് ഇന്നലെ മാറി. ഇതനുസരിച്ച് ആർബിഐക്ക് പലിശ നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. 2022 ഏപ്രിൽ മുതൽ ഇതുവരെ വിലക്കയറ്റം നിയന്ത്രിക്കാനായി പണലഭ്യത കുറയ്ക്കുന്നതിനുള്ള കർശനനയമാണ് (വിത്ഡ്രോവൽ ഓഫ് അക്കമഡേഷൻ) പിന്തുടർന്നിരുന്നത്. വരുന്ന എംപിസി യോഗങ്ങളിൽ പലിശനിരക്ക് കുറയ്ക്കുന്നതിന്റെ മുന്നോടിയായിട്ടാണ് വിദഗ്ധർ ‘ന്യൂട്രൽ’ സ്റ്റാൻസിനെ കാണുന്നത്.
വിലക്കയറ്റം നിയന്ത്രിക്കാൻ കഴിഞ്ഞുവെന്നതിൽ നല്ല ആത്മവിശ്വാസമുണ്ടെങ്കിലും മുന്നിലുള്ള അനിശ്ചിതത്വങ്ങൾ മൂലം എന്ന് നിരക്ക് കുറയ്ക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞത്.
രാജ്യാന്തര സാഹചര്യങ്ങൾ, ചില ഉൽപന്നങ്ങളുടെ വിലക്കയറ്റം അടക്കമുള്ളവയാണ് പ്രശ്നമായി ചൂണ്ടിക്കാട്ടിയത്.
വളർച്ചനിരക്കും വിലക്കയറ്റവും തമ്മിലുള്ള ബാലൻസ് ഉറപ്പാക്കാൻ കഴിഞ്ഞതിനാലാണ് നയം മാറ്റിയതെന്ന് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഡിസംബറിലെ യോഗത്തിൽ പലിശ വെട്ടിക്കുറയ്ക്കൽ തുടങ്ങുമെന്ന് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ആർബിഐ അതിനു തയാറാകുമോയെന്നു വ്യക്തമല്ല.
ചെറു സ്ഥാപനങ്ങൾക്ക്
ഫോർക്ലോഷർ ചാർജ് ഒഴിവാക്കും
ന്യൂഡൽഹി∙ തിരിച്ചടവു കാലാവധി പൂർത്തിയാക്കും മുൻപ് വായ്പ അടച്ചു തീർക്കുന്നവർക്ക് നൽകേണ്ടി വരുന്ന ചാർജ് (ഫോർക്ലോഷർ ചാർജ്) സൂക്ഷ്മ–ചെറുകിട സ്ഥാപനങ്ങൾക്കും ഒഴിവാക്കും. ഇതുസംബന്ധിച്ച് കരടുവിജ്ഞാപനം ഉടൻ ആർബിഐ പുറത്തിറക്കും. ആർബിഐയുടെ നിലവിലെ ചട്ടപ്രകാരം, ഫ്ലോട്ടിങ് നിരക്കിലുള്ള വായ്പ തിരിച്ചടയ്ക്കുമ്പോൾ വ്യക്തികൾ ഫോർക്ലോഷർ ഫീസ് നൽകേണ്ടതില്ല. ഇതേ ചട്ടമാണ് സൂക്ഷ്മ–ചെറുകിട സ്ഥാപനങ്ങൾക്കും ബാധകമാക്കുന്നത്. പലിശ കുറയ്ക്കാൻ വേണ്ടിയാണ് കാലാവധി തീരും മുൻപ് പലരും വായപ തിരിച്ചടച്ച് ബാധ്യത ഒഴിവാക്കുന്നത്. ഫിക്സഡ് പലിശ നിരക്കിലുള്ള വായ്പകൾക്ക് ഇത്തരം സാഹചര്യങ്ങൾ ഫോർക്ലോഷർ ചാർജ് അടയ്ക്കണം.
പ്രാഥമിക അർബൻ സഹകരണ ബാങ്കുകളുടെ വരുമാനവർധനയുമായി ബന്ധപ്പെട്ട് ഡിസ്കഷൻ പേപ്പർ പുറത്തിറക്കുമെന്നും ആർബിഐ അറിയിച്ചു. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ (എൻബിഎഫ്സി) മൈക്രോഫിനാൻസ് വായ്പ, ക്രെഡിറ്റ് കാർഡ് അടക്കമുള്ള ഈടില്ലാത്ത വായ്പകൾ വർധിക്കുന്നതിൽ ആർബിഐ മുന്നറിയിപ്പ് നൽകി.
എന്തുവിലകൊടുത്തും വളർച്ച എന്ന സമീപനം ചില എൻബിഎഫ്സികൾ പിന്തുടരുന്നു. ആവശ്യം വന്നാൽ നടപടി സ്വീകരിക്കാൻ മടിക്കില്ലെന്നും ആർബിഐ വ്യക്തമാക്കി.
ആർബിഐയുടെ നയരീതികൾ
മൂന്ന് സ്റ്റാൻസുകളാണ് ആർബിഐ പ്രധാനമായും സ്വീകരിക്കുന്നത്–അക്കമഡേറ്റീവ്, ന്യൂട്രൽ, ഹോക്കിഷ്. ന്യൂട്രൽ സ്റ്റാൻസിലായിരുന്ന ഇന്ത്യ പലിശനിരക്കുകൾ കുറഞ്ഞതോതിൽ നിലനിർത്തുന്ന അക്കമഡേറ്റിവ് സ്റ്റാൻസ് ആണ് കോവിഡ് കാലത്ത് പിന്തുടർന്നത്. നാണ്യപ്പെരുപ്പം വലിയ വെല്ലുവിളിയാകാതിരിക്കുകയും സാമ്പത്തിക വളർച്ചയ്ക്ക് നയപരമായ പിന്തുണ ആവശ്യവുമായ സമയങ്ങളിലാണ് അക്കമഡേറ്റീവ് സ്റ്റാൻസ് സ്വീകരിക്കുന്നത്. വിലക്കയറ്റം ഉയർന്നതോടെ അക്കമഡേഷൻ സ്റ്റാൻസ് പിൻവലിക്കുന്ന ഘട്ടത്തിലായിരുന്നു (വിത്‍ഡ്രോവൽ).
ന്യൂട്രൽ സ്റ്റാൻസ് അനുസരിച്ച് ആർബിഐക്ക് പലിശ നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. അധിക പണലഭ്യത കുറയ്ക്കാനായി പലിശ നിരക്ക് ഉയർത്തുന്നതാണ് ‘ഹോക്കിഷ് രീതി’.