സൂചികകൾ മൂന്നു മാസത്തെ താഴ്ചയിൽ, ഇടിവ് തുടർക്കഥ
Mail This Article
കൊച്ചി∙ ഓഹരി വിപണികളിൽ ഇടിവു തുടർക്കഥയാകുന്നു. ഇന്നലെ സെൻസെക്സ് 942 പോയിന്റും നിഫ്റ്റി 309 പോയിന്റും ഇടിഞ്ഞു. ഇതോടെ സൂചികകൾ മൂന്നു മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലെത്തി. 24,000 പോയിന്റിനു താഴെയാണ് നാഷനൽ സ്റ്റോക് സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി ഇന്നലെ ക്ലോസ് ചെയ്തത്. 78,782.24 നിലവാരത്തിലേക്ക് സെൻസെക്സ് സൂചികയും താഴ്ന്നു. വിദേശ നിക്ഷേപകർ ഓഹരികൾ വിറ്റൊഴിക്കുന്നതു തുടരുകയാണ്. അമേരിക്കൻ തിരഞ്ഞെടുപ്പും വിപണിയെ ബാധിക്കുന്നുണ്ട്.
റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിയിലുണ്ടായ വലിയ വിൽപന സമ്മർദവും ഇന്നലെ സൂചികകളെ ബാധിച്ചു. ബാങ്കിങ് ഓഹരികളിലും ഇന്നലെ കനത്ത നഷ്ടമുണ്ടായി. ഇന്നലത്തെ ഇടിവിൽ നിക്ഷേപകരുടെ ആസ്തിയിൽ 5.99 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. 94,000 കോടി രൂപയാണ് കഴിഞ്ഞ മാസം മാത്രം ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ പിൻവലിച്ചത്. ചൈനീസ് വിപണിയിലുണ്ടായ പ്രസരിപ്പും ഇന്ത്യൻ വിപണിയിൽ നിന്നുള്ള വൻകിട നിക്ഷേപകരുടെ പിൻമാറ്റത്തിനു കാരണമാകുന്നുണ്ട്. അമേരിക്കൻ തിരഞ്ഞെടുപ്പു ഫലവും വരും ദിവസങ്ങളിൽ വിപണികളിൽ വലിയ തോതിലുള്ള ചലനങ്ങൾ സൃഷ്ടിച്ചേക്കും.
ചരിത്ര ഇടിവിൽ രൂപ
രാജ്യത്തെ ഓഹരി വിപണികളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിൻമാറ്റം തുടർക്കഥയായതോടെ ഡോളറിനെതിരെ എക്കാലത്തെയും താഴ്ചയിൽ രൂപ. ഇന്നലെ ഡോളറിനെതിരെ 4 പൈസ കൂടി ഇടിഞ്ഞതോടെ 84.11 നിലവാരത്തിലായി രൂപയുടെ മൂല്യം. വൻകിട വിദേശ സ്ഥാപന നിക്ഷേപകർ (എഫ്പിഐ) ഓഹരികൾ വിറ്റൊഴിക്കുമ്പോൾ ഡോളറിന്റെ ഡിമാൻഡ് ഉയരുന്നതാണ് രൂപയെ ദുർബലമാക്കുന്നത്. ഒക്ടോബർ ആദ്യം മുതൽ വിദേശ നിക്ഷേപകർ വൻതോതിൽ ഇന്ത്യൻ ഓഹരികളിലെ നിക്ഷേപം പിൻവലിക്കുകയാണ്.
അസംസ്കൃത എണ്ണവില വീണ്ടും ബാരലിന് 75 ഡോളർ നിലവാരത്തിലേക്ക് ഉയർന്നതും രൂപയുടെ മൂല്യമിടിയാൻ കാരണമായി. 3 ശതമാനമാണ് ഇന്നലത്തെ വില വർധന. എണ്ണ ഇറക്കുമതിക്കു കൂടുതൽ ഡോളർ ആവശ്യമായി വരുന്നതിനാലാണ് വില വർധന രൂപയുടെ മൂല്യത്തെ ബാധിക്കുന്നത്.
അതേസമയം, തിരഞ്ഞെടുപ്പ് അനിശ്ചിതത്വങ്ങളെത്തുടർന്ന് അമേരിക്കൻ ഡോളർ ഇടിഞ്ഞത് രൂപയുടെ മൂല്യത്തിൽ വൻ ഇടിവു സംഭവിക്കുന്നതിനു തടയിട്ടു. 0.5% ഇടിഞ്ഞ് 103.73 പോയിന്റിലാണ് ഡോളർ ഇൻഡക്സ്. പ്രവചനങ്ങളിൽ കമലയ്ക്കു മേൽക്കൈ ലഭിച്ചതാണ് ഡോളർ ഇൻഡക്സ് ഇടിയാൻ കാരണമായത്.