നിക്ഷേപ പദ്ധതിയായി യുലിപ് പ്രചരിപ്പിക്കരുത്; ഇൻഷുറന്‍സ് കമ്പനികളോട് ഐആര്‍ഡിഎഐ
Mail This Article
യൂണിറ്റ്-ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകളെ (യുലിപ്) നിക്ഷേപ പദ്ധതികളായി ഉപയോക്താക്കൾക്ക് മുന്നില്‍ പ്രചരിപ്പിക്കരുതെന്ന് ഇന്‍ഷുറന്‍സ് കമ്പനികൾക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റിയുടെ (ഐആര്‍ഡിഎഐ) നിര്‍ദേശം. ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് ഒപ്പം ഓഹരി നിക്ഷേപവും സാധ്യമാക്കുന്ന പദ്ധതിയാണ് യുലിപ്.
ഓഹരി നിക്ഷേപമെന്നപോലെ യുലിപും റിസ്കിന് വിധേയമാണെന്ന് ഉപയോക്താക്കളെ ബോധ്യപ്പെടുത്തണം. ബോണസ് നല്‍കുന്ന പാര്‍ട്ടിസിപ്പേറ്റിംഗ് പ്ലാനുകൾക്ക് സമാനമാണിത്. പാര്‍ട്ടിസിപ്പേറ്റിംഗ് പ്ലാനുകൾ ബോണസ് നല്‍കാറുണ്ടെങ്കിലും അത് ഗ്യാരന്‍റി ചെയ്യുന്നില്ല. നിലവിലുള്ളതോ പുതിയതോ ആയ ഇന്‍ഷുറന്‍സ് പദ്ധതികളോട് ചേര്‍ന്ന് മാത്രമേ യുലിപ് അവതരിപ്പിക്കാവൂ എന്നും സര്‍ക്കുലറിലൂടെ ഐആര്‍ഡിഎഐ നിര്‍ദേശിച്ചിട്ടുണ്ട്.
യുലിപ് ഫീസ് നിരക്കുകള്‍, കഴിഞ്ഞ 5 വര്‍ഷം പ്ലാൻ നിക്ഷേപകര്‍ക്ക് നല്‍കിയ സംയോജിത വാര്‍ഷിക നേട്ടം തുടങ്ങിയവ വിവരങ്ങളും ഉപയോക്താക്കളെ ബോധ്യപ്പെടുത്തണം. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രകടനം വരുംവര്‍ഷങ്ങളിലെ പ്രകടനത്തിന്‍റെ സൂചകമല്ലെന്നും ബോധ്യപ്പെടുത്തണമെന്ന് നിര്‍ദേശമുണ്ട്.