ഇന്‍ഷുറന്‍സ് പോളിസി ഈടുവച്ചുള്ള വായ്പകള്‍ ഇനി കൂടുതല്‍ ആകര്‍ഷകമാകും; ഇതാ വിശദാംശങ്ങള്‍
Mail This Article
പെട്ടെന്നുള്ള സാമ്പത്തികാവശ്യം നിറവേറ്റാന്‍ വായ്പ തേടുന്നവര്‍ക്കൊരു ആശ്വാസ വാര്‍ത്ത. ഇനി സറണ്ടര്‍ വാല്യു ഉള്ള നിങ്ങളുടെ ഏത് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഈടുവച്ചും വായ്പ എടുക്കാം. എല്ലാ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും വായ്പാ സൗകര്യം ലഭ്യമാക്കണമെന്ന് കമ്പനികളോട് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് ഒപ്പം സമ്പാദ്യവും ഉറപ്പുനല്‍കുന്ന പോളിസികള്‍ക്ക് (മണിബാക്ക്, എന്‍ഡോവ്മെന്‍റ്) മാത്രമാണ് പോളിസി ലോണ്‍ സൗകര്യമുള്ളത്. യുലിപ് (യൂണിറ്റ്-ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍), ടേം ഇന്‍ഷുറൻസ് എന്നിവ ഈടായി അംഗീകരിച്ചിരുന്നില്ല. ഇനിമുതല്‍ സറണ്ടര്‍ വാല്യു ഗ്യാരന്‍റിയുള്ള യുലിപ് പോളിസികള്‍ക്കും വായ്പാ സൗകര്യമുണ്ടാകും.
എങ്ങനെ നേടാം പോളിസി വായ്പ?
സറണ്ടര്‍ വാല്യു ഗ്യാരന്‍റിയുള്ള ഇന്‍ഷുറന്‍സ് പോളിസികളാണ് ഈടുവയ്ക്കാനാവുക. മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുന്നതിന് മുമ്പ് പോളിസി ഉടമ ഇന്‍ഷുറന്‍സ് പോളിസി വേണ്ടെന്നുവച്ചാല്‍ കമ്പനി തിരികെ നല്‍കേണ്ട തുകയാണ് സറണ്ടര്‍ വാല്യു. പോളിസി വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ സറണ്ടര്‍ വാല്യുവിന്‍റെ 85-90 ശതമാനം തുകയാണ് വായ്പയായി ലഭിക്കുക.
വായ്പയ്ക്ക് അപേക്ഷിക്കുംമുമ്പ് പോളിസിക്ക് സറണ്ടര്‍ വാല്യു ഉണ്ടെന്ന് ഉറപ്പാക്കണം. എല്‍ഐസി, എസ്ബിഐ, എച്ച്ഡിഎഫ്‍സി ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും പോളിസി വായ്പകള്‍ അനുവദിക്കുന്നുണ്ട്.
പലിശഭാരം കുറവ്
പോളിസി ക്ലെയിം ചെയ്യുമ്പോൾ വായ്പാത്തുക അതില്‍ നിന്ന് അടയ്ക്കാമെന്ന നേട്ടം ഇത്തരം വായ്പകള്‍ക്കുണ്ട്. ഫലത്തില്‍, വായ്പ എടുത്തയാള്‍ക്ക് തിരിച്ചടവ് ബാധ്യത കുറവായിരിക്കും. താരതമ്യേന കുറഞ്ഞ പലിശനിരക്കാണെന്നതും നേട്ടമാണ്. ശരാശരി 10 ശതമാനം പലിശനിരക്കാണ് പോളിസി വായ്പകള്‍ക്കുള്ളത്.