സിഎസ്ബി ബാങ്ക് ഓഹരികൾ വാങ്ങിയത് അദിയയും അമാൻസയും; ഓഹരി വിലയിൽ ഇന്നും നേട്ടം
Mail This Article
തൃശൂർ ആസ്ഥാനമായ സ്വകാര്യ ബാങ്കായ സിഎസ്ബി ബാങ്കിന്‍റെ ഓഹരികൾ സ്വന്തമാക്കി അബുദബി ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റിയും (അദിയ) പ്രമുഖ ഓഹരി നിക്ഷേപകനായ ആകാശ് പ്രകാശിന്‍റെ അമാൻസ ഹോൾഡിംഗ്സും. ഇന്നലെയാണ് ഒന്നിന് 352.75 രൂപ വിലയിൽ 9.72 ശതമാനം ഓഹരികൾ സിഎസ്ബി ബാങ്കിന്‍റെ പ്രൊമോട്ടർമാരായ ഫെയർഫാക്സ് ബ്ലോക്ക് ഡീലിലൂടെ വിറ്റഴിച്ചത്. ഇതോടെ ബാങ്കിൽ ഫെയർഫാക്സിന്‍റെ ഓഹരി പങ്കാളിത്തം 49.72 ശതമാനത്തിൽ നിന്ന് 40 ശതമാനത്തിലേക്ക് കുറഞ്ഞു.
ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട്, അശോക ഇന്ത്യ ഓപ്പർച്യൂണിറ്റീസ് ഫണ്ട്, വൈറ്റ്ഓക്ക് കാപ്പിറ്റൽ മ്യൂച്വൽ ഫണ്ട്, ഡിഎസ്പി മ്യൂച്വൽ ഫണ്ട്, ഈഡൽവെയ്സ് ടോക്കിയോ ലൈഫ് ഇൻഷുറൻസ് കമ്പനി എന്നിയും ബ്ലോക്ക് ഡീലിൽ സിഎസ്ബി ബാങ്കിന്‍റെ ഓഹരി വാങ്ങിയവരുടെ കൂട്ടത്തിലുണ്ടെന്ന് വിപണിയിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 595 കോടി രൂപയാണ് ബ്ലോക്ക് ഡീലിലൂടെ ഓഹരികൾ വിറ്റഴിച്ച് ഫെയർഫാക്സ് സ്വരൂപിച്ചത്.
ആദ്യമായാണോ അമാൻസയും അദിയയും സിഎസ്ബി ബാങ്കിൽ ഓഹരി പങ്കാളിത്തം നേടുന്നതെന്ന് വ്യക്തമല്ല. കൈവശം ഒരു ശതമാനമോ അതിലധികമോ ഓഹരികളുണ്ടെങ്കിലേ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഓഹരി പങ്കാളിത്ത രേഖയിൽ (സ്റ്റോക്ക് ഹോൾഡിംഗ് പാറ്റേൺ) വിവരങ്ങൾ ചേർക്കുകയുള്ളൂ. ഇക്കഴിഞ്ഞ മാർച്ച് പാദം വരെയുള്ള കണക്കുപ്രകാരം സിഎസ്ബി ബാങ്കിന്‍റെ സ്റ്റോക്ക് ഹോൾഡിംഗ് പാറ്റേണിൽ അദിയയുടെയോ അമാൻസയുടെയോ പേരില്ല. നിലവിലെ ബ്ലോക്ക് ഡീലിൽ വാങ്ങിയ ഓഹരികൾ പ്രകാരം, അമാൻസയ്ക്ക് ഇപ്പോൾ സിഎസ്ബി ബാങ്കിൽ 4.7 ശതമാനത്തോളം ഓഹരി പങ്കാളിത്തമായി.
ഓഹരികൾ മുന്നോട്ട്
ബ്ലോക്ക് ഡീലിന്‍റെ പശ്ചാത്തലത്തിൽ സിഎസ്ബി ബാങ്ക് ഓഹരികൾ ഇന്നലെ കാഴ്ചവച്ച നേട്ടം ഇന്നും തുടരുകയാണ്. ഇന്നലെ ഒരുവേള ഓഹരിവില 8 ശതമാനത്തോളം ഉയർന്നെങ്കിലും വ്യാപാരാന്ത്യത്തിൽ നേട്ടം മൂന്ന് ശതമാനത്തോളമായി താഴ്ന്നിരുന്നു.
-
Also Read
അദാനിയും ബിർളയും തമ്മിൽ സിമന്റ് യുദ്ധം
ഇന്ന് 4.85 ശതമാനം ഉയർന്ന് 383.40 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നത്തെ ആദ്യ സെഷനിൽ ഓഹരിവില 386 രൂപവരെ എത്തിയിരുന്നു. കഴിഞ്ഞ ഒരുവർഷത്തിനിടെ 36 ശതമാനവും ഒരുമാസത്തിനിടെ 14 ശതമാനവും വളർന്ന ഓഹരിയാണ് സിഎസ്ബി ബാങ്ക്.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)