‘പണം ഒരു വിഷയമല്ല, ക്യാപ്റ്റൻ സ്ഥാനം ഇല്ലെങ്കിലും രോഹിത് ശർമ മുംബൈ ഇന്ത്യൻസിൽ തന്നെ കളിക്കും’
Mail This Article
മുംബൈ∙ വരുന്ന ഐപിഎൽ സീസണിലും രോഹിത് ശർമ മുംബൈ ഇന്ത്യൻസിൽ തന്നെ കളിക്കാനാണു സാധ്യതയെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ. ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെട്ടെന്നു കരുതി ടീം വിടുന്ന ആളല്ല രോഹിത്തെന്നും ചില താരങ്ങൾക്ക് പണം ഒരു വിഷയമല്ലെന്നും ആർ. അശ്വിൻ യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചു. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെട്ട രോഹിത്, ഹാർദിക് പാണ്ഡ്യയ്ക്കു കീഴിൽ കളിച്ചിരുന്നു. പുതിയ സീസണിൽ താരം മറ്റേതെങ്കിലും ക്ലബ്ബുകളിലേക്കു മാറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
‘‘ഇനിയൊരു തലവേദനയും എനിക്കു വേണ്ട എന്നാകും രോഹിത് ചിന്തിക്കുക. ഞാൻ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു. പല തവണ മുംബൈ ഇന്ത്യൻസിനേയും നയിച്ചു. ഇനി ഞാൻ ക്യാപ്റ്റൻ അല്ലെങ്കിലും മുംബൈയിൽ തന്നെ കളിക്കും. എന്നായിരിക്കും രോഹിത് ശർമ ഇനി ചിന്തിക്കുക. ഒരു ഘട്ടം കഴിഞ്ഞാല്‍ ചില താരങ്ങൾക്കു പണം വിഷമാകാറില്ല.’’– അശ്വിൻ വ്യക്തമാക്കി. ഏതൊക്കെ താരങ്ങളെയാണ് അടുത്ത സീസണിൽ നിലനിർത്തുകയെന്ന് മുംബൈ ടീം മാനേജ്മെന്റ് ഇതുവരെ തീരുമാനിച്ചിട്ടില്ല.
ക്യാപ്റ്റനല്ലാതെ കളിച്ച കഴിഞ്ഞ സീസണിൽ 150 സ്ട്രൈക്ക് റേറ്റിൽ 417 റൺസ് സ്കോർ ചെയ്യാൻ രോഹിത് ശർമയ്ക്കു സാധിച്ചിട്ടുണ്ട്. ഒരു സെഞ്ചറിയും ഒരു അര്‍ധ സെഞ്ചറിയും നേടി രോഹിത് തിളങ്ങിയെങ്കിലും മുംബൈ ഇന്ത്യൻസ് അവസാന സ്ഥാനക്കാരായാണ് കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്. 2025 ഐപിഎല്ലിലും ഹാർദിക് പാണ്ഡ്യ തന്നെയായിരിക്കും മുംബൈ ക്യാപ്റ്റൻ. മെഗാലേലത്തിൽ പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് മുംബൈ.