സമ്മർദ്ദ ഘട്ടത്തിൽ തകർത്തടിച്ച് ക്യാപ്റ്റൻ ബാസിത് (22 പന്തിൽ 50*); കാലിക്കറ്റിനെ വീഴ്ത്തി ട്രിവാൻഡ്രം റോയൽസ്
Mail This Article
തിരുവനന്തപുരം∙ സമ്മർദ്ദ ഘട്ടത്തിൽ തകർത്തടിച്ച് അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ അബ്ദുൽ ബാസിതിന്റെ ബാറ്റിങ് കരുത്തിൽ, കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിന് തകർപ്പൻ ജയം. ആവേശകരമായ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ അഞ്ച് വിക്കറ്റിനാണ് ട്രിവാൻഡ്രം റോയൽസ് തകർത്തത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത കാലിക്കറ്റ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 144 റൺസ്. മറുപടി ബാറ്റിങ്ങിൽ 11 പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ റോയൽസ് ലക്ഷ്യത്തിലെത്തി.
സീസണിൽ റോയൽസിന്റെ രണ്ടാം ജയവും കാലിക്കറ്റിന്റെ രണ്ടാം തോൽവിയുമാണിത്. വിജയത്തോടെ റോയൽസ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കു കയറി. കാലിക്കറ്റ് രണ്ടു പോയിന്റുമായി അവസാന സ്ഥാനത്തായി.
അവസാന നാല് ഓവറിൽ റോയൽസിന് വിജയത്തിലേക്കു വേണ്ടിയിരുന്നത് 43 റൺസാണ്. കൈവശം ബാക്കിയുണ്ടായിരുന്നത് അഞ്ച് വിക്കറ്റും. മത്സരത്തിൽ വിജയസാധ്യതയുണ്ടെന്ന കാലിക്കറ്റിന്റെ കണക്കുകൂട്ടലുകളെല്ലാം എം. നിഖിൽ എറിഞ്ഞ 18–ാം ഓവറിൽ റോയൽസ് നായകൻ അബ്ദുൽ ബാസിത് തെറ്റിച്ചു. ഈ ഓവറിൽ നാലു പടുകൂറ്റൻ സിക്സറുകളുടെ അകമ്പടിയോടെ ബാസിത് അടിച്ചുകൂട്ടിയത് 26 റൺസ്! ഫലം, 11 പന്തു ബാക്കിനിൽക്കെ തന്നെ റോയൽസ് ലക്ഷ്യത്തിലെത്തി.
ബാസിത് 22 പന്തിൽ രണ്ടു ഫോറും അഞ്ച് സിക്സും സഹിതം 50 റൺസുമായി പുറത്താകാതെ നിന്നു. എം.എസ്.അഖിൽ എട്ടു പന്തിൽ ഒരു ഫോർ സഹിതം ഒൻപതു റൺസോടെയും പുറത്താകാതെ നിന്നു. ഓപ്പണർ റിയാ ബഷീർ (26 പന്തിൽ 38), ഗോവിന്ദ് പൈ (34 പന്തിൽ 35) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. കാലിക്കറ്റിനായി അഖിൽ സ്കറിയ, അഖിൽ ദേവ്, എം. നിഖിൽ, അഭിജിത് പ്രവീൺ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ, അർധസെഞ്ചറി നേടിയ സൽമാൻ നിസാറിന്റെ മികവിലാണ് കാലിക്കറ്റ് ഭേദപ്പെട്ട സ്കോറിലെത്തിയത്. നിസാർ 48 പന്തിൽ രണ്ടു ഫോറും ആറു സിക്സും സഹിതം 72 റൺസുമായി പുറത്താകാതെ നിന്നു. എം. അജിനാസ് 12 പന്തിൽ 21 റൺസെടുത്ത് പുറത്തായി. അഭിജിത് പ്രവീൺ 12 പന്തിൽ 14 റൺസുമായി അവസാന പന്തിൽ റണ്ണൗട്ടായി. 19 പന്തിൽ 18 റൺസെടുത്ത സഞ്ജയ് റായിയാണ് ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ച മറ്റൊരു താരം.
റോയൽസിനായി ശ്രീഹരി നായർ നാല് ഓവറിൽ 30 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ടി.എസ്. വിനിൽ, എം.എസ്. അഖിൽ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.