രണ്ടാഴ്ചയ്ക്കിടെ സിറാജിന്റെ പേരിൽ 2 പ്രണയ ഗോസിപ്പുകൾ; ആദ്യം ആശ ഭോസ്ലെയുടെ കൊച്ചുമകൾ, പിന്നാലെ ടിവി താരം മഹിര ശർമ!

Mail This Article
ഹൈദരാബാദ്∙ രണ്ടാഴ്ചയുടെ ഇടവേളയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്റെ പേരിൽ രണ്ട് പ്രണയ ഗോസിപ്പുകൾ. ടെലിവിഷൻ റിയാലിറ്റി ഷോ ബിഗ് ബോസ്സിലൂടെ ശ്രദ്ധ നേടിയ ടിവി താരം മഹിര ശർമ, പ്രശസ്ത ഗായിക ആശ ഭോസ്‌ലെയുടെ കൊച്ചുമകളും ഗായികയുമായ സനായ് ഭോസ്‍ലെ എന്നിവരുമായി ചേർത്താണ് മുഹമ്മദ് സിറാജിന്റെ പേരിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്. മഹിര ശർമയുമായി പ്രണയത്തിലാണെന്ന വാർത്ത അവരുടെ അമ്മ തന്നെ നിഷേധിച്ചപ്പോൾ, സനായ് ഭോസ്‍ലെ സഹോദരിയെപ്പോലെയാണെന്ന് വ്യക്തമാക്കി മുഹമ്മദ് സിറാജ് തന്നെ ഗോസിപ്പ് വഴിതിരിച്ചുവിട്ടു.
ആശ ഭോസ്‍ലെയുടെ കൊച്ചുമകളുമായി ചേർത്താണ് ഇന്ത്യൻ താരത്തിന്റെ പേരിൽ ആദ്യം ഗോസിപ്പുകൾ പ്രചരിച്ചത്. സനായ് ഭോസ്‌ലെ തന്റെ 23–ാം ജൻമദിനാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചപ്പോൾ, മുഹമ്മദ് സിറാജിനൊപ്പമുള്ള ചിത്രം കൂടി പങ്കുവച്ചതാണ് ഗോസിപ്പുകൾക്ക് നിറം നൽകിയത്. മറ്റൊരു ഇന്ത്യൻ താരം ശ്രേയസ് അയ്യർ ഉൾപ്പെടെയുള്ളവർക്കൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോ പങ്കുവച്ച സനായ്, മുഹമ്മദ് സിറാജ് മാത്രമുള്ള ചിത്രം പങ്കുവച്ചതോടെയാണ് ഗോസിപ്പുകൾ പ്രചരിച്ചത്.
പുഞ്ചിരിയോടെ പരസ്പരം മുഖത്തോടു മുഖം നോക്കിയിരിക്കുന്ന ചിത്രമാണ് സനായ് പങ്കുവച്ചത്. സാക്ഷാൽ ആശ ഭോസ്‍ലെ, ബോളിവുഡ് താരം ജാക്കി ഷ്റോഫ്, ക്രിക്കറ്റ് താരങ്ങളായ ശ്രേയസ് അയ്യർ, സിദ്ധേഷ് ലാഡ് തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങളും സനായ് പങ്കുവച്ചെങ്കിലും, വാർത്തകളിൽ നിറഞ്ഞത് മുഹമ്മദ് സിറാജിനൊപ്പമുള്ള ഫോട്ടോ. അഭ്യൂഹങ്ങൾ പ്രചരിക്കുമ്പോഴും ആദ്യം നിശബ്ദത പാലിച്ച ഇരുവരും, പിന്നീട് സഹോദര തുല്യരാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയതോടെ ഗോസിപ്പുകൾക്ക് താൽക്കാലിക വിരാമമായി.
ഇതിനു പിന്നാലെയാണ് ടിവി താരം മഹിര ശർമയും മുഹമ്മദ് സിറാജും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹം പ്രചരിച്ചത്. ഇരുവരും പരസ്പരം മനസ്സിലാക്കി വരികയാണെന്നും, സമൂഹമാധ്യമങ്ങളിൽ പരസ്പരം ഫോളോ ചെയ്യുന്നുണ്ടെന്നും ഉൾപ്പെടെയുള്ള ‘കണ്ടെത്തലുകളോടെ’യാണ് ഗോസിപ്പുകൾ പറപറന്നത്.
ഇതിനു പിന്നാലെ എല്ലാ അഭ്യൂഹങ്ങളും നിഷേധിച്ച് മഹിരയുടെ മാതാവ് സാനിയ ശർമ രംഗത്തെത്തി.
‘‘നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത്? ഈ പറയുന്നതിൽ യാതൊരു വാസ്തവവുമില്ല. ആളുകൾക്ക് എന്തും പറയാം. എന്റെ മകൾ ഒരു സെലബ്രിറ്റിയാണ്. അവളെ മറ്റാരുമായും ചേർത്ത് ഇത്തരം ഗോസിപ്പുകൾ വരാം. അതുകൊണ്ട് ഇതെല്ലാം വിശ്വസനീയമാകുമോ? ഈ വാർത്ത പൂർണമായും തെറ്റാണ്’ – സാനിയ ശർമ പറഞ്ഞു.