ഗില്ലിനെ സെഞ്ചറിയടിക്കാൻ സഹായിക്കാനാണോ ടീമിലെടുത്തത്?: രാഹുലിന്റെ ‘സഹായ മനസ്സിന്’ ഗാവസ്കറിന്റെ രൂക്ഷ വിമർശനം

Mail This Article
നാഗ്പുർ∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ശുഭ്മൻ ഗില്ലിനു സെഞ്ചറി തികയ്ക്കുന്നതിനായി അമിത പ്രതിരോധത്തിലൂന്നിക്കളിച്ച കെ.എൽ. രാഹുലിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. ക്രിക്കറ്റ് എന്നത് ഒരു ടീം ഗെയിമാണെന്ന് ഗാവസ്കർ ഓർമിപ്പിച്ചു. അവിടെ വ്യക്തിഗത നാഴികക്കല്ലുകൾക്കു പ്രാധാന്യമില്ലെന്നും, ഓരോരുത്തരും അവരവരുടെ സ്വാഭാവിക ശൈലിയിൽ കളിക്കുകയാണ് പ്രധാനമെന്നും ഗാവസ്കർ ചൂണ്ടിക്കാട്ടി.
‘‘രാഹുൽ അദ്ദേഹത്തിന്റെ സ്വാഭാവികമായ ശൈലിയിലാണ് കളിക്കേണ്ടത്. നാഗ്പുരിൽ രാഹുൽ എന്താണ് ചെയ്തത്? തന്റെ സഹതാരത്തിന് സെഞ്ചറി തികയ്‌ക്കാൻ അവസരമൊരുക്കുന്നതിന് പന്തുകൾ കളിക്കാതെ വിട്ടു. എന്നിട്ട് എന്താണ് സംഭവിച്ചതെന്നു നോക്കൂ.’ – ഗാവസ്കർ പറഞ്ഞു.
‘‘ഇതൊരു ടീം ഗെയിമാണ്. അവിടെ വ്യക്തിഗത നേട്ടങ്ങൾക്ക് കുടപിടിക്കാൻ നിൽക്കേണ്ട ആവശ്യമില്ല. സ്വന്തം ശൈലിയിൽ ബാറ്റു ചെയ്യുന്നതിനു പകരം കൂട്ടുകാരന് സെഞ്ചറിയടിക്കാൻ കൂട്ടുനിൽക്കാനാണ് രാഹുൽ ശ്രമിച്ചത്. അതുകൊണ്ടാണ് അർധമനസോടെ ആ ഷോട്ട് കളിച്ചതും പുറത്തായതും’ – ഗാവസ്കർ ചൂണ്ടിക്കാട്ടി.
മത്സരത്തിൽ ആറാമനായി ബാറ്റിങ്ങിന് ഇറങ്ങിയ രാഹുൽ ഒൻപതു പന്തിൽ രണ്ടു റൺസെടുത്ത് പുറത്തായിരുന്നു. രാഹുൽ സെഞ്ചറി തികയ്ക്കുന്നതിന് സഹായിക്കാൻ ശ്രമിച്ച ശുഭ്മൻ ഗിൽ 87 റൺസെടുത്തും പുറത്തായി. 96 പന്തിൽ 14 ഫോറുകൾ സഹിതമാണ് ഗിൽ 87 റൺസെടുത്തത്.
ഗില്ലിനൊപ്പം സെഞ്ചറി കൂട്ടുകെട്ട് തീർത്ത അക്ഷർ പട്ടേൽ 34–ാം ഓവറിലെ നാലാം പന്തിൽ പുറത്താകുമ്പോൾ വിജയത്തിൽനിന്ന് 28 റൺസ് അകലെയായിരുന്നു ഇന്ത്യ. ഈ ഘട്ടത്തിൽ ഗില്ലിന് സെഞ്ചറിയിലേക്ക് വേണ്ടിയിരുന്നത് 19 റൺസും. തുടർന്ന് ക്രീസിലെത്തിയ കെ.എൽ. രാഹുൽ വളരെ സാവധാനമാണ് കളിച്ചത്.
ഒരറ്റത്ത് പിടിച്ചുനിന്ന് ഗില്ലിന് സെഞ്ചറി തികയ്ക്കാൻ അവസരമൊരുക്കാൻ ശ്രമിച്ച രാഹുൽ ഒടുവിൽ ആദിൽ റഷീദിന്റെ പന്തിൽ പുറത്തായി. ആദിലിന്റെ പന്തിൽ അദ്ദേഹത്തിനു തന്നെ അനായാസ ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോൾ രാഹുലിന്റെ സമ്പാദ്യം ഒൻപതു പന്തിൽ രണ്ടു റൺസ് മാത്രം. ഇതോടെയാണ് ഗാവസ്കർ വിമർശനവുമായി രംഗത്തെത്തിയത്.