വൻ ലൈറ്റ് ഷോയുമായി ഗദ്ദാഫി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം; തൊട്ടുപിന്നാലെ ‘ലൈറ്റ’ടിച്ച് കാഴ്ച മറഞ്ഞ് രചിന് പരുക്ക്– വിഡിയോ

Mail This Article
ലഹോർ∙ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഉൾപ്പെടെ പങ്കെടുത്ത ഉദ്ഘാടന മാമാങ്കത്തിനൊടുവിൽ തുറന്നുകൊടുത്ത ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ, ആദ്യ മത്സരത്തിൽത്തന്നെ ഫ്ലഡ്‌ലൈറ്റ് സംവിധാനത്തിന്റെ പിഴവിൽ കാഴ്ച മറഞ്ഞ് ന്യൂസീലൻഡ് താരത്തിന് പരുക്കേറ്റത് പാക്കിസ്ഥാന് നാണക്കേടായി. നവീകരിച്ച സ്റ്റേഡിയത്തിൽ ആദ്യമായി നടന്ന ന്യൂസീലൻഡ് – പാക്കിസ്ഥാൻ മത്സരത്തിനിടെയാണ്, ക്യാച്ചെടുക്കാനുള്ള ശ്രമത്തിൽ ന്യൂസീലൻഡ് താരം രചിൻ രവീന്ദ്രയ്‌ക്ക് പരുക്കേറ്റത്.
ലൈറ്റ് ഷോ ഉൾപ്പെടെ ‘വൻ ഷോ’യിൽ ഉദ്ഘാടനം ചെയ്ത സ്റ്റേഡിയത്തിൽ, ലൈറ്റിന്റെ പ്രശ്നം കൊണ്ടുതന്നെ താരത്തിനു പരുക്കേറ്റത് വലിയ ട്രോളുകൾക്കും കാരണമായി. പ്രധാനമന്ത്രിക്കു പുറമേ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ്, പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വി തുടങ്ങിയവരും പങ്കെടുത്ത ചടങ്ങിലായിരുന്നു ഉദ്ഘാടനം.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 330 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ ഇന്നിങ്സിലെ 38–ാം ഓവറിലാണ് രചിൻ രവീന്ദ്രയ്ക്ക് പരുക്കേറ്റ സംഭവമുണ്ടായത്. മൈക്കൽ ബ്രേസ്‌വെൽ എറിഞ്ഞ ഈ ഓവറിലെ മൂന്നാം പന്തിൽ ഖുഷ്ദിൽ ഷായുടെ ഷോട്ട് കയ്യിലൊതുക്കാനുള്ള ശ്രമമാണ് അപകടത്തിൽ കലാശിച്ചത്.
ബ്രേസ്‌വെലിന്റെ ഷോർട്ട് ബോള്‍ പുൾ ചെയ്ത് ബൗണ്ടറി കടത്താനുള്ള ഖുഷ്ദിൽ ഷായുടെ ശ്രമത്തിനിടെ പന്ത് ഉയർന്നുപൊങ്ങി. ഡീപ് ബാക്ക്‌വേഡ് സ്ക്വയർ ലെഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന രചിൻ രവീന്ദ്ര പന്ത് കയ്യിലൊതുക്കാൻ ശ്രമിച്ചെങ്കിലും, പന്ത് കൃത്യമായി കാണാനായില്ല. ലൈറ്റ് കണ്ണിലടിച്ച് കാഴ്ച മറഞ്ഞതോടെ പന്ത് നേരെ വന്നുവീണത് രചിന്റെ മുഖത്ത്. വേദനയോടെ താരം നിലത്തേക്ക് കിടക്കുമ്പോൾ സ്റ്റേഡിയം ഒന്നടങ്കം നിശബ്ദമായി.
ഉടൻതന്നെ ഫിസിയോ ഉൾപ്പെടെയുള്ളവർ രവീന്ദ്രയെ സഹായിക്കാനായി ഗ്രൗണ്ടിലേക്ക് ഓടിയെത്തി. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ കാണികൾ ഉൾപ്പെടെ അന്തിച്ച് നിൽക്കുമ്പോൾ, ചോരയൊലിപ്പിക്കുന്ന മുഖവുമായി രചിൻ നിലത്തിരുന്ന് വേദനകൊണ്ടു പുളയുന്നുണ്ടായിരുന്നു. ഒടുവിൽ ഐസ്പായ്‌ക്ക് മുഖത്തുവച്ച് രക്തപ്രവാഹം തൽക്കാലത്തേക്ക് തടഞ്ഞശേഷം, വലിയ ടവൽ കൊണ്ട് മുഖം പൊത്തിയാണ് രചിൻ രവീന്ദ്രയെ സ്റ്റേഡിയത്തിനു പുറത്തേക്കു കൊണ്ടുപോയത്.