46 ഓവർ പൂർത്തിയാകുമ്പോൾ ഗ്ലെൻ ഫിലിപ്സ് 54 പന്തിൽ 48 റൺസ്, 50 ഓവറാകുമ്പോൾ 74 പന്തിൽ 106*; ലഹോറിലെ ‘പാക്ക് വധം’– വിഡിയോ

Mail This Article
ലഹോർ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന് ആതിഥ്യം വഹിക്കുന്ന പാക്കിസ്ഥാന്, ടൂർണമെന്റിനു മുൻപേ ന്യൂസീലൻഡിന്റെ വക സ്വന്തം നാട്ടിൽ ഒരു ‘ഷോക്ക് ട്രീറ്റ്മെന്റ്’! ചാംപ്യൻസ് ട്രോഫിക്കു മുന്നോടിയായി സംഘടിപ്പിക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡ് പാക്കിസ്ഥാനെ 78 റൺസിന് തോൽപ്പിച്ചു. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തത് 330 റൺസ്. പാക്കിസ്ഥാന്റെ മറുപടി 47.5 ഓവറിൽ 252 റൺസിൽ അവസാനിച്ചു. തകർത്തടിച്ച് ഏകദിനത്തിലെ കന്നി സെഞ്ചറി നേടിയ ന്യൂസീലൻഡിന്റെ മധ്യനിര താരം ഗ്ലെൻ ഫിലിപ്സാണ് കളിയിലെ കേമൻ. ഫിലിപ്സ് പിന്നീട് ഒരു വിക്കറ്റും വീഴ്ത്തി.
ന്യൂസീലൻഡ് ഇന്നിങ്സിലെ അവസാന ഓവറുകളിൽ ഗ്ലെൻ ഫിലിപ്സ് പുറത്തെടുത്ത ഐതിഹാസിക ബാറ്റിങ് പ്രകടനമാണ് ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ന്യൂസീലൻഡിന് അനായാസ വിജയം സമ്മാനിച്ചത്. മത്സരം 47–ാം ഓവറിലേക്ക് കടക്കുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 259 റൺസ് എന് നിലയിലായിരുന്നു ന്യൂസീലൻഡ്. ഫിലിപ്സ് 54 പന്തിൽ 48 റൺസോടെയും ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ഒരു റണ്ണോടെയും ക്രീസിൽ.
ഇരുവർക്കും ചേർന്ന് ന്യൂസീലൻഡിനെ 300 കടത്താനാകുമോ എന്ന ചോദ്യം ഉയരുന്നതിനിടെയാണ് ഫിലിപ്സ് വിശ്വരൂപം പൂണ്ടത്. ലോകത്തിലെ ഏറ്റവും മികച്ച പേസ് ബോളർമാരു ഗണത്തിൽപ്പെടുന്ന ഷഹീൻ അഫ്രീദിയും നസീം ഷായും ചേർന്ന് എറിഞ്ഞ അവസാന നാല് ഓവറിൽ ഫിലിപ്സിന്റെ നേതൃത്വത്തിൽ കിവീസ് അടിച്ചെടുത്തത് 71 റൺസാണ്! ട്വന്റി20 മത്സരത്തെപ്പോലും നാണിപ്പിക്കുന്ന അടി!
ഫലമോ, 46 ഓവർ പൂർത്തിയാകുമ്പോൾ 54 പന്തിൽ 48 റൺസുമായി ക്രീസിലുണ്ടായിരുന്ന ഗ്ലെൻ ഫിലിപ്സ്, 50 ഓവർ പൂർത്തിയാകുമ്പോൾ 74 പന്തിൽ 106 റൺസുമായി പുറത്താകാതെ നിന്നു! സാന്റ്നർ അഞ്ച് പന്തിൽ എട്ടു റൺസോടെയും കൂട്ടുനിന്നു. അർധസെഞ്ചറിയിൽനിന്ന് സെഞ്ചറിയിലേക്കെത്താൻ ഫിലിപ്സിനു വേണ്ടിവന്നത് വെറും 17 പന്തു മാത്രം!
നസീം ഷാ എറിഞ്ഞ 47–ാം ഓവറിൽ ഒരു ഫോറും മൂന്നു ഡബിളും സഹിതം 12 റൺസടിച്ചാണ് ഫിലിപ്സ് ആക്രമണത്തിനു തുടക്കമിട്ടത്. ഇതിനിടെ 55 പന്തിൽ അർധസെഞ്ചറിയും പൂർത്തിയാക്കി. 48–ാം ഓവർ എറിയാനെത്തിയ ഷഹീൻ അഫ്രീദിയെ കടന്നാക്രമിച്ച് ഫിലിപ്സ് സ്കോറുയർത്തി. ഈ ഓവറിൽ ഇരട്ട സിക്സർ സഹിതം അടിച്ചെടുത്തത് 17 റൺസ്. നസീം ഷാ എറിഞ്ഞ 19–ാം ഓവറിലും പിറന്നത് 17 റൺസ്. അതിൽ ഒരു സിക്സും രണ്ടു ഫോറും ഉൾപ്പെടുന്നു.
ഷഹീൻ അഫ്രീദി എറിഞ്ഞ അവസാന ഓവറിൽ ഗ്ലെൻ ഫിലിപ്സിന്റെ ഐതിഹാസിക ഇന്നിങ്സ് നാടകീയ ക്ലൈമാക്സിലെത്തി. ഇരട്ട വൈഡുമായി അഫ്രീദി തുടക്കമിട്ട ഈ ഓവറിൽ രണ്ടു ഫോറും രണ്ടു സിക്സും സഹിതം ആകെ പിറന്നത് 25 റൺസ്! ഇതിനിടെ 72 പന്തിൽ ഫിലിപ്സ് സെഞ്ചറി പൂർത്തിയാക്കി. ആകെ 74 പന്തിൽ ആറു ഫോറും ഏഴു സിക്സും സഹിതം 106 റൺസുമായി ഫിലിപ്സ് പുറത്താകാതെ നിന്നു.
ഫിലിപ്സിനു പുറമേ ഡാരിൽ മിച്ചൽ (84 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതം 81), കെയ്ൻ വില്യംസൻ (89 പന്തിൽ ഏഴു ഫോറുകളോടെ 38) എന്നിവരുടെ അർധസെഞ്ചറികളും കിവീസിന് കരുത്തായി. ഓപ്പണർ രചിൻ രവീന്ദ്ര (19 പന്തിൽ അഞ്ച് ഫോറുകളോടെ 25), മൈക്കൽ ബ്രേസ്‌വെൽ (23 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 31) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. പാക്കിസ്ഥാനായി അഫ്രീദി 10 ഓവറിൽ 88 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. അബ്രാർ അഹമ്മദ് 10 ഓവറിൽ 41 റൺസ് വഴങ്ങി രണ്ടു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ നിരയിൽ തിളങ്ങിയത് ഓപ്പണർ ഫഖർ സമാൻ. 69 പന്തിൽ ഏഴു ഫോറും നാലു സിക്സും സഹിതം 84 റൺസെടുത്താണ് താരം പുറത്തായത്. സൽമാൻ ആഗ (51 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 40), തയ്യബ് താഹിർ (29 പന്തിൽ നാലു ഫോറുകളോടെ 30), അബ്ഹരാർ അഹമ്മദ് (15 പന്തിൽ നാലു ഫോറുകളോടെ പുറത്താകാതെ 230 എന്നിവരും തിളങ്ങി. കിവീസിനായി ക്യാപ്റ്റൻ സാന്റ്നർ 10 ഓവറിൽ 41 റൺസ് വഴങ്ങിയും മാറ്റ് ഹെൻറി 9.5 ഓവറിൽ 53 റൺസ് വഴങ്ങിയും 3 വിക്കറ്റ് വീതം വീഴ്ത്തി.