യുസ്‌വേന്ദ്ര ചെഹൽ ഭാര്യ ധനശ്രീക്ക് ജീവനാംശമായി നൽകുക 60 കോടിയോളം രൂപ?; വീണ്ടും സജീവമായി വിവാഹമോചന വാർത്തകൾ

Mail This Article
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹലും നടിയും നർത്തകിയുമായ ധനശ്രീ വർമയും വിവാഹമോചിതരാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ, വിവാഹമോചന കരാറിന്റെ ഭാഗമായി ഏതാണ്ട് 60 കോടിയോളം രൂപ ചെഹൽ ധനശ്രീക്ക് നൽകുമെന്ന് സൂചന. കഴിഞ്ഞ വർഷം അവസാനത്തോടെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചൂടുള്ള ചർച്ചയായി മാറിയ ചെഹൽ – ധനശ്രീ വിവാഹമോചന അഭ്യൂഹങ്ങൾക്ക് പുതിയ മാനം നൽകിയാണ്, 60 കോടിയോളം രൂപ ചെഹൽ ജീവനാംശമായി നൽകുമെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. 2020ലാണ് ധനശ്രീയും ചെഹലും വിവാഹിതരായത്. ചെഹലിനും ധനശ്രീക്കും ഇടയിൽ അസ്വാരസ്യങ്ങളുള്ളതായി ഏതാനും മാസങ്ങളായി സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.
അഭ്യൂഹങ്ങൾ സകല സീമകളും ലംഘിച്ചതോടെ പരോക്ഷ പ്രതികരണവുമായി ചെഹലും ധനശ്രീയും രംഗത്തെത്തിയിരുന്നു. ‘എല്ലാ ബഹളങ്ങൾക്കും മീതെ ശ്രവണശക്തിയുള്ളവരെ സംബന്ധിച്ച്, നിശബ്ദത അഗാധമായ ഒരു ഈണമാണ്’ എന്ന സോക്രട്ടീസിന്റെ വാക്കുകൾ പങ്കുവച്ചായിരുന്നു ചെഹലിന്റെ പ്രതികരണം. മകൻ, സഹോദരൻ, സുഹൃത്ത് എന്നീ നിലകളിൽ, ഊഹാപോഹങ്ങൾ അനാവശ്യമായി പ്രചരിപ്പിക്കുന്നതിൽനിന്ന് പിന്തിരിയണമെന്ന് ചെഹൽ ആവശ്യപ്പെട്ടിരുന്നു. ഇവ തനിക്കും കുടുംബത്തിനും കടുത്ത വേദനയുളവാക്കുന്നുവെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
സമൂഹമാധ്യമത്തിൽ പങ്കുവച്ച സാമാന്യം സുദീർഘമായ പോസ്റ്റിലൂടെയാണ് വിവാഹ മോചന വാർത്തകളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവരെ ധനശ്രീ വിമർശിച്ചത്. സത്യം എക്കാലവും അതേപടി നിലനിൽക്കുമെന്നും ധനശ്രീ കുറിച്ചു. ആളുകൾ സത്യം മനസ്സിലാക്കാതെ നിഷ്കരുണം സ്വഭാവഹത്യ നടത്തുകയാണെന്നും ധനശ്രീ വർമ തുറന്നടിച്ചു.
‘‘കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത വെല്ലുവിളികളിലൂടെയാണ് ഞാനും എന്റെ കുടുംബവും കടന്നുപോകുന്നത്. സത്യം മനസ്സിലാക്കാതെയും അതിനായി ശ്രമിക്കാതെയും യാതൊരു അടിസ്ഥാനവുമില്ലാതെ പടച്ചുവിടുന്ന കാര്യങ്ങളാണ് ഞങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പേരുപോലുമില്ലാത്തവർ ട്രോളുകളിലൂടെയും മറ്റും വിദ്വേഷം പ്രചരിപ്പിച്ച് എനിക്കെതിരെ നീങ്ങുകയും സ്വഭാവഹത്യ നടത്തുകയുമാണ്.’’ – ധനശ്രീ കുറിച്ചു.
‘‘എത്രയോ വർഷങ്ങൾ കഠിനാധ്വാനം ചെയ്താണ് ഞാൻ ഇപ്പോഴത്തെ നിലയിലെത്തിയത്. ഈ ഘട്ടത്തിൽ ഇതുവരെ ഞാൻ പുലർത്തിയ നിശബ്ദത എന്റെ ദൗർബല്യമായി കാണരുത്. അത് എന്റെ കരുത്തു തന്നെയാണ്. മോശം കാര്യങ്ങൾ ഓൺലൈനായി അതിവേഗം പ്രചരിക്കുമ്പോൾ, മറ്റുള്ളവർക്കു പരിഗണന നൽകണമെങ്കിൽ അസാമാന്യമായ ധൈര്യവും കരുണയും വേണം.’’
‘‘എനിക്കൊപ്പമുള്ള സത്യത്തിൽ മാത്രം ശ്രദ്ധിച്ച് ഞാൻ വിശ്വസിക്കുന്ന മൂല്യങ്ങൾ മുറുകെപ്പിടിച്ച് മുന്നോട്ടു പോകാനാണ് എന്റെ തീരുമാനം. പ്രത്യേകിച്ച് ന്യായീകരണങ്ങളൊന്നുമില്ലാതെ തന്നെ സത്യം എക്കാലവും അതേപടി നിലനിൽക്കും. ഓം നമഃ ശിവായ’’ – ധനശ്രീ കുറിച്ചു.
കുറച്ചുകാലമായി ഇന്ത്യൻ ദേശീയ ടീമിൽ അംഗമല്ലാത്ത യുസ്‌വേന്ദ്ര ചെഹൽ, ഹരിയാനയ്‌ക്കായി ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിരുന്നു. അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യൻ പ്രിമിയർ ലീഗിന്റെ പുതിയ പതിപ്പിൽ, ഏറ്റവും വിലയേറിയ താരങ്ങളിൽ ഒരാളായാണ് ചെഹൽ കളത്തിലിറങ്ങുക. കഴിഞ്ഞ വർഷം നടന്ന ഐപിഎൽ മെഗാ താരലേലത്തിൽ രാജസ്ഥാൻ റോയൽസ് കൈവിട്ട ചെഹലിനെ, 18 കോടി രൂപയ‌്ക്കാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്.