‘ക്രീസ് വിട്ടിറങ്ങാൻ തോന്നുമ്പോൾ കോച്ചിന്റെ മുഖം ഓർക്കും; ഗുജറാത്ത് താരങ്ങൾ അസ്വസ്ഥരാകുന്നതു കാണുമ്പോൾ കളിക്കാൻ രസം’

Mail This Article
അഹമ്മദാബാദ് ∙ അസ്ഹർ (ജൂനിയർ) എന്നാണ് മുഹമ്മദ് അസ്റുദീന്റെ ജഴ്സിയിലെ പേര്. എട്ടാമനായി ജനിച്ച മകന് മാതാപിതാക്കളായ ബി.കെ.മൊയ്തുവും നഫീസയും ചേർന്നിട്ട പേര് അജ്മൽ എന്നായിരുന്നു. ക്രിക്കറ്റ് തലയ്ക്കു പിടിച്ച സഹോദരൻമാർ ഇന്ത്യയുടെ മുൻ ക്യാപ്റ്റനോടുള്ള ആരാധന കൊണ്ട് അത് മുഹമ്മദ് അസ്ഹറുദീനാക്കി മാറ്റി.
ചേട്ടൻമാരുടെ പ്രതീക്ഷ കാത്ത അനുജൻ ഇന്നലെ രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ ആദ്യ സെഞ്ചറി നേടുന്ന കേരള താരമായി മാറുമ്പോൾ അതിവേഗ സ്കോറിങ് മാത്രം വശമുള്ള, വൈറ്റ് ബോൾ പ്ലെയർ എന്ന വിശേഷണം കൂടിയാണ് തിരുത്തിക്കുറിക്കുന്നത്.
പന്തെണ്ണം നോക്കിയാൽ ഗുജറാത്തിനെ ഇതുവരെ അൻപതിലേറെ ഓവറാണ് അസ്ഹർ കളിച്ചത്. 303 പന്തിൽ 17 ഫോറുകൾ സഹിതം 149 റൺസ്. കാസർകോട് തളങ്കര സ്വദേശിയായ അസ്ഹറുദീൻ സംസാരിക്കുന്നു..
∙ പതിവ് ആക്രമണ ശൈലിയിൽ അല്ലല്ലോ ബാറ്റിങ്?
നന്ദി പറയേണ്ടത് കോച്ച് അമയ് ഖുറേസിയ സാറിനോടാണ്. ഇടയ്ക്ക് ക്രീസ് വിട്ടിറങ്ങി ബാറ്റു ചെയ്യാനൊക്കെ തോന്നും. അതു കോച്ചിനു മനസ്സിലാകും. ഇടവേളയിൽ വെള്ളവുമായി ഗ്രൗണ്ടിലേക്ക് വരുന്ന ആളുടെ കയ്യിൽ കോച്ചിന്റെ കുറിപ്പുണ്ടാകും. ക്രീസിൽ നിൽക്കുന്ന നമ്മുടെ മാനസികാവസ്ഥയും ചിന്തയും അദ്ദേഹം കൃത്യമായി മനസ്സിലാക്കും. കളിക്കാരുടെ സെഞ്ചറിയോ വിക്കറ്റോ ഒന്നുമല്ല ടീമിന്റെ പ്ലാൻ നടപ്പാക്കുക എന്നതാണ് അദ്ദേഹത്തിന് പ്രധാനം. അത് തെറ്റിക്കുന്നത് ഇഷ്ടവുമല്ല.
∙ എന്താണ് കേരളത്തിന്റെ കണക്കുകൂട്ടൽ?
രണ്ടാം ദിനം ഉച്ചയ്ക്കു ശേഷം സ്പിന്നർമാർക്ക് ടേൺ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. അത് സ്കോറിങ്ങിനെ ബാധിക്കും. വിക്കറ്റ് വിണ്ടു കീറിയിട്ടില്ലെങ്കിലും പൊടി ഇളകുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ ടേൺ ലഭിക്കുമെന്നാണ് കരുതുന്നത്. ജലജിനും സർവതെയ്ക്കും അതു മുതലാക്കാനാകും.
∙ സൽമാനുമായുള്ള കൂട്ടുകെട്ടിന്റെ കെമിസ്ട്രി എന്താണ്?
20 വയസ്സു മുതൽ ഒരുമിച്ചു കളിക്കുന്നവരാണ് ഞങ്ങൾ. ഗ്രൗണ്ടിൽ ഒരു നോട്ടം കൊണ്ടു തന്നെ പരസ്പരം മനസ്സിലാക്കുന്നവർ. പിന്നെ ഗുജറാത്ത് താരങ്ങളുടെ അസ്വസ്ഥത ഏറുന്നത് കാണുമ്പോൾ കളിക്കാൻ ഒരു രസമാണ്.