നിയന്ത്രണത്തിൽ ഇളവുമായി ബിസിസിഐ; കളിക്കാർക്ക് ഭാര്യമാരെ ചാംപ്യൻസ് ട്രോഫിക്കു കൊണ്ടുപോകാം, പക്ഷേ ഒരു ‘കണ്ടിഷനു’ണ്ട്!

Mail This Article
മുംബൈ∙ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമംഗങ്ങൾ ഭാര്യമാർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ഒപ്പം കൂട്ടുന്നത് വിലക്കിയ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് ഒടുവിൽ മനംമാറ്റം. ദുബായിൽ നടക്കുന്ന ടൂർണമെന്റിൽ താരങ്ങൾക്ക് ഭാര്യമാരെ ഒപ്പം കൂട്ടാൻ ബിസിസിഐ അനുമതി നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, അനുമതിക്കൊപ്പം ഒരു കർശന ഉപാധി കൂടിയുണ്ട്. ഒരേയൊരു മത്സരത്തിൽ മാത്രമേ ഭാര്യമാരെ ഒപ്പമുണ്ടാകാൻ അനുവദിക്കൂ. അത് ഏതു മത്സരം വേണമെന്ന് കളിക്കാർക്ക് ചർച്ച ചെയ്ത് തീരുമാനിക്കാമെന്ന് ബിസിസിഐ അറിയിച്ചതായാണ് വിവരം.
ടൂർണമെന്റിൽ പ്രാഥമിക ഘട്ടത്തിൽ ഇന്ത്യയ്ക്ക് ആകെ മൂന്നു മത്സരങ്ങളാണുള്ളത്. ഫെബ്രുവരി 20ന് ബംഗ്ലദേശിനെതിരെയാണ് ആദ്യ മത്സരം. തുടർന്ന് 23–ാം തീയതി ബദ്ധവൈരികളായ പാക്കിസ്ഥാനെതിരായ നിർണായക മത്സരമുണ്ട്. ചെറിയ ഇടവേളയ്ക്കു ശേഷം മാർച്ച് 2ന് ന്യൂസീലൻഡിനെതിരെയാണ് മൂന്നാം മത്സരം.
ഇത്രയുമാണ് ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ‘ഉറപ്പുള്ള മത്സരങ്ങൾ’ എങ്കിലും, ടൂർണമെന്റിൽ മുന്നേറാൻ കഴിഞ്ഞാൽ സെമിഫൈനലും ഫൈനലും കളിക്കാനുള്ള സഹചര്യവുമുണ്ട്. മാർച്ച് 4, 5 തീയതികളിലാണ് സെമിഫൈനൽ മത്സരം നടക്കുക. മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം മാർച്ച് ഒൻപതിന് ഫൈനലും നടക്കും.
ബോർഡർ – ഗാവസ്കർ ട്രോഫിയിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ബിസിസിഐ ചാംപ്യൻസ് ട്രോഫിക്കു മുന്നോടിയായി താരങ്ങൾക്കു മേൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 45 ദിവസം വരെയുള്ള ടൂർണമെന്റുകളിൽ കുടുംബാംഗങ്ങൾ താരങ്ങൾക്കൊപ്പം പോകുന്നത് ബിസിസിഐ വിലക്കിയിരുന്നു. 45 ദിവസത്തിൽ കൂടുതലുള്ള ടൂർണമെന്റുകളിൽ പരമാവധി രണ്ട് ആഴ്ച വരെ കുടുംബാംഗങ്ങളെ കൂടെ നിർത്താമെന്നും അറിയിച്ചിരുന്നു.
ഇതിന്റെ ഭാഗമായി, ചാംപ്യൻസ് ട്രോഫി ടൂർണമെന്റിലും താരങ്ങൾക്കൊപ്പം കുടുംബാംഗങ്ങളെ അനുവദിക്കില്ലെന്നായിരുന്നു റിപ്പോർട്ട്. ഭാര്യയെ ഒപ്പം കൂട്ടാൻ അനുമതി തേടിയ സൂപ്പർതാരത്തിന് ബിസിസിഐ അനുമതി നിഷേധിച്ചതായും ഇതിനിടെ റിപ്പോർട്ടുകൾ പ്രചരിച്ചു. ഇതിനിടെയാണ് ഒറ്റ മത്സരത്തിൽ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാൻ ബിസിസിഐ അനുവദിച്ചതായി പുതിയ റിപ്പോർട്ട് വരുന്നത്.