ADVERTISEMENT

കൊച്ചി ∙ ഒരു ‘വായ്പയുടെ’ വിലയറിയുകയാണു മലയാളി ഫുട്ബോൾ പ്രേമികൾ. കേരള ബ്ലാസ്റ്റേഴ്സിനെതിരായ മിന്നും പ്രകടനത്തിനു പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം. രണ്ടാം കളിയിൽ ഒഡീഷ എഫ്സിക്കെതിരെ തകർപ്പനൊരു ഗോളും പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരവും! ഐഎസ്എലിൽ പഞ്ചാബ് എഫ്സിയുടെ നക്ഷത്രത്തിളക്കമാണു നിഹാൽ‌ സുധീഷെന്ന കൊച്ചിക്കാരൻ !

‘‘ ഇഷ്ടം പോലെ മെസേജ് വരുന്നുണ്ട്; ബ്ലാസ്റ്റേഴ്സിലേക്കു തിരിച്ചു വരില്ലേയെന്നു ചോദിച്ച്! ബ്ലാസ്റ്റേഴ്സ് ഫാൻസിനോട് ഒന്നേ പറയാനുള്ളൂ. യു ഗയ്സ് ആർ അമേസിങ്! ഞാനിപ്പോൾ പഞ്ചാബ് എഫ്സിക്കു വേണ്ടിയാണു കളിക്കുന്നതെങ്കിലും എന്നെ മറന്നിട്ടില്ലല്ലോ’’– നിഹാലിന്റെ വാക്കുകളിൽ ആഹ്ലാദം.

ബ്ലാസ്റ്റേഴ്സിനു പുറത്തുള്ള മലയാളി യുവതാരങ്ങളിൽ നിഹാൽ മാത്രമല്ല, നിഹാലിന്റെ സഹതാരം ലിയോൺ അഗസ്റ്റിനും ഈസ്റ്റ് ബംഗാളിന്റെ വിഷ്ണു പുതിയവളപ്പിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ എം.എസ്. ജിതിനുമൊക്കെ കളം നിറയുകയാണ്.

∙ മറക്കില്ല, ഇവാൻ കോച്ചിനെ

2022ൽ കേരള ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടായിരുന്ന നിഹാൽ (23) ഈ സീസണിൽ പഞ്ചാബ് എഫ്സിയിൽ എത്തിയതു ‘വായ്പ’ അടിസ്ഥാനത്തിലാണ്. നിഹാലിനു പഞ്ചാബ് സമ്മാനിച്ചത് ആദ്യ ഇലവനിൽ ഇടം. ഫോർവേഡ് പൊസിഷനിൽ നിഹാൽ നൽകുന്നതാകട്ടെ ഗംഭീര പ്രകടനവും. ‘‘വലിയൊരു സ്വപ്നമാണു പ്ലെയർ ഓഫ് ദ് മാച്ച് അവാർഡും ഗോളുമൊക്കെ. കൂടുതൽ ഗോളുകൾ നേടണം. പഞ്ചാബ് എഫ്സി മുന്നേറണം. അതാണു മനസ്സിൽ’’ – നിഹാൽ ആവേശത്തിലാണ്.

എം.എസ്. ജിതിൻ, വിഷ്ണു
എം.എസ്. ജിതിൻ, വിഷ്ണു

ബ്ലാസ്റ്റേഴ്സിൽ ഇവാൻ വുക്കോമനോവിച്ചിനു കീഴിൽ കളിച്ച നിഹാൽ ഇന്നും അദ്ദേഹത്തിന്റെ ആരാധകനാണ്.‘‘ഇവാൻ  ഉണ്ടായിരുന്നതു കൊണ്ടാണ് എനിക്ക് ഇപ്പോൾ ഇത്ര നന്നായി കളിക്കാൻ കഴിയുന്നത്. കളത്തിനകത്തും പുറത്തും നല്ല വ്യക്തിയാകണം എന്നു കൂടി അദ്ദേഹം പഠിപ്പിച്ചു. പഞ്ചാബിൽ എന്റെ കോച്ചായ പാനോസ് (പനയോട്ടിസ് ഡിൽപെരിസ്) വലിയ പിന്തുണയാണു തരുന്നത്. അദ്ദേഹത്തിനും കഠിനാധ്വാനികളെയാണിഷ്ടം.’’

∙ രണ്ടു മിന്നൽ ഗോളുകൾ

പഞ്ചാബ് എഫ്സി–ഒഡീഷ എഫ്സി പോരാട്ടത്തിന്റെ 89–ാം മിനിറ്റിലായിരുന്നു ആ ഗോളാഘോഷം. പഞ്ചാബിന്റെ ജയമുറപ്പിച്ചൊരു മിന്നൽ ഗോളിനു ശേഷം ആ കോഴിക്കോടുകാരൻ പയ്യൻ പരസ്യ ബോർഡുകൾ ചാടിക്കടന്നു; ലിയോൺ അഗസ്റ്റിൻ അശോകൻ! ബെംഗളൂരു എഫ്സിയുടെ ജൂനിയർ, സീനിയർ ടീമുകളിൽ കളിച്ചിട്ടുണ്ട് മുന്നേറ്റ താരമായ ലിയോൺ (25). ‘‘ബ്ലാസ്റ്റേഴ്സിനെതിരെ കളിച്ചപ്പോൾ കുടുംബവും സുഹൃത്തുക്കളുമെല്ലാം ഗാലറിയിൽ ഉണ്ടായിരുന്നു. ഒഡീഷയ്ക്കെതിരെ ഗോളടിക്കാനായതിൽ വലിയ സന്തോഷം’’ – ലിയോണിന്റെ വാക്കുകൾ.

കാസർകോ‍ടുകാരൻ അറ്റാക്കിങ് മിഡ്ഫീൽഡർ വിഷ്ണു പുതിയവളപ്പിൽ (22) വിറപ്പിച്ചതു കേരള ബ്ലാസ്റ്റേഴ്സിനെ. ഈസ്റ്റ് ബംഗാൾ താരമായ വിഷ്ണുവിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്സ് പിന്നിലായെങ്കിലും തിരിച്ചടിച്ചു ജയിച്ചു. തോൽവിയിലും വിഷ്ണുവിന്റെ ഗോളിനു പത്തരമാറ്റ് തിളക്കം. ഇന്ത്യ അണ്ടർ 23 ടീമിൽ കളിച്ചിട്ടുള്ള വിഷ്ണു മുൻപു മുത്തൂറ്റ് എഫ്എ താരമായിരുന്നു.

മുഹമ്മദൻസ് സ്പോർട്ടിങ്ങിനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കീഴടക്കിയ കളിയിൽ നോർത്ത് ഈസ്റ്റിന്റെ അറ്റാക്കിങ് മിഡ്ഫീൽഡർ തൃശൂരുകാരൻ എം.എസ്.ജിതിനായിരുന്നു (26) കളിയിലെ താരം. കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചു ജയിച്ചിട്ടുള്ള ജിതിൻ 2022 മുതൽ നോർത്ത് ഈസ്റ്റ് താരമാണ്. ഇത്തവണ ക്ലബ്ബിന്റെ ഡ്യുറാൻഡ് കപ്പ് വിജയത്തിലും നിർണായക പങ്കുവഹിച്ചു.

English Summary:

Brilliant Malayali stars are not just in blasters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com