നോവയോട് തർക്കിച്ചത് എനിക്കു വേണ്ടിയല്ല, പക്ഷേ ആ രീതിയിൽ പെരുമാറേണ്ടിയിരുന്നില്ല: അഡ്രിയന് ലൂണ

Mail This Article
ചെന്നൈ∙ ചെന്നൈയിൻ എഫ്സിയുമായുള്ള മത്സരത്തിനിടെ മൊറോക്കൻ താരം നോവ സദൂയിയോട് തർക്കിച്ച സംഭവം വിശദീകരിച്ച് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയൻ ലൂണ. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ കളിക്കളത്തിൽ താൻ ചെയ്തത് തെറ്റായിപ്പോയെന്ന് ലൂണ മത്സരത്തിനു ശേഷം പ്രതികരിച്ചു. സ്വതന്ത്രനായി നിൽക്കുകയായിരുന്ന ഇഷാൻ പണ്ഡിതയ്ക്കു വേണ്ടിയാണു താൻ നോവയോടു തർക്കിച്ചതെന്നും ലൂണ വ്യക്തമാക്കി.
‘‘ഞാൻ ടീമിനെ സഹായിക്കുന്നിടത്തോളം, ഒരു മിഡ്ഫീൽഡറായോ ഒരു നമ്പർ 10 ആയോ കളിക്കുന്നതിൽ എനിക്ക് ഒരു പ്രശ്നവുമില്ല. കളത്തിലുള്ള ഓരോ കളിക്കാരനും ടീമിനെ സഹായിക്കേണ്ടതു ഞങ്ങൾക്ക് അത്യാവശ്യമാണ്. ഇന്ന് അങ്ങനെയായിരുന്നു എന്നതിൽ ഞാൻ സന്തോഷവാനാണ്. പക്ഷേ, പരിശീലകൻ എന്നോട് ആവശ്യപ്പെടുന്ന ഏതു പൊസിഷനിലും എനിക്കു കളിക്കാൻ കഴിയും.’’– ലൂണ പ്രതികരിച്ചു.
‘‘ആ തർക്കം എനിക്കു വേണ്ടിയായിരുന്നില്ല. അവിടെ സ്വതന്ത്രനായി നിൽക്കുന്ന മറ്റൊരു കളിക്കാരനുണ്ടായിരുന്നു (ഇഷാൻ പണ്ഡിത). ഞാൻ ഒരിക്കലും ആ രീതിയിൽ പെരുമാറേണ്ടിയിരുന്നില്ല, കാരണം, ഞാൻ ക്യാപ്റ്റനാണ്, മാതൃകയാകേണ്ടവനാണ്. നിങ്ങൾക്കു ചിലപ്പോൾ പെട്ടെന്ന് ദേഷ്യം വരും, അതാണ് കാര്യം. പക്ഷേ, ഞാൻ ഇപ്പോൾ ഡ്രസിങ് റൂമിൽ ചെന്ന് അദ്ദേഹത്തോട് സംസാരിക്കും, എല്ലാം വ്യക്തമാക്കും’’
‘‘പ്ലേഓഫിലേക്കു യോഗ്യത നേടുക എന്നതാണു ഞങ്ങളുടെ ലക്ഷ്യം. ഞങ്ങൾക്ക് ഓരോ മത്സരമായെടുത്തു മുന്നോട്ടു പോകേണ്ടതുണ്ട്. ഇന്നു ജയിക്കേണ്ടതു ഞങ്ങൾക്ക് അനിവാര്യമായിരുന്നു. ഇനി അടുത്ത മത്സരത്തിൽ ശ്രദ്ധ ചെലുത്തും. ഞാൻ പറഞ്ഞതുപോലെ, ഓരോ മത്സരമായെടുത്തു മുന്നോട്ടു പോകുകയും ഓരോന്നിനെയും ഫൈനലിലെന്നപോലെ കാണുകയും വേണം. കാരണം പ്ലേഓഫിലേക്ക് യോഗ്യത നേടണമെങ്കിൽ ഞങ്ങൾക്ക് ഒരു പോയിന്റു പോലും നഷ്ടപ്പെടുത്താൻ കഴിയില്ല.’’– ലൂണ പറഞ്ഞു.