ഗോളടിച്ച് ഹിമെനെ, കോറു സിങ്, പെപ്ര; ചെന്നൈയിനെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് (3-1)

Mail This Article
ചെന്നൈ∙ ഇങ്ങനെ വേണം കളിക്കാൻ, ചെന്നൈയിൻ എഫ്സിയെ അവരുടെ നാട്ടിൽ പോയി തകർത്തെറിഞ്ഞ് ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര തിരിച്ചുവരവ്. 3–1നാണ് നിര്‍ണായക മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പ്. 19 മത്സരങ്ങളിൽനിന്ന് ഏഴാം വിജയവുമായി 24 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ എട്ടാംസ്ഥാനത്താണ്. ഹെസൂസ് ഹിമെനെ (3–ാം മിനിറ്റ്), കോറു സിങ് (45+3), ക്വാമെ പെപ്ര (56) എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ സ്കോറർമാര്‍.
മത്സരം തുടങ്ങിയതിനു തൊട്ടുപിന്നാലെ ഗോൾ നേടി ബ്ലാസ്റ്റേഴ്സ്, ചെന്നൈയിനു മേൽ മാനസിക ആധിപത്യം സ്ഥാപിച്ചു. മൂന്നാം മിനിറ്റിൽ ചെന്നൈയിൻ താരങ്ങളുടെ പിഴവിൽ പന്തു പിടിച്ചെടുത്ത് സ്പാനിഷ് താരം ഹെസൂസ് ഹിമെനെയാണ് ആദ്യ ഗോൾ നേടിയത്. 17–ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്ന് ലഭിച്ച പന്ത് ചെന്നൈയിൻ എഫ്സി താരം എഡ്‍വാർഡ് ബ്ലാസ്റ്റേഴ്സ് വലയിലേക്കു ഹെഡ് ചെയ്തെങ്കിലും ഗോൾ കീപ്പർ സച്ചിൻ സുരേഷിനെ മറികടക്കാനായില്ല. 37–ാം മിനിറ്റിൽ ജോർദാൻ ഗിൽ ചുവപ്പു കാർഡ് കണ്ടു പുറത്തായതോടെ ചെന്നൈയിൻ 10 പേരായി ചുരുങ്ങി. ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം മിലോസ് ഡ്രിൻസിച്ചിനെ പിടിച്ചുതള്ളിയതിനാണു ചെന്നൈയിൻ താരത്തിനെതിരെ റഫറി നടപടിയെടുത്തത്.
ആദ്യ പകുതിയുടെ അധിക സമയത്ത് ബ്ലാസ്റ്റേഴ്സ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. കൗണ്ടർ ആക്രമണത്തിൽ ബ്ലാസ്റ്റേഴ്സിന്റെ അഞ്ച് താരങ്ങളാണ് ചെന്നൈയിൻ ബോക്സിലേക്ക് ഇരച്ചെത്തിയത്. പെപ്ര പന്തെടുത്ത് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ലൂണയ്ക്കു നൽകി. ഗോളടിക്കാൻ നിൽക്കാതെ കോറു സിങ്ങിന് അവസരം നൽകുകയാണു ലൂണ ചെയ്തത്. ഇന്ത്യൻ യുവ താരം പന്ത് വലയുടെ ഇടത് മൂലയിലേക്ക് അടിച്ചുകയറ്റി. സ്കോർ 2–0.

രണ്ടാം പകുതിയുടെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്സ് ആക്രമിച്ചു കളിച്ചു. അതിന്റെ ഫലം ലഭിച്ചത് 56–ാം മിനിറ്റിൽ. ഫൈനൽ തേർഡിലേക്ക് പന്തുമായി കുതിച്ച ലൂണയുടെ കാലിൽനിന്ന് പെപ്രയിലേക്ക് പാസ്. പിഴവുകളില്ലാതെ പന്തു വലയിലെത്തിച്ച പെപ്ര ലീഡ് മൂന്നാക്കി ഉയര്‍ത്തി. മൂന്നു ഗോളുകൾ വഴങ്ങിയതോടെ വിൻസി ബരെറ്റോ, എൽസിന്നോ, ഡാനിയൽ ചിമ ചിക്‌വു എന്നിവരെ ചെന്നൈയിൻ പകരക്കാരായി ഇറക്കി.

രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ സബ്സ്റ്റിറ്റ്യൂഷനായി ദുസാൻ ലഗതോറും വിബിൻ മോഹനനും ഇറങ്ങി. 80–ാം മിനിറ്റിലാണ് മൊറോക്കൻ ഫോർവേഡ് നോഹ സദൂയിയെ ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ടിൽ എത്തിച്ചത്. അപ്പോഴേക്കും മത്സരത്തിന്റെ സമ്പൂർണ നിയന്ത്രണം ബ്ലാസ്റ്റേഴ്സ് ഏറ്റെടുത്തുകഴിഞ്ഞിരുന്നു. 88–ാം മിനിറ്റിൽ വിബിൻ മോഹനന്റെ തകർപ്പനൊരു ഷോട്ട് ചെന്നൈയിൻ ഗോളി നവാസ് പണിപ്പെട്ടാണു രക്ഷപെടുത്തിയത്. അവസാന മിനിറ്റിൽ വിൻസി ബരെറ്റോ ചെന്നൈയിന്റെ ആശ്വാസ ഗോൾ നേടി. മത്സരത്തിനിടെ ലൂണയും നോഹ സദൂയിയും ഗ്രൗണ്ടിൽ വച്ച് നേർക്കുനേർ വന്നത് ബ്ലാസ്റ്റേഴ്സ് വിജയത്തിലെ കല്ലുകടിയായി. യുവതാരം ഇഷാൻ പണ്ഡിത ഇടപെട്ടാണ് ലൂണയെയും സദൂയിയെയും പിടിച്ചുമാറ്റിയത്.