അടിച്ച പന്ത് ഫീൽഡറുടെ ഹെൽമറ്റിൽ തട്ടി വിക്കറ്റിൽ; ക്രീസിനു പുറത്തുള്ള ബാറ്റർ ഔട്ട്! ഞെട്ടിച്ച് ഫീൽഡിങ്– വിഡിയോ

Mail This Article
കേപ്ടൗൺ∙ വിചിത്രമായ രീതിയിൽ റൺ ഔട്ടായി ഇംഗ്ലണ്ടിന്റെ യുവതാരം ആര്യൻ സാവന്ത്. ഇംഗ്ലണ്ട്– ദക്ഷിണാഫ്രിക്ക ടീമുകൾ തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിനിടെയാണ് ക്രിക്കറ്റ് താരങ്ങളെയും അംപയർമാരെയും ഞെട്ടിച്ച റൺ ഔട്ട് സംഭവിച്ചത്. ഇംഗ്ലണ്ടിന്റെ ആര്യൻ സാവന്ത് അടിച്ച പന്ത് അടുത്തുനിന്നിരുന്ന ഫീൽഡറുടെ ഹെൽമറ്റിൽ തട്ടി, വിക്കറ്റിൽ പതിക്കുകയായിരുന്നു. ഈ സമയത്ത് ക്രീസിനു വെളിയിലായിരുന്നു ആര്യൻ. ഇതു തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്കൻ ഫീൽഡർമാർ അപ്പീൽ ചെയ്തതോടെ അംപയർ ഔട്ട് അനുവദിച്ചു.
രണ്ടാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് എന്ന നിലയിൽ ഇംഗ്ലണ്ട് ബാറ്റിങ് തുടരുന്നതിനിടെയാണ് 11 റൺസെടുത്ത ആര്യൻ സാവന്ത് പുറത്താകുന്നത്. സ്പിന്നറായ ജേസൺ റൗൾസിന്റെ പന്ത് ആര്യൻ സ്വീപ് ചെയ്യുകയായിരുന്നു. ഈ സമയം ഷോർട്ട് ലെഗിൽ ഫീൽഡറായിരുന്ന ജോറിച് വാൻ ഷാവിക്കിന്റെ ഹെൽമറ്റിലാണു പന്തു തട്ടിയത്. ജോറിച് വേദന കാരണം ഗ്രൗണ്ടിൽ ഇരുന്നു പോയെങ്കിലും മറ്റു ദക്ഷിണാഫ്രിക്കന്‍ താരങ്ങളെല്ലാം വിക്കറ്റു നേടിയ ആഘോഷത്തിലായിരുന്നു. സ്വന്തം പുറത്താകൽ കണ്ട് ആര്യൻ സാവന്ത് തലയിൽ കൈവച്ചുപോയി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മത്സരം സമനിലയിലാണ് അവസാനിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് 299 ന് അവസാനിച്ചപ്പോൾ മറുപടിയിൽ ദക്ഷിണാഫ്രിക്ക 319 റൺസാണു നേടിയത്. ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 20 റൺസിന്റെ ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 336 റൺസെടുത്ത് ഇംഗ്ലണ്ട് ഡിക്ലയർ ചെയ്തു. 317 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഒൻപതു വിക്കറ്റിന് 295 റൺസെടുത്ത് മത്സരം അവസാനിപ്പിക്കേണ്ടിവന്നു.