2012ൽ കോലി രഞ്ജി കളിക്കുമ്പോൾ എതിർ ടീമിൽ ഞാനും, അന്ന് ഔട്ടായ അതേ രീതിയിൽ ഇന്നും ഔട്ടാകുന്നത് അവിശ്വസനീയം: കൈഫ്

Mail This Article
ന്യൂഡൽഹി∙ 13 വർഷം മുൻപ് വിരാട് കോലി ഏറ്റവും ഒടുവിൽ രഞ്ജി ട്രോഫി മത്സരം കളിക്കുമ്പോൾ, എതിർ ടീമിൽ താനും അംഗമായിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. അന്ന് ഭുവനേശ്വർ കുമാറിന്റെ പന്തിൽ രണ്ട് ഇന്നിങ്സിലും പുറത്തായ കോലി, അതേ രീതിയിലാണ് അടുത്തിടെ ഓസ്ട്രേലിയൻ പര്യടനത്തിലും പുറത്തായതെന്ന് കൈഫ് ചൂണ്ടിക്കാട്ടി. 13 വർഷമായിട്ടും അതേ ദൗർബല്യം കോലിക്കൊപ്പമുണ്ട് എന്നത് അദ്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘‘അന്നത്തെ മത്സരത്തിൽ പ്രധാനപ്പെട്ട താരങ്ങളെല്ലാം ഉണ്ടായിരുന്നു. ഉത്തർപ്രദേശിനായി സുരേഷ് റെയ്ന, മുഹമ്മദ് കൈഫ്, ഭുവനേശ്വർ കുമാർ, പ്രവീൺ കുമാർ എന്നിവരും ഡൽഹിക്കായി വീരേന്ദർ സേവാഗ്, ഗൗതം ഗംഭീർ, വിരാട് കോലി, ആശിഷ് നെഹ്റ, ഇഷാന്ത് ശർമ തുടങ്ങിയവരും കളത്തിലിറങ്ങി.
ഈ മത്സരത്തിൽ ഭുവനേശ്വർ കുമാറിന്റെ പന്തുകൾ തൊടാനാകാതെ കോലി പലതവണ വിഷമിച്ചിരുന്നതായി കൈഫ് വെളിപ്പെടുത്തി. ഒടുവിൽ ഭുവിയുടെ പന്ത് കോലിയുടെ ബാറ്റിൽത്തട്ടി സ്ലിപ്പിൽ താൻ തന്നെ ക്യാച്ചെടുത്താണ് അദ്ദേഹം പുറത്തായതെന്നും കൈഫ് പറഞ്ഞു.
‘‘കോലിയെ സംബന്ധിച്ച് ഇതൊരു പരീക്ഷണ ഘട്ടമാണെന്ന് എനിക്കു തോന്നി. ഏതു നിമിഷവും കോലിയുടെ ബാറ്റിൽത്തട്ടി പന്ത് സ്ലിപ്പിലേക്ക് വരുമെന്ന ഉറപ്പിൽ ഞാൻ ജാഗ്രതയോടെയാണ് നിന്നത്. ഒടുവിൽ ഭുവനേശ്വർ കുമാറിനെതിരെ ഡ്രൈവിനുള്ള ശ്രമത്തിൽ സ്ലിപ്പിൽ എന്റെ തന്നെ കയ്യിൽ കോലി അവസാനിച്ചു’ – കൈഫ് വിശദീകരിച്ചു.
ആ മത്സരത്തിനു ശേഷം 12 വർഷം കഴിഞ്ഞാണ് കോലി മറ്റൊരു രഞ്ജി ട്രോഫി മത്സരം കളിക്കുന്നു എന്നത് വിസ്മയകരമാണെന്നും കൈഫ് അഭിപ്രായപ്പെട്ടു.
‘‘അന്ന് ഞങ്ങൾക്കെതിരെ ഡൽഹിക്കായി കളിച്ചതാണ് രഞ്ജി ട്രോഫിയിൽ കോലിയുടെ അവസാന മത്സരമെന്നു കേട്ടപ്പോൾ എനിക്കു വിശ്വസിക്കാനായില്ല. അന്ന് കോലിയുടെ ബാറ്റിങ്ങിൽ ഞങ്ങൾ ശ്രദ്ധിച്ച ദൗർബല്യങ്ങളാണ് ഇപ്പോഴും അദ്ദേഹത്തിനുള്ളത്. അന്ന് രണ്ട് ഇന്നിങ്സിലും ഭുവനേശ്വർ കുമാറാണ് കോലിയെ പുറത്താക്കിയത്. സമാനമായ രീതിയിലാണ് ഇപ്പോഴും കോലി പുറത്താകുന്നത്. അന്ന് രഞ്ജിയിൽ പുറത്തായ അതേ രീതിയിലാണ് അടുത്തിടെ ഓസീസിനെതിരെ കോലി തുടർച്ചയായി പുറത്തായത്’ – കൈഫ് പറഞ്ഞു.