ഇപ്പോ പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പോ! അന്ധമായ സ്നേഹം വച്ച്, നല്ലതു ചെയ്യുന്നവരെയും വെറുപ്പിക്കുന്നു

Mail This Article
മസ്തകത്തിൽ മുറിവേറ്റ ആനയാണ് ഏതാനും ദിവസങ്ങളായി കേരളത്തിലെ ചർച്ചാവിഷയം. ചികിത്സ നൽകുന്നതിനിടെ ആന ചരിയുകയും ചെയ്തു. ആനയുടെ വിയോഗത്തിൽ വേദനിക്കുന്നവരുടെ എണ്ണം ഏറെയാണ്. എന്നാൽ, ആന ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണങ്ങളിൽ ഈ വർഷംതന്നെ എത്രയോ മനുഷ്യജീവനുകൾ പൊലിഞ്ഞു? ആ ജീവനുകൾക്കുവേണ്ടി ശബ്ദിച്ചവരുടെ കൂട്ടത്തിൽ ആനയ്ക്കുവേണ്ടി വാദിക്കുന്നവരില്ലായിരുന്നു? ജീവൻ വിലപ്പെട്ടതാണെങ്കിലും മനുഷ്യനേക്കാൾ വലുതാണോ ആന? മനുഷ്യജീവന് ഇല്ലാത്ത പ്രിവിലേജ് ആനയ്ക്ക് ആവശ്യമുണ്ടോ? ഈ അവസരത്തിലാണ് ഗവേഷകനായ സന്ദീപ് ദാസ് എഴുതിയ കുറിപ്പ് ചർച്ചയാകുന്നത്. ഇവിടെ മനുഷ്യനും മൃഗങ്ങൾക്കും ജീവിക്കണം, അതിനു മനുഷ്യൻ തന്നെ വിചാരിക്കണം. മനുഷ്യനെ ഒഴിവാക്കികൊണ്ട് ഒരു പ്രകൃതി സംരക്ഷണവും സാധ്യവുമല്ല. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ രൂപം ചുവടെ...
ഇപ്പോ പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പോ!
ജനുവരി മാസത്തിലാണ് ഈ ആനയെ ആദ്യമായി കണ്ടത്. അതിനു മുന്നേ കണ്ട സുഹൃത്തുക്കൾ പറഞ്ഞതു കൊണ്ട് അന്നേ തലയിലെ പാട് ശ്രദ്ധിച്ചിരുന്നു. മറ്റെല്ലാവരെയും പോലെ അത് ഒരു ബുള്ളെറ്റ് വൂണ്ട് അല്ലേ എന്ന് തോന്നുകയും ചെയ്തിരുന്നു. അപ്പോഴേക്കും വനം വകുപ്പ് കൃത്യമായി ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ അതിനെ മയക്കുവെടി വച്ചു പരിശോധിക്കുകയും, ബുള്ളെറ്റ് അല്ല എന്ന അറിവിൽ ചികിത്സ നൽകി തിരിച്ചു വിടുകയും ചെയ്തിരുന്നു. അന്നേ മുറിവിന്റെ അവസ്ഥ വളരെ മോശമാണ് എന്നും രക്ഷപെടാനുള്ള സാധ്യത നോക്കികാണണം എന്നും പല മീഡിയകളിലും പറയുന്നുമുണ്ടായിരുന്നു.
കഥ അവിടെ തീരുന്നില്ല, കുറച്ചു ദിവസങ്ങൾക്കു ശേഷം തീർത്തും അവശനായി വീണ്ടും ആനയെ കാണുന്നു. ചികിത്സിക്കുന്നില്ല, വനം വകുപ്പിന്റെ ചികിത്സ പോരാ, ഫോറെസ്റ്റ് എന്നാൽ ഫോർ റസ്റ്റ്, എന്ന പ്രചാരണമെല്ലാം കൊടുമ്പിരി കൊണ്ട് നടന്നു. അവസാനം വനം വകുപ്പ് വീണ്ടും ആനയെ പിടിക്കുന്നു, ചികിത്സിക്കാൻ തുടങ്ങുന്നു, ആന ചരിയുന്നു. ഇതോടെ നേരത്തത്തെ സൈക്കിൾ വീണ്ടും റിപ്പീറ്റ് അടിക്കാൻ തുടങ്ങി. ആനയെ കൊന്നു, അരുൺ ഡോക്ടറും വയനാട് ടീമും കിഫയുടെ ഏജന്റുമാർ ആണ്, അവർ പൈസ വാങ്ങി ആനയെ കൊന്നു, എന്ന പ്രാക്കുകളിൽ തുടങ്ങി അവരുടെയൊക്കെ കുടുംബത്തിരിക്കുന്ന മക്കളെയും അച്ഛനമ്മമാരെയും വരെ കേട്ടാൽ അറയ്ക്കുന്ന ധുഷിപ്പു പറയുന്നു.
ആര് കൊന്നു? വന്യജീവികളോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം ജീവൻ പോലും പണയപ്പെടുത്തി വർഷങ്ങളായി ഫീൽഡിൽ പണിയെടുക്കുന്ന ഡോ. അരുൺ സക്കറിയയോ? (ഫീൽഡിൽ!!!!!!! അല്ലാതെ നാല് ചുവരുകളുടെ സുരക്ഷിതത്ത്വത്തിലോ, കാടിനോടു ചേർന്നുള്ള റിസോർട്ടിലോ ഇരുന്ന് വാട്‌സാപ് ഗ്രൂപ്പുകളിലും ഫെയ്സ്ബുക്കിലും പൂങ്കണ്ണീരുമായി മേൽപ്പറഞ്ഞ ജീവൻ പണയം വച്ച് പണിയെടുക്കുന്നവരെ തെറി വിളിക്കാൻ കൊട്ടേഷൻ കൊടുക്കുന്ന കൊറേ സൈക്കോ മനുഷ്യരല്ല, അവരെ മൃഗങ്ങൾ എന്ന് വിളിച്ചാൽ മൃഗങ്ങളെന്റെ കാവാലക്കുറ്റിക്കൊരെണ്ണം തരും). അതോ സുവോളജിയിലും വൈൽഡ് ലൈഫിലും പിജി എടുത്ത് അതെ വിഷയത്തിൽ പിഎച്ച്ഡി ഇപ്പോൾ പൂർത്തീകരിക്കുന്ന, പത്തു വർഷത്തോളമായി ആ ടീമിലുള്ള ബയോളജിസ്റ്റുമരായ വിഷ്ണുവും ജിഷ്ണുവുമോ? കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടീമിലുള്ള വെറ്ററിനറി ഡോക്ടർ അജേഷോ? പാലപ്പിള്ളി പ്രദേശത്തെ ആന ഓപ്പറേഷനിൽ ആനയുടെ ആക്രമണത്തിൽ മരണപ്പെട്ട ഇതേ ടീമിലെ ഹുസൈനോ? ടീമിലെ അവിഭാജ്യ ഘടകങ്ങളായ ലിനോ, ഡെൽജിത്ത്, രാജു ഫോറസ്റ്റർ, ബിഎഫ്ഒ ദിനേശൻ എന്നിവരോ? (കുറച്ചു പേരെയെങ്കിലും വിട്ടു പോയിട്ടുണ്ടാവും) വനത്തെക്കുറിച്ചും അവിടത്തെ അന്തേവാസികളെ കുറിച്ചുമൊക്കെ വളരെ ആഴത്തിലറിവുള്ള കാട്ടുനായ്ക്ക സമുദായത്തിലെ ഗോപാലേട്ടനോ? വയനാട്ടിൽ മാത്രം എത്രയോ കേസുകൾ വളരെ സക്സസ്ഫുൾ ആയി ചെയ്യാൻ നേതൃത്വം നൽകിയ ഡിഎഫ്ഒ നരേന്ദ്ര ബാബു സാറും, സജ്ന മാഡവുമോ, മറ്റു ഡിഎഫ്ഒ–മാരുമൊ? അതോ ഇതിനെല്ലാം മേൽനോട്ടം വഹിക്കുന്ന ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ പ്രമോദ് സാറും അതെ പൊസിഷനിൽ മുന്നിരുന്ന ഉദ്യോഗസ്ഥരോ?
സക്സസ്ഫുൾ ഓപ്പറേഷൻ എന്നു പറയുമ്പോൾ നെറ്റി ചുളിക്കണ്ട. നിങ്ങളാകെ കേട്ടിട്ടുള്ളത്, അല്ലെങ്കിൽ ശ്രദ്ധിച്ചിട്ടുള്ളത് തണ്ണീർകൊമ്പനും, കിണറ്റിൽ വീണ പുലിയും, കരടിയും മാത്രമാണ്! ഈ കേസുകളിൽ സംഭവിച്ചതെന്തെന്നു അന്നേ ടീം വിശദീകരിച്ചിരുന്നു. പോട്ടെ അതൊക്കെ ന്യായീകരണമാണ് എന്ന് തന്നെ വച്ചോളൂ. എന്നാലും 2010 മുതൽ നാളിതു വരെ ഈ ടീം ഗംഭീരമായി മുഴുമിപ്പിച്ചു അതിലുൾപ്പെട്ട ജീവിയെ തിരിച്ചു കാട്ടിലേക്ക് വിട്ട കേസുകൾ ആയിരക്കണക്കിനാണ്. നൂറിലധികം ആന ഓപ്പറേഷനുകൾ, അത്ര തന്നെ പുള്ളിപ്പുലി കേസുകൾ, 46 കടുവ കേസുകൾ, പോരാഞ് ഒട്ടനവധി കരടി, കാട്ടുപോത്ത്, മ്ലാവ്, കുരങ്ങ്, മുള്ളൻ, കഴുകൻ എന്നു തുടങ്ങി നിരവധി മറ്റു ജീവികൾ (ഏകദേശ കണക്കാണ്, ഇതിലും എന്തായാലും കൂടാനെ തരമുള്ളു. കൃത്യമായ കണക്കുകൾ ഔദ്യോഗികമായി ചോദിച്ചിട്ടുണ്ട്. കിട്ടുന്ന മുറയ്ക്ക് അതും പോസ്റ്റാം). ആദ്യം സൂചിപ്പിച്ച പോലെ ഇതൊന്നും നമ്മൾ അറിഞ്ഞിട്ടില്ല, അല്ലെ നമ്മളോട് ആരും പറഞ്ഞിട്ടില്ല. അല്ലെ പറഞ്ഞിട്ടും നമ്മൾ അറിഞ്ഞ ഭാവം നടിച്ചിട്ടില്ല. ഇതിൽ പലരെയും നേരിട്ട് അറിയുന്നവരുമാണ്. ഒരു ദിവസം പുലിയുടെ പുറകെ ആണേൽ അടുത്ത ദിവസം ആന ആവും, അത് കഴിഞ്ഞു കടുവയാകും. ഇന്നിത് നിങ്ങൾ വായിക്കുന്ന സമയവും അവർ വയനാട്ടിലെ കടുവാ പ്രശ്നത്തിൽ ഓട്ടത്തിലാണ്. അങ്ങനെ ഊണും ഉറക്കവും ഇല്ലാതെ ഓടിയിട്ട് കൊലപാതകികൾ എന്ന വിളി മാത്രമാണ് ബാക്കി. ശമ്പളം വാങ്ങിയിട്ടല്ലേ എന്നാവും അടുത്ത പോർ വിളി. അതെ ശമ്പളം വാങ്ങിയിട്ട് തന്നെ. അതില്ലാതെ നിങ്ങള് ചെയ്യുമോ ഇതെല്ലാം ? കുറച്ചു ദിവസം ആവേശത്തിൽ ചെയ്യുമായിരിക്കാം അവസാനം നമ്മടെ വയറിനും നമ്മളെ ആശ്രയിച്ചിരിക്കുന്നവരുടെ വയറ്റിലും ഒന്നും ചെല്ലാതെ ആവുമ്പോൾ അതൊക്കെ മാറും. ഇനി വേറെ ചിലർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്ന് എന്തെന്നാൽ, ഹോ ഈ പൈസ മുഴുവൻ ഈ കണ്ട ജീവികൾക്കു വേണ്ടി എന്തിനാ ചെലവഴിക്കുന്നേ എന്ന്! അവിടെ നമ്മള് മനഃപൂർവം മറക്കുന്ന മറ്റൊരു കാര്യം എന്തെന്നാൽ ഇവരീ കിടന്നു ഓടുന്നത് വന്യജീവികളെ രക്ഷിക്കാൻ മാത്രമല്ല വന്യജീവികളിൽ നിന്ന് മനുഷ്യനെ രക്ഷിക്കാൻ കൂടിയാണ്.
തിരിച്ചു ബുള്ളറ്റ് കൊമ്പനിലേക്കു വരാം. ബുള്ളറ്റ് ആണെന്ന സംശയത്തിൽ പിടിച്ചു, പരിശോധിച്ചു, പ്രാഥമിക ചികിത്സ നൽകി വിട്ടു. പിന്നെയും ആ ആനയെ അതിന്റെ പാട്ടിനു വിടാതെ അനാവശ്യ മുറവിളികളും കരച്ചിലുമായി സിസ്റ്റത്തെക്കൊണ്ട് നിർബന്ധിച്ചു ആനയെ പിടിപ്പിച്ചു. പിടിക്കുന്നതിനു മുന്നേ ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ പ്രമോദ് സാറും ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയയും പല ആവർത്തി പറഞ്ഞിട്ടുണ്ട് റിസ്കി ഓപ്പറേഷൻ ആണ് സാധ്യത കുറവാണ് എന്നും. എന്നിട്ടും ആനയെ കൊന്നെന്ന തെറി വിളി മാത്രം ബാക്കി. ഈ കണക്കിന് പോയാൽ കടുവ തിന്നാൻ പിടിക്കുന്ന മാനിനെ രക്ഷിക്കാനും, പാമ്പിന്റെ വായിൽ നിന്നും തവളയെ രക്ഷിക്കാനും പറഞ്ഞും ആളുകൾ വരുമല്ലോ?
നമ്മൾ മൂലമല്ലാത്ത വന്യ ജീവികളിൽ ഉണ്ടാവുന്ന അപകടങ്ങളിലും മറ്റും പരമാവധി മനുഷ്യ ഇടപെടലുകൾ ഇല്ലാതിരിക്കുന്നതാകും എപ്പോഴും നല്ലത്. ഇവിടെ ഇതേ ആന മനുഷ്യവാസ പ്രദേശത്തു നിരന്തരമായി വന്നു എന്നതും അതിനെ പിടിക്കാനും ചികിത്സിക്കാനും ഒരു കാരണമാകാം. എന്നാലും കൊല്ലാൻ വേണ്ടി പിടിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ അസ്ഥാനത്താണ്. വനം വകുപ്പ് നൂറു ശതമാനും ശരിയാണ് എന്നൊന്നുമല്ല പറഞ്ഞു വരുന്നത്. പക്ഷേ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരുപക്ഷെ ഏറ്റവുമധികം വന്യജീവി സംരക്ഷണം മികച്ച രീതിയിൽ ചെയ്തിട്ടുള്ള ഒരു സംസ്ഥാനം കൂടിയാണ് നമ്മളുടേത്. എന്നാൽ ഇപ്പൊ മനുഷ്യ വന്യജീവി സംഘർഷങ്ങളുടെ സമയമാണ്. എന്തൊക്കെ പറഞ്ഞാലും ഇന്നതിന്റെ അളവ് കൂടുതലാണ്. ഇവിടെ മനുഷ്യനും മൃഗങ്ങൾക്കും ജീവിക്കണം അതിനു മനുഷ്യൻ തന്നെ വിചാരിക്കണം. മനുഷ്യനെ ഒഴിവാക്കികൊണ്ട് ഒരു പ്രകൃതി സംരക്ഷണവും സാധ്യവുമല്ല. അതാതു പ്രശ്‌നബാധിത പ്രദേശങ്ങളിൽ അതിലുൾപ്പെട്ട എല്ലാ സ്റ്റെയ്ക്ക് ഹോൾഡർമാരും "ഒന്നിച്ചിരുന്നു" കേസ് ബൈ കേസ് അഡ്രസ് ചെയ്യണ്ട കാലമാണ് മുന്നിൽ.
വീണ്ടും ഈ പോസ്റ്റിലേക്ക്, അപ്പൊ തെറി വിളിക്കുന്നവരും തെറി വിളിക്കാൻ കൊട്ടേഷൻ കൊടുക്കുന്നവരും, വീട്ടിലിരിക്കുന്നവരെ വരെ ചത്തു പോകട്ടെ എന്ന് പ്രാകുന്നവരും പറയുന്നതൊക്കെ പറഞ്ഞോളൂ പ്രചരിപ്പിച്ചോളൂ, എനിക്കീ ടീമിൽ വിശ്വാസമുണ്ട്, അവരിൽ അഭിമാനമുണ്ട്. യഥാർഥ വന്യ ജീവി സംരക്ഷണത്തിന് ഇവരെ പോലുള്ള ഹീറോകളും നമ്മുക്കാവശ്യമാണ്. നിരുപാധികം നിങ്ങളോടൊപ്പം, ടീം വയനാടിനൊപ്പം