പിഎം സൂര്യഭവനം പുരപ്പുറ സോളർ പദ്ധതി: സബ്സിഡി ചട്ടത്തിൽ വൻ മാറ്റം, ഉപഭോക്താക്കൾക്ക് നേട്ടം

Mail This Article
ന്യൂഡൽഹി ∙ പിഎം സൂര്യഭവനം പദ്ധതിയിൽ സബ്സിഡി കിട്ടാൻ സോളർ പ്ലാന്റുകൾ ഇനി പുരപ്പുറത്തു തന്നെ വേണമെന്നില്ല. ഓടിട്ട വീടുകളുള്ളവർക്കും അപ്പാർട്മെന്റ് സമുച്ചയങ്ങളിൽ താമസിക്കുന്നവർക്കും സോളർ പ്ലാന്റുകൾ നിലത്തും സ്ഥാപിക്കാമെന്ന് (ഗ്രൗണ്ട് മൗണ്ടഡ് എലിവേറ്റഡ് പ്ലാന്റുകൾ) കേന്ദ്ര പുനരുപയോഗ ഊർജമന്ത്രാലയം (എംഎൻആർഇ) അറിയിച്ചു.
ഇതുവരെ പുരപ്പുറം/ടെറസ്/ബാൽക്കണി എന്നിവിടങ്ങളിൽ പ്ലാന്റ് സ്ഥാപിക്കുന്നവർക്കു മാത്രമാണ് സബ്സിഡി അനുവദിച്ചിരുന്നത്. കോൺക്രീറ്റ് കെട്ടിടങ്ങളിൽ തന്നെ മേൽക്കൂരയുടെ ഘടനയിലെ പ്രത്യേകത മൂലം പ്ലാന്റ് സ്ഥാപിക്കാൻ കഴിയാത്തവർക്കും പുതിയ തീരുമാനം ഗുണകരമാകും.

അപ്പാർട്മെന്റുകളിൽ സ്വന്തം നിലയ്ക്കു പുരപ്പുറ സോളർ സ്ഥാപിക്കാൻ കഴിയാത്തവർക്ക് ഒരുമിച്ചുചേർന്ന് ഒരു നിശ്ചിത സ്ഥലത്ത് കമ്യൂണിറ്റി സോളർ പ്ലാന്റ് സ്ഥാപിക്കാൻ അവസരമുണ്ട്. ഒരു സോളർ പ്ലാന്റിൽനിന്ന് ഗ്രിഡിലേക്കു പോകുന്ന വൈദ്യുതിക്ക് ആനുപാതികമായി ഒന്നിലേറെ ഉപയോക്താക്കൾക്ക് അവരവരുടെ ബില്ലിൽ ഇളവു നൽകുന്ന വെർച്വൽ നെറ്റ് മീറ്ററിങ് രീതിയായിരിക്കും ഇതിന് ഉപയോഗിക്കുക.
ഒരു കോടി വീടുകളിൽ പുരപ്പുറ സോളർ പ്ലാന്റ് സ്ഥാപിക്കുകയാണ് പിഎം സൂര്യഭവനം പദ്ധതിയുടെ ലക്ഷ്യം. ഒരു കിലോവാട്ട് വൈദ്യുതിക്കുള്ള പദ്ധതിക്ക് 30,000 രൂപയും 2 കിലോവാട്ടിന് 60,000 രൂപയും 3 കിലോവാട്ടിന് 78,000 രൂപയുമാണു സബ്സിഡി.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business