എന്തോ സംഭവിക്കാൻ പോകുന്നു! സ്വർണം കയ്യിലുള്ളവർ ഒറ്റയടിയ്ക്ക് ലക്ഷപ്രഭുക്കളാകുമോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങളേറെ

Mail This Article
ചൈനയിൽ ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ ക്യു നിൽക്കേണ്ട അവസ്ഥയാണ്. വാലെന്റൈൻ ദിനത്തിനു മുമ്പ് തുടങ്ങിയ തിരക്ക് ഇതുവരെ കുറഞ്ഞിട്ടില്ല. കട തുറക്കുന്നതിനു മുമ്പ് തന്നെ ജനം സ്വർണം വാങ്ങാൻ ക്യു നിൽക്കുന്ന അവസ്ഥയും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മണിക്കൂറുകൾ സ്വർണം വാങ്ങാൻ കാത്തു നിന്നവരുമുണ്ട്. എന്തുകൊണ്ടാണ് സ്വർണത്തിന് പെട്ടെന്ന് ഇത്ര ഡിമാൻഡ് വന്നത്? എന്തെങ്കിലും കാര്യം സ്വർണ തിളക്കം കൂടുന്നതിന് പിന്നിലുണ്ടോ?
ഗോൾഡ് റീവാല്യൂവേഷൻ
കുറെ ദിവസങ്ങളായി സ്വർണത്തിന് പുനർ മൂല്യനിർണയം നടത്താൻ പോകുന്നുവെന്ന വാർത്തകൾ കൊണ്ട് സോഷ്യൽ മീഡിയ നിറയുകയാണ്. അമേരിക്ക സ്വർണത്തിന്റെ മൂല്യം മാറ്റാൻ തയ്യാറെടുക്കുന്നു എന്നാണ് വാർത്തകൾ. ഇങ്ങനെ ചെയ്‌താൽ സ്വർണത്തിന്റെ വില കുത്തനെ ഉയരും. അമേരിക്കയുടെ സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാൻ ഇത്തരമൊരു നീക്കം സഹായിക്കും എന്നാണ് കരുതുന്നത്. സ്വർണ വിലയിൽ പുനഃക്രമീകരണം നടത്തിയാൽ അത് ആഗോള സാമ്പത്തിക വ്യവസ്ഥയിൽ തന്നെ വലിയ മാറ്റം കൊണ്ടുവരും എന്ന് വിദഗ്ധർ പറയുന്നു. അത്തരമൊരു കാര്യം സംഭവിച്ചാൽ സ്വർണത്തിന്റെ വില 50 ശതമാനം മുതൽ 200 ശതമാനം വരെ ഉയരാം എന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇത്തരമൊരു മാറ്റം സ്വർണം ഉല്പാദിപ്പിക്കുന്ന രാജ്യങ്ങൾക്ക് മാത്രമല്ല, മൈനിങ് കമ്പനികൾക്കും സ്വർണത്തിൽ നിക്ഷേപിച്ചിരിക്കുന്നവർക്കും ലോട്ടറിയാകും.

പണനയം
അമേരിക്കയുടെ പണനയം കൈകാര്യം ചെയ്യുന്നതിൽ സ്വർണത്തിന് ഒരു നിർണായക പങ്കുള്ളതിനാൽ സ്വർണത്തിന്റെ പുനർമൂല്യനിർണയം അമേരിക്കൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് 40000 കോടി ഡോളറിലധികം വിലമതിക്കുന്ന സ്വർണ ശേഖരം സൂക്ഷിക്കുന്നുണ്ട്. ഈ സ്വർണ ശേഖരം യുഎസ് പണ നയത്തിന് ഒരു നിർണായക പിന്തുണയായി വർത്തിക്കുന്നു. ഫെഡിന്റെ സ്വർണനയങ്ങൾ ആഗോള വിപണികളെയും കറൻസി മൂല്യങ്ങളെയും ബാധിക്കും എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ അടുത്ത ദിവസങ്ങളായി കൂടുന്നുണ്ട്.
നിക്ഷേപകരെ എങ്ങനെ ബാധിക്കും?

ഇത്തരം വാർത്തകൾ പുറത്തു വരുന്നതോടെ കൂടുതൽ നിക്ഷേപകർ സ്വർണം വാങ്ങുന്നതിനാൽ സ്വർണവില ഗണ്യമായി ഉയരാൻ സാധ്യതയുണ്ട്. നിക്ഷേപകരിൽ പലരും 'പേപ്പർ സ്വർണ നിക്ഷേപങ്ങളേക്കാൾ' സ്വർണ ബാറുകളും നാണയങ്ങളും കൈവശം വയ്ക്കാൻ ഇഷ്ടപ്പെടുന്നതിനാൽ ഇപ്പോൾ തന്നെ സ്വർണത്തിനുള്ള ഡിമാൻഡ് കൂടുകയാണ്. ഈ ഡിമാൻഡ് സ്വർണത്തിൽ മാത്രമല്ല വെള്ളിയിലേക്കും വ്യാപിക്കുന്നുണ്ട്. അമേരിക്ക സ്വർണ പുനർമൂല്യനിർണ്ണയം നടത്തിയാൽ ഈ ഡിമാൻഡ് വീണ്ടും ശക്തമാകും. ഇത്തരമൊരു മാറ്റം വന്നാൽ സ്വർണ ശേഖരം കൈവശം വച്ചിരിക്കുന്ന രാജ്യങ്ങളുടെ പണ നില ശക്തിപ്പെടും. രാജ്യങ്ങളുടെ മാത്രമല്ല സ്വർണം കൈവശം വച്ചിരിക്കുന്ന വ്യക്തികളുടെ പോർട്ട് ഫോളിയോയിലും കുതിച്ചുചാട്ടം ഉണ്ടാകും.
സ്വർണ വിലയുടെ പുനർമൂല്യനിർണയം ആഗോളതലത്തിൽ സ്വർണത്തിന് വില കൂട്ടുമെങ്കിലും കറൻസികളുടെ വില കുത്തനെ ഇടിയുമോ എന്ന ആശങ്ക വിദഗ്ധർ പങ്കുവെയ്ക്കുന്നു. എന്നാൽ ഇത് അമേരിക്കൻ ഡോളറിനെ ശക്തിപ്പെടുത്തും എന്ന് വിദഗ്ധർ പറയുന്നു.

ഉത്തരമില്ലാത്ത ചോദ്യങ്ങൾ
2022 ൽ റഷ്യയുടെ ഡോളർ ആസ്തികൾ മരവിപ്പിച്ചതാണ് പെട്ടെന്ന് ആഗോള തലത്തിൽ തന്നെ സ്വർണ നിക്ഷേപങ്ങളിലേക്ക് രാജ്യങ്ങളെ മാറ്റിയതിനുള്ള ഒരു പ്രധാന കാരണം.
∙പുനഃക്രമീകരണം സംഭവിച്ചാൽ സ്വർണത്തിന്റെ മൂല്യം എത്രയായി ഉയരും?
∙രാജ്യങ്ങളെ അത് എങ്ങനെ ബാധിക്കും?
∙ഓഹരി വിപണികൾ ഇതിനോട് എങ്ങനെ പ്രതികരിക്കും?
∙ഡോളർ ഒഴികെയുള്ള കറൻസികളുടെ മൂല്യം കുത്തനെ ഇടിയുമോ?
∙ധനസമ്പാദനത്തിൽ നിന്നുള്ള വരുമാനം യുഎസ് സർക്കാർ എന്തിനുവേണ്ടി ഉപയോഗിക്കും?
∙പുനർമൂല്യനിർണ്ണയം ആഗോളതലത്തിൽ കേന്ദ്ര ബാങ്കുകളുടെ സ്വർണ വാങ്ങലുകൾ കൂടാൻ കാരണമാകുമോ?
എന്നീ ചോദ്യങ്ങൾക്കൊന്നും ഇപ്പോൾ ഉത്തരം പറയാനാകില്ല. ഈ മാറ്റം എങ്ങനെയാകും എന്ന സംശയം അമേരിക്കൻ സാമ്പത്തിക വിദഗ്ധർക്ക് തന്നെയുണ്ട്. ഇത് ചർച്ചകളിൽ മാത്രം ഒതുങ്ങുമോ അതോ യഥാർത്ഥത്തിൽ അമേരിക്ക നടപ്പിലാക്കുമോ എന്ന് കാത്തിരുന്നു കാണാം.