ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടറിന് നേരിട്ട് യോഗ്യതയില്ല; റയൽ, ബയൺ, പിഎസ്ജി, യുവെന്റസ് പ്ലേ ഓഫിന്: ‘കയറിക്കൂടി’ മാഞ്ചസ്റ്റർ സിറ്റി!

Mail This Article
ലണ്ടൻ∙ യുവേഫ ചാംപ്യൻസ് ലീഗിൽ അവസാന ദിനത്തിലെ ‘കൂട്ടപ്പൊരിച്ചിലു’കൾക്കൊടുവിൽ, പ്രീക്വാർട്ടർ ഉറപ്പിച്ച എട്ടു ടീമുകളുടെയും പ്ലേഓഫ് കളിക്കേണ്ട 16 ടീമുകളുടെയും കാര്യത്തിൽ അന്തിമ ചിത്രമായി. ലിവർപൂളും ആർസനലും ഉൾപ്പെടെയുള്ള ടീമുകൾ നേരിട്ട് പ്രീക്വാർട്ടറിൽ കടന്നപ്പോൾ, റയൽ മഡ്രിഡും ബയൺ മ്യൂണിച്ചും പിഎസ്ജിയും ഉൾപ്പെടെയുള്ള വമ്പൻമാർ പ്ലേഓഫ് കളിക്കണം. അവസാന മത്സരത്തിൽ പിന്നിൽനിന്ന് തിരിച്ചടിച്ച് ജയിച്ച മാഞ്ചസ്റ്റർ സിറ്റിയും ഒരുവിധം പ്ലേഓഫ് യോഗ്യതയുള്ള ടീമുകളുടെ കൂട്ടത്തിൽ ‘കയറിക്കൂടി’.
ചാംപ്യൻസ് ലീഗിന്റെ പുതിയ ഫോർമാറ്റ് പ്രകാരം, ആകെയുള്ള 36 ടീമുകളിൽ ആദ്യ എട്ടു സ്ഥാനത്തെത്തുന്ന ടീമുകളാണ് നേരിട്ട് പ്രീക്വാർട്ടറിന് യോഗ്യത നേടുക. ഒൻപതു മുതൽ 24 വരെ സ്ഥാനങ്ങളിലുള്ള 16 ടീമുകൾ പ്ലേഓഫ് കളിച്ച് ജയിക്കുന്ന എട്ടു ടീമുകൾ കൂടി പ്രീക്വാർട്ടറിൽ കടക്കും. ശേഷിക്കുന്ന 12 ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുക.
അവസാന മത്സരത്തിൽ ക്ലബ് ബ്രൂഗിനെ 3–1ന് തോൽപ്പിച്ചാണ് സിറ്റി ‘രക്ഷപ്പെട്ടത്’. ആദ്യപകുതിയിൽ ഒനിയേഡിക (45–ാം മിനിറ്റ്) നേടിയ ഗോളിൽ മുന്നിലായിരുന്ന ക്ലബ് ബ്രൂഗിനെ മാത്തിയോ കൊവാസിച്ച് (53), റാഫേൽ ഓർഡോനെസ് (62, സെൽഫ് ഗോൾ), സാവീഞ്ഞോ എന്നിവരുടെ ഗോളുകളിലാണ് സിറ്റി മറികടന്നത്. അതേസമയം, പ്രീക്വാർട്ടർ യോഗ്യതയ്‌ക്കുള്ള പ്ലേഓഫിൽ കരുത്തരായ റയൽ മഡ്രിഡോ ബയൺ മ്യൂണിക്കോ ആയിരിക്കും സിറ്റിയുടെ എതിരാളികൾ. റയൽ 3–0ന് ബ്രെസ്റ്റിനെയും ബയൺ 3–1ന് സ്ലോവൻ ബ്രാട്ടിസ്‌ലാവയെയും തോൽപ്പിച്ചു. റോഡ്രിഗോയുടെ ഇരട്ടഗോളിന്റെയും (27, 78), ജൂഡ് ബെല്ലിങ്ങാമിന്റെ ഗോളിന്റെയും (56) ബലത്തിലാണ് റയലിന്റെ വിജയം. തോമസ് മുള്ളർ (8), ഹാരി കെയ്ൻ (63), കിങ്സ്‌ലി കോമൻ (84) എന്നിവർ ബയണിനായി ലക്ഷ്യം കണ്ടു.
അവസാന മത്സരത്തിൽ ഡച്ച് ക്ലബ് പിഎസ്‌വി ഐന്തോവനോടു 3–2ന് തോറ്റെങ്കിലും, ഒന്നാം സ്ഥാനക്കാരായി ലിവർപൂൾ നേരിട്ട് പ്രീക്വാർട്ടർ യോഗ്യത നേടി. ഇറ്റാലിയൻ ക്ലബ് അറ്റലാന്റയുമായി രണ്ടു ഗോൾ വീതം നേടി സമനില പാലിച്ച് ബാർസിലോന രണ്ടാം സ്ഥാനക്കാരായും പ്രീക്വാർട്ടർ ഉറപ്പിച്ചു. ജിറോണയെ 2–1ന് തോൽപ്പിച്ച് ആർസനൽ, മൊണാക്കോയെ 3–0ന് തോൽപ്പിച്ച് ഇന്റർ മിലാൻ, ആർബി സാൽസ്ബർഗിനെ 4–1ന് തോൽപ്പിച്ച് അത്‍ലറ്റിക്കോ മഡ്രിഡ്, സ്പാർട്ട പ്രേഗിനെ 2–0ന് തോൽപ്പിച്ച് ബയേർ ലെവർക്യൂസൻ, ഫെയനൂർദിനെ 6–1ന് തോൽപ്പിച്ച് ലീൽ, സെൽറ്റിക്കിനെ 4–2ന് തോൽപ്പിച്ച് ആസ്റ്റൺ വില്ല എന്നീ ടീമുകൾ നേരിട്ട് പ്രീക്വാർട്ടർ യോഗ്യത നേടി. ബെൻഫിക്കയോട് 2–0ന് തോറ്റെങ്കിലും ഇറ്റാലിയൻ വമ്പൻമാരായ യുവെന്റസും സ്റ്റുട്ഗാർട്ടിനെ 4–1ന് തോൽപ്പിച്ച് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയും പ്ലേഓഫിനും യോഗ്യ നേടി.
നേരിട്ട് പ്രീക്വാർട്ടർ ഉറപ്പിച്ച ടീമുകളും പോയിന്റും
1. ലിവർപൂൾ (21)
2. ബാർസിലോന (19)
3. ആർസനൽ (19)
4. ഇന്റർ മിലാൻ (19)
5. അത്‍ലറ്റിക്കോ മഡ്രിഡ് (18)
6. ബയേർ ലെവർക്യൂസൻ (16)
7. ലീൽ (16)
8. ആസ്റ്റൺ വില്ല (16)
പ്ലേ ഓഫ് യോഗ്യത നേടിയ ടീമുകൾ
9. അറ്റലാന്റ
10. ബൊറൂസിയ ഡോർട്മുണ്ട്
11. റയൽ മഡ്രിഡ്
12. ബയൺ മ്യൂണിക്ക്
13. എസി മിലാൻ
14. പിഎസ്‌വി ഐന്തോവൻ
15. പിഎസ്ജി
16. ബെൻഫിക്ക
17. മൊണാക്കോ
18. ബ്രെസ്റ്റ്
19. ഫെയെനൂർദ്
20. യുവെന്റസ്
21. സെൽറ്റിക്
22. മാഞ്ചസ്റ്റർ സിറ്റി
23. സ്പോർട്ടിങ് ലിസ്ബൺ
24. ക്ലബ് ബ്രൂഗ്
പുറത്തായ ടീമുകൾ
25. ഡൈനാമോ സാഗ്രെബ്
26. സ്റ്റുട്ഗാർട്ട്
27. ഷാക്തർ ഡോണെട്സ്ക്
28. ബൊലോഗ്‌ന
29. റെഡ് സ്റ്റാർ ബെൽഗ്രേഡ്
30. സ്റ്റം ഗ്രാസ്
31. സ്പാർട്ട പ്രേഗ്
32. ആർബി ലെയ്പ്സിഗ്
33. ജിറോണ
34. റെഡ് ബുൾ സാൽസ്ബർഗ്
35. സ്ലോവൻ ബ്രാട്ടിസ്‌ലാവ
36. യങ് ബോയ്സ്