പാസ് നൽകാതെ ‘ചാൻസ്’ കളഞ്ഞ് നോവ, വിറപ്പിച്ച് ക്യാപ്റ്റൻ ലൂണ; ഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കയ്യാങ്കളി- വിഡിയോ

Mail This Article
ചെന്നൈ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിക്കെതിരായ ഗംഭീര വിജയത്തിനിടെയും കേരള ബ്ലാസ്റ്റേഴ്സിനു നാണക്കേടായി താരങ്ങളുടെ തമ്മിലടി. ചെന്നൈയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിനിടെ അവസാന മിനിറ്റുകളിലായിരുന്നു ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയൻ ലൂണയും മൊറോക്കൻ ഫോർവേഡ് നോവ സദൂയിയും നേർക്കുനേർ വന്നത്. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിനിടെ ചെന്നൈയിൻ ഗോൾ പോസ്റ്റിനു മുന്നിൽവച്ച് നോവ സദൂയി സുവർണാവസരം തുലച്ചതോടെയായിരുന്നു കയ്യാങ്കളി.
നോവയ്ക്കൊപ്പം ലൂണയും ഇന്ത്യൻ ഫോർവേഡ് ഇഷാൻ പണ്ഡിതയും ഈ സമയത്ത് ചെന്നൈയിൻ ബോക്സിലുണ്ടായിരുന്നു. എന്നാൽ പാസ് നൽകാതെ ഗോളടിക്കാൻ നോവ ശ്രമിച്ചതോടെ പന്തു പുറത്തേക്കാണു പോയത്. രണ്ടു താരങ്ങൾ മാർക്ക് ചെയ്യപ്പെടാതെ ഉണ്ടായിട്ടും നോവ പാസ് കൊടുക്കാത്തതാണ് ലൂണയെ പ്രകോപിപ്പിച്ചത്. ഈ നീക്കം ഗോളായിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സ് 4–1ന് മുന്നിലെത്തുമായിരുന്നു. ലൂണ ഗ്രൗണ്ടിൽവച്ചു തന്നെ നോവയെ ചോദ്യം ചെയ്തു. മൊറോക്കൻ താരവും തിരിച്ചുപറഞ്ഞതോടെ ഇരുവരും തമ്മിൽ ഉന്തും തള്ളുമായി.
ഒരു ടീമിലെ സഹതാരങ്ങൾ പരസ്പരം പോരടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. ഇന്ത്യൻ യുവതാരം ഇഷാൻ പണ്ഡിത ഇടപെട്ടാണ് ക്യാപ്റ്റനെയും നോവയെയും പിടിച്ചുമാറ്റിയത്. നോവ സദൂയിയുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചതായി അഡ്രിയൻ ലൂണ മത്സരത്തിനു ശേഷം പ്രതികരിച്ചു. ചെന്നൈയിനെതിരെ നോവ സദൂയിക്ക് ആദ്യ ഇലവനിൽ അവസരമുണ്ടായിരുന്നില്ല. രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിലാണു താരത്തെ ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ടിലിറക്കിയത്.