27 നിലകൾ, 4 ലക്ഷം സ്ക്വയർഫീറ്റ്: ആന്റിലിയയിലേക്ക് ജോലിക്കാരെ തേടി മുകേഷ് അംബാനി; വൻശമ്പളം!

Mail This Article
ലോകത്തിലെ ഏറ്റവും വിലമതിപ്പേറിയ സ്വകാര്യ വസതിയിൽ പ്രതിമാസം ലക്ഷങ്ങൾ കൈപ്പറ്റി ജോലിക്കാരാകാം. മുകേഷ് അംബാനിയുടെ ആന്റിലിയയാണ് പുതിയ ജോലിക്കാരെ തേടുന്നത്. 15000 കോടിക്ക് മുകളിൽ വിലമതിപ്പുള്ള വീട്ടിൽ 600നും 700നും ഇടയിൽ ജോലിക്കാരെ അംബാനികുടുംബം നിയമിച്ചിട്ടുണ്ടെന്നാണ് വിവരം. വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ കടത്തിവെട്ടുന്ന ശമ്പളത്തിലാണ് ഇവിടെ പല വിഭാഗത്തിലും ആളുകൾ ജോലി ചെയ്യുന്നത്. കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ പല ആനുകൂല്യങ്ങളും ആന്റീലിയയിലെ ജോലിക്കാർക്ക് ലഭിക്കുന്നുമുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം മുകേഷ് അംബാനിയുടെ ഡ്രൈവർക്ക് മാത്രം പ്രതിമാസം രണ്ട് ലക്ഷം രൂപയാണ് ശമ്പളം. സെക്യൂരിറ്റി ഗാർഡുകൾക്കാവട്ടെ 30000 രൂപയ്ക്കും 55869 രൂപയ്ക്കും ഇടയിൽ ശമ്പളം ലഭിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥരാണെങ്കിലും വീട്ടുജോലിക്കാരാണെങ്കിലും ആന്റിലിയയിൽ ജോലി നേടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ജോലിക്ക് അനുയോജ്യമായി കൃത്യമായ യോഗ്യതയുള്ള, സർട്ടിഫൈഡായിട്ടുള്ള ആളുകൾക്കേ അവസരമുള്ളൂ.

പാചകത്തിൽ ബിരുദം നേടിയവർക്ക് മാത്രമാണ് ആന്റീലിയയിലെ അടുക്കളയിൽ ഷെഫ് ആകാൻ സാധിക്കുക. പാത്രം കഴുകാനായി ജോലിക്കാരെ നിയമിക്കുന്നതിനു പോലും കൃത്യമായ സ്ക്രീനിങ് പ്രക്രിയ ഉണ്ടാവും. ഹൗസ് കീപ്പിങ് മുതൽ അറ്റൻഡന്റ് വരെയുള്ള ഓരോ ജോലിയും ചെയ്യുന്നവർ അംബാനി കുടുംബത്തിന്റെ നിലവാരത്തിനൊത്ത് ഉയർന്നവരായിരിക്കണം എന്ന നിർബന്ധവുമുണ്ട്. ഇത് ഉറപ്പാക്കാനായി എഴുത്തു പരീക്ഷയും അഭിമുഖവുമൊക്കെ നടത്തിയ ശേഷമാണ് ജോലിക്ക് ആളുകളെ തിരഞ്ഞെടുക്കുന്നത്.

ആന്റിലിയയിൽ ജോലി നേടുന്നത് അൽപം ബുദ്ധിമുട്ടാണെങ്കിലും ശമ്പളത്തിനു പുറമേ ആരോഗ്യ ഇൻഷുറൻസ് അടക്കം ഭാവി സുരക്ഷിതമാക്കാൻ വേണ്ട എല്ലാ ആനുകൂല്യങ്ങളും ആസ്വദിക്കാം എന്നതാണ് നേട്ടം. 27 നിലകളുള്ള ആന്റീലിയയിലെ ഓരോ ഭാഗവും കൃത്യമായി പരിചരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ജോലിക്കാരുടെ ഉത്തരവാദിത്തമാണ്.
അങ്ങേയറ്റം സുരക്ഷ ഉറപ്പാക്കിയാണ് ആന്റിലിയ രൂപകൽപന ചെയ്തിരിക്കുന്നത്. റിക്ടർ സ്കെയിൽ എട്ടുവരെ തീവ്രതയുള്ള ഭൂകമ്പങ്ങളെ ചെറുത്ത് നിൽക്കാൻ വസതിക്ക് കഴിയും.

പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന ആഡംബര സൗകര്യങ്ങളാണ് അംബാനി വീടിനുള്ളിൽ നിറച്ചിരിക്കുന്നത്. ആഡംബര സ്പാ, ഹെൽത്ത് സെന്റർ, സിനിമ തിയേറ്റർ, സ്വിമ്മിങ് പൂളുകൾ, ജാക്കുസികൾ, യോഗാ സ്റ്റുഡിയോ, ഡാൻസ് ഫ്ലോർ, അമ്പലം, സ്നോ റൂം, ഡാൻസ് ഫ്ലോർ എന്നിവയെല്ലാം ഇവിടെയുണ്ട്. 168 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. കൂടാതെ മൂന്ന് ഹെലിപാഡുകളാണ് വീടിനു മുകളിലായി അംബാനി ഒരുക്കിയിരിക്കുന്നത്.

ആറു വർഷമെടുത്താണ് ആന്റിലിയയുടെ നിർമാണം പൂർത്തിയായത്. 2011ലാണ് അംബാനി കുടുംബം ഇവിടേക്ക് താമസം മാറിയത്. പതിനഞ്ചാം നൂറ്റാണ്ടിൽ അറ്റ്ലാന്റിക് സമുദ്രത്തിൽ നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്ന ഒരു പുരാണ ദ്വീപിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 'ആന്റിലിയ' എന്ന പേര് തിരഞ്ഞെടുത്തത്.