പച്ചത്തേങ്ങ കിട്ടാനില്ല, കൊപ്രയ്ക്കും ക്ഷാമം, വെളിച്ചെണ്ണ വില ഉയരാം: ഇന്നത്തെ (25/2/25) അന്തിമ വില

Mail This Article
നാളികേര വിളവെടുപ്പ് പുരോഗമിച്ചെങ്കിലും പ്രതീക്ഷിച്ച പോലുള്ള ഉൽപാദനം കർഷകർക്ക് ഉറപ്പുവരുത്താനായില്ല. കഴിഞ്ഞ ഏപ്രിൽ‐മേയ് കാലയളവിലെ ഉയർന്ന ചൂടിൽ വ്യാപകമായി മച്ചിങ്ങ ഒട്ടുമിക്ക ഭാഗങ്ങളിലും കൊഴിഞ്ഞുവീണത് തന്നെയാണ് ഈ വർഷം വിളവ് കുറയാൻ കാരണമായി ഉൽപാദകർ വിലയിരുത്തുന്നത്. തെക്കൻ കേരളത്തിൽനിന്നും അതിർത്തി ജില്ലകളിൽനിന്നും പച്ചത്തേങ്ങ തമിഴ്‌നാട്ടിലേക്ക് കയറ്റി പോകുന്നുണ്ടെങ്കിലും വ്യവസായികളുടെ ആവശ്യാനുസരണം ചരക്ക് ലഭിക്കുന്നില്ല. കൊച്ചി, കാങ്കയം വിലകൾ തമ്മിൽ ക്വിന്റലിന് 200 രൂപയുടെ വ്യത്യാസം മാത്രമാണ് നിലവിൽ, അവിടെ 14,850 രൂപയിലും ഇവിടെ 15,050 രൂപയിലും വ്യാപാരം നടക്കുന്നു. അടുത്ത മാസം ലഭ്യത ഉയരുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം മില്ലുകാർ. വിലക്കയറ്റം കണ്ട് തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലും കർഷകർ വിളവെടുപ്പ് നടത്തുന്നുണ്ടങ്കിലും മൂപ്പു കുറഞ്ഞ നാളികേരമായതിനാൽ ഭക്ഷ്യ ആവശ്യങ്ങൾക്കു മാത്രമേ ഉപകരിക്കൂ. മാസാരംഭം അടുത്ത സാഹചര്യത്തിൽ വെളിച്ചെണ്ണയ്‌ക്ക് പ്രദേശിക ഡിമാൻഡ് ഉയരുന്നത് മുൻനിർത്തി ഉൽപാദനം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് വൻകിട മില്ലുകാർ. അവർ കൊപ്രയിൽ പിടിമുറുക്കിയാൽ അതിന് അനുസൃതമായി എണ്ണ വിലയും ചൂടുപിടിക്കാം.
സംസ്ഥാനത്തെ ഒട്ടുമിക്ക ഭാഗങ്ങളിലെയും റബർത്തോട്ടങ്ങൾ നിശ്ചലമാണ്. ഉയർന്ന പകൽ താപനില തന്നെയാണ് കർഷകരെ ടാപ്പിങ്ങിൽനിന്നു പിൻതിരിയാൻ പ്രേരിപ്പിച്ചത്. ഇനി വേനൽമഴയുടെ വരവിനായി നമുക്ക് കാത്തിരിക്കാം. സാധാരണ ശിവരാത്രിക്കു ശേഷം ഒരു മഴ പതിവുള്ളതാണെങ്കിലും മുൻ കാലങ്ങളിലെ കാലാവസ്ഥയിൽനിന്നും സ്ഥിതിഗതികൾ ഏറെ മറിമറിഞ്ഞ സാഹചര്യത്തിൽ വ്യക്തമായ ഒരു മഴച്ചിത്രത്തിനായി അൽപ്പം കൂടി കാത്തിരിക്കേണ്ടി വരും. ഇതിനിടെ ജപ്പാൻ റബർ അവധിയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം. രാവിലെ 373 യെൻ വരെ ഉയർന്ന് ഇടപാടുകൾ നടന്ന ജൂൺ അവധി 363ലേക്ക് ഇടിഞ്ഞത് നിക്ഷേപകരെ പുതിയ പൊസിഷനുകളിൽ നിന്നും പിൻതിരിപ്പിച്ചു.

സംസ്ഥാനത്ത് പകൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയത് കാർഷിക മേഖലയിൽ ആശങ്ക പരത്തി. പിന്നിട്ട അര നൂറ്റാണ്ടിനിടെ ഫെബ്രുരിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന ചൂടിനെ ഏതു വിധം മറികടക്കുമെന്ന ആലോചനയിലാണ് ചെറുകിട കർഷകർ. വിളനാശ സാധ്യതകൾ പരിഹരിക്കാൻ കൃത്രിമ ജലസേചന മാർഗ്ഗങ്ങൾ ആരായുകയാണ് പലരും. ഉൽപാദകമേഖലയിൽ രാവിലെ നടന്ന ഏലക്ക ലേലത്തിൽ വാങ്ങലുകാരുടെ ശക്തമായ പിൻതുണ നിലനിന്നിട്ടും ശരാശരി ഇനങ്ങൾ കിലോ 2760 രൂപയായി താഴ്‌ന്നു. മികച്ചയിനങ്ങൾ 3025 രൂപയിൽ കൈമാറി.
ജില്ല തിരിച്ചുള്ള വിലകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക