ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കർഷകർക്കുവേണ്ടി വസ്തുതകൾ നിരത്തി സംസാരിക്കാൻ ഒരു സംഘനയുണ്ടെങ്കിൽ അത് കിഫയാണ്. കിഫ എന്നാൽ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ സ്വതന്ത്ര കർഷക കൂട്ടായ്മ. ഇവിടെ ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല. പ്രധാനലക്ഷ്യം മലയോര കർഷക ജനതയുടെ ക്ഷേമം. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ പിൻബലമില്ലാതെ, അഭ്യസ്തവിദ്യരായ ഒരു പറ്റം ചെറുപ്പക്കാരുടെയും സമാന ചിന്താഗതിയുള്ളവരുടെയും അഭിഭാഷകരുടെയും കൂട്ടായ പരിശ്രമത്തിൽ വളർന്നതാണ് കിഫ എന്ന സംഘടന. തലവാചകത്തിൽ സൂചിപ്പിച്ചതുപോലെ പൈനാപ്പിളാനയിൽ ഗർഭംധരിച്ച് പൊന്നു മത്തായിയുടെ മരണത്തോടെ പിറന്ന സംഘടന.‌

എന്തുകൊണ്ട് കിഫ?

ഈ ചോദ്യത്തിനുള്ള ഉത്തരം അറിയാൻ പലർക്കും ആഗ്രഹമുണ്ടാകും. അതുകൊണ്ടുതന്നെ കിഫയുടെ ചരിത്രവും പ്രവർത്തനവും അറിയേണ്ട കാര്യംതന്നെ. കിഫ എന്ന പേരിലായിരുന്നില്ല ആദ്യം ഈ കൂട്ടായ്മ രൂപീകൃതമായത്. 2020  ജൂണിൽ പാലക്കാട് പൈനാപ്പിളിൽ വച്ച പടക്കം കടിച്ച് ആന ചരിഞ്ഞ സംഭവത്തോടെയാണ് കിഫയുടെ തുടക്കം. അന്ന് ‘കേരളത്തിലെ കർഷകരും വന്യമൃഗശല്യവും’ എന്ന പേരിലായിരുന്നു ഫെയ്‌സ്ബുക്ക് കൂട്ടായ്മ തുടങ്ങിയത്. 

ആന ചരിഞ്ഞ സംഭവം വലിയ വിവാദമായി കത്തിപ്പടർന്നു. ദേശീയ തലത്തിൽനിന്ന് രാജ്യാന്തര തലത്തിലേക്കുവരെ ചർച്ചകളുയർന്നു. അതിൽ ഏറ്റവുമധികം ആരോപണവിധേയരായത് കേരളത്തിലെ മലയോര കർഷകരും. കർഷകർ വനം കയ്യേറിയതാണ് മൃഗങ്ങളുടെ നാശത്തിനു കാരണം, കർഷകനാണ് എല്ലാത്തിനും കാരണം എന്നൊക്കെ പരിസ്ഥിതിവാദികളും ആനപ്രേമികളും സമൂഹമാധ്യമങ്ങളിലൂടെ കുറ്റപ്പെടുത്തി. 

ആന ചരിഞ്ഞ സംഭവത്തിൽ വിൽസൺ എന്ന വ്യക്തി അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. വിൽസന് നിയമസഹായത്തിനായി 10,000 രൂപ നൽകുമെന്ന് അലക്സ് ചാണ്ടി ഒഴുകയിൽ എന്ന പ്രവാസി ഫെയ്‌സ്ബുക്കിൽ കുറിപ്പ് ഇട്ടു. ഒപ്പം ആ കുറിപ്പ് അന്ന് ഈ വാർത്ത കൈകാര്യം ചെയ്ത മാധ്യമങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലെ, ഈ വാർത്തയുടെ കീഴെ കമന്റ് ആയി പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ, ആ കുറിപ്പുമായി ബന്ധപ്പെട്ട് ശക്തമായ ആക്രമണമായിരുന്നു അലക്സ് ചാണ്ടിക്ക് നേരിടേണ്ടിവന്നത്. പരിസ്ഥിതി വാദികളും ആനപ്രേമികളും മൂർച്ചയേറിയ വാക്കുകൾക്കൊണ്ട് അദ്ദേഹത്തിനുനേരെ തിരിഞ്ഞു. പ്രത്യേകിച്ച് മലയോര കർഷകരെ അടച്ചാക്ഷേപിക്കുന്ന വിധത്തിലുള്ള വാക്കുകളും അതിൽ നിറഞ്ഞു. 

alex-kifa
അലക്സ് ഒഴുകയിൽ

കർഷകർക്കുവേണ്ടി, ജീവിക്കാൻവേണ്ടിയാണ് കൃഷി ചെയ്യുന്നത് എന്നൊക്കെ പറഞ്ഞെങ്കിലും അതൊന്നും വകവയ്ക്കാൻ അവർക്ക്, ആ പരിസ്ഥിതിസ്നേഹികൾക്ക് ആകുമായിരുന്നില്ല. അവരുടെ വാക്കുകളെ പ്രതിരോധിക്കാനുള്ള ആൾബലം കർഷകസമൂഹത്തിനുമില്ലായിരുന്നു. അവിടെനിന്നാണ് മുകളിൽ സൂചിപ്പിച്ചതുപോലെ ‘കേരളത്തിലെ കർഷകരും വന്യമൃഗശല്യവും’ എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മ ഉടലെടുത്തത്. സമാന ചിന്താഗതിയുള്ള ഒരുപറ്റം യുവാക്കളും ഇതിന് അലക്സിന്റെ ഒപ്പം നിന്നു. സമാന പ്രശ്നങ്ങൾ അഭിമുഖീകരിച്ചുകൊണ്ടിരുന്ന കേരളത്തിലെ കർഷകർ കൂട്ടായ്മയുടെ ഭാഗമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സോഷ്യൽമീഡിയിലൂടെ കർഷകർക്കുനേരെ വരുന്ന ആക്രമണത്തെ സോഷ്യൽ മീഡിയ വഴിതന്നെ പ്രതിരോധിക്കുകയായിരുന്നു കൂട്ടായ്മയടെ ലക്ഷ്യം.

ആ കൂട്ടായ്മ വളർന്നു, കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള വന്യമൃഗ ആക്രമണം കൂട്ടായ്മയിൽ പങ്കുവയ്ക്കപ്പെട്ടു. അതുവരെ അധികമാരും ശ്രദ്ധിക്കാത്ത, അതല്ലെങ്കിൽ കാണാത്ത വിധത്തിലുള്ള വന്യജീവി ആക്രമണ റിപ്പോർട്ടുകളായിരുന്നു ഗ്രൂപ്പിൽ കർഷകർ പങ്കുവച്ചത്. ഓരോരുത്തരും തങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് എല്ലാവർക്കുമായി അവതരിപ്പിച്ചത്. കാട്ടുപന്നി, ആന, കുരങ്ങ്, മയിൽ, മുള്ളൻപന്നി, മലയണ്ണാൻ എന്നിങ്ങനെയുള്ള ജീവികൾ കർഷകരുടെ സ്വപ്നങ്ങളും അധ്വാനവും ഇല്ലാതാക്കി കൃഷിഭൂമികൾ തകർത്തെറിഞ്ഞത് ആ ഗ്രൂപ്പിലൂടെ ലോകം മുഴുവനും കണ്ടു. 

പിന്നാലെ വന്യജീവികൾക്കുവേണ്ടി പലപ്പോഴും കർഷകരും തൊഴിലാളികളുമൊക്കെ ക്രൂശിക്കപ്പെടുന്ന സ്ഥിതിയിലെത്തിയപ്പോൾ കേരളത്തിലെ കർഷകരും വന്യമൃഗശല്യവും എന്ന കൂട്ടായ്മ കുറേക്കൂടി ശക്തിപ്പെടാൻ തീരുമാനിച്ചു. 2020 ഓണത്തിന് കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ(കിഫ) ചാരിറ്റബിൾ സൊസൈറ്റിയായി റജിസ്റ്റർ ചെയ്തു. അതിനു കാരണമായത് പത്തനംതിട്ടയിലെ പൊന്നു മത്തായിയുടെ മരണവും. 

kifa-2

ഒരു പ്രൊഫഷനൽ ടീം എന്നു കിഫയെ വിളിക്കാം. ജിന്റോ ജയിംസ്, പ്രവീൺ ജോർജ്, ഷൈൻ മാത്യു, അഡ്വ. അലക്സ്‌ എം.സ്‌കറിയ, അഡ്വ. ജോസ് ചെരുവിൽ, അഡ്വ. ജോസി ജേക്കബ്, അഡ്വ. ജോണി കെ.ജോർജ്, തോംസൺ കെ.ജോർജ്, ഫ്രാൻസിസ് വടാന, സിജോ ജോസഫ് തുടങ്ങിയ ആളുകൾ തുടക്കം മുതൽ കിഫയുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ചവരാണ്. ചെയർമാൻ അലക്സിന്റെ നേതൃത്വത്തിൽ ഓരോ ജില്ലയിലും പ്രവർത്തകർ, സോഷ്യൽ മീഡിയ ഹാൻഡിൽ ചെയ്യാൻ പ്രത്യേക വിഭാഗം, ബ്രാൻഡിങ്ങിന് പരസ്യമേഖലയിൽ പ്രവർത്തിക്കുന്നവർ, നിയമസഹായത്തിന് സെഷൻസ് മുതൽ സുപ്രീം കോടതി വരെ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർ, വിവരാവകാശം വയ്ക്കാൻ പ്രത്യേക ടീം എന്നിങ്ങനെ പ്രത്യേക ദൗത്യങ്ങൾ ഓരോ ടീമിനും ഉണ്ട്. എല്ലാവരുംതന്നെ കർഷകരുടെ മക്കളും കാർഷിക മേഖലയിൽ ഉൾപ്പെട്ടവരുമാണെന്നതാണ് മറ്റൊരു പ്രത്യേകത. മാർക്കറ്റ് റിസർച്ചറാണ് അലക്സ്. അതുകൊണ്ടുതന്നെയാണ് ഡാറ്റയും കണക്കുകളും മുന്നിൽവച്ച് സംസാരിക്കാൻ അലക്സിന് കഴിയുന്നത്. ചാനൽ ചർച്ചകളിൽ ഡാറ്റ വച്ചു സംസാരിക്കുന്ന കിഫയുടെ പ്രവർത്തകർക്കു മുൻപിൽ കാൽപനികതയെ കൂട്ടുപിടിച്ചുള്ള കഥകൾ പങ്കുവയ്ക്കാൻ പരിസ്ഥിതി–മൃഗസ്നേഹികൾക്കു കഴിയാതായി. കിഫയുടെ പ്രവർത്തകർ ചർച്ചയ്ക്കുണ്ടെങ്കിൽ പിന്മാറുന്നവരുമുണ്ട്. 

കേരളത്തിൽ പരിസ്ഥിതിവാദികൾ ഏറെയുണ്ട്. പരിസ്ഥിതിക്കും വനത്തിനും വേണ്ടി ശക്തമായി പ്രവർത്തിക്കുന്ന പ്രമുഖരെല്ലാം വലിയ വിദ്യാഭ്യാസവും അംഗീകാരവുമൊക്കെ ഉള്ളവരാണ്. തങ്ങളുടെ മേഖലകളിൽ അവർക്ക് നല്ല അറിവുമുണ്ട്. എന്നാൽ, ഇവരോട് സംവാദത്തിന് പോകേണ്ടിവരുന്ന കർഷകനാകട്ടെ സാധാരണക്കാരനാണ്. അതല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ ഭാഗമായ ആളാണ്. അവനൊരിക്കലും അവരെ ഖണ്ഡിക്കാനുള്ള അക്കാഡമിക് അറിവുകൾ ഇല്ലായിരുന്നു. ശരിയാണ്, പരിസ്ഥിതിവാദികളുടെ വാക്കുകൾ മാത്രമാണ് പൊതുസമൂഹത്തിൽ പ്രചരിച്ചിട്ടുള്ളത്. കർഷകനുവേണ്ടി വാദിച്ചവരുടെ ശബ്ദം ആരും കേട്ടിട്ടില്ല. കാരണം, മലയോര കർഷകനെ കണ്ടാൽ ഭൂമി കയ്യേറ്റക്കാരൻ എന്നേ ആളുകൾ ചിന്തിക്കൂ എന്നതുതന്നെ കാരണം. 

കർഷകർക്ക് നിയമ പരിജ്ഞാനം നൽകുന്നതിനായി പ്രത്യേക നിയമ ക്ലാസുകൾ വരെ കിഫ സമൂഹമാധ്യമത്തിലൂടെ നൽകിയിട്ടുണ്ട്. എല്ലാ വർഷവും നവംബർ 26 മുതൽ ഒരാഴ്ചക്കാലം വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നൽകാറുണ്ട്. അതുപോലെ 2021ൽ പുറത്തിറക്കിയ ഹാൻഡ്ബുക്ക്, അതിൽ കർഷകർ അറിഞ്ഞിരിക്കേണ്ട പ്രധാന നിയമകാര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അറസ്റ്റ്, കസ്റ്റഡി മർദനം, വന്യമൃഗശല്യം ഉണ്ടായാൽ എന്തു ചെയ്യണം,  മരണമുണ്ടായാൽ എന്തു ചെയ്യണം, പരിക്കു പറ്റിയാൽ എന്തു ചെയ്യണം എന്നുതുടങ്ങി പതിനഞ്ചോളം നിയമ കാര്യങ്ങൾ ആ ഹാൻഡ്ബുക്കിലുണ്ട്. അഞ്ചു വർഷത്തെ തുടർച്ചയായുള്ള പ്രവർത്തനങ്ങൾ വഴിയാണ് സാധാരണ കർഷകരും നിയമകാര്യത്തിൽ അറിവുള്ളവരായത്. അത് കർഷകർക്കുതന്നെ പ്രയോജനപ്പെട്ടിട്ടുമുണ്ട്. 

English Summary:

KIFA, the Kerala Independent Farmers Association, advocates for the rights and welfare of Kerala's farmers. This organization provides legal aid, combats misinformation, and empowers farmers to address challenges like wildlife conflict and land encroachment.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com