ആനയുടെ കാര്യത്തിൽ എന്തിനാണിത്ര വൈകാരികത! ഇവിടെ മനുഷ്യജീവനുകളുമുണ്ട്, അതു മറക്കരുത്

Mail This Article
പരസ്പരം കുത്തു കൂടി മസ്തകത്തിൽ പരിക്കേറ്റ ഒരു കാട്ടാനയ്ക്ക് കൊടുക്കുന്ന പരിഗണനയുടെ പത്തിലൊരംശം പോലും കേരളത്തിന്റെ മലയോര മേഖലകളിൽ കൊല്ലപ്പെടുന്ന കർഷകർക്കു കിട്ടുന്നില്ലെന്നുള്ളതാണ് വാസ്തവം. പ്രകൃതിനിയമങ്ങൾക്ക് അനുസൃതമായുള്ള മൃഗങ്ങളുടെ തമ്മിലുള്ള അതിജീവന സംഘർഷങ്ങളിൽ നമ്മുടെ സംവിധാനങ്ങൾ ഇടപെടേണ്ടതിന്റെ ആവശ്യകത എന്താണ്? അല്ലെങ്കിൽ തന്നെ മനുഷ്യമൃഗ സന്തുലിതാവസ്ഥയുടെ സമവാക്യങ്ങൾ ഇവിടെ എന്നേ തകർക്കപ്പെട്ടു കഴിഞ്ഞു!
കഴിഞ്ഞ ആഴ്ചയിലെ വെറും 24 മണിക്കൂറിനുള്ളിൽ മൂന്നു മനുഷ്യജീവനുകൾ കാട്ടാനകൾ ചവിട്ടിയരച്ചപ്പോൾ ഉയരാതിരുന്ന വികാരങ്ങൾ, കരുതലാകാതിരുന്ന സംവിധാനങ്ങൾ എത്രവേഗമാണ് ഒരു കാട്ടാനയുടെ പരിക്കിൽ ഉണർന്നു പ്രവർത്തിച്ചത്! എത്ര ആളുകൾ, വാഹനങ്ങൾ, എക്യുപ്മെന്റുകൾ പൊതു ഖജനാവിൽനിന്ന് നികുതിപ്പണം ഒഴുകുകയായിരുന്നു.
ഇവിടെ ശാസ്ത്രീയതയ്ക്കും, സംരക്ഷണത്തിനുമൊക്കെ അപ്പുറം സിസ്റ്റത്തെ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് അതി വൈകാരികതയും, കാൽപനികതയുമൊക്കെ ആയി മാറിയിരിക്കുന്നു എന്നു വേണം മനസ്സിലാക്കാൻ. അപകടകാരിയെന്നു മുദ്രകുത്തി റേഡിയോ കോളർ ഘടിപ്പിച്ച് സദാ നിരീക്ഷിക്കേണ്ട ഒരു ആന വയനാട്ടിൽ ഒരാളെ വീട്ടുമുറ്റത്തിട്ടു കൊന്നപ്പോൾ ആനയെ പിടികൂടാനാവാതെ നിസ്സഹായരായി കൈമലർത്തിയ അതേ വനം വകുപ്പ്, ഇവിടെ എത്ര ചടുലമായി രണ്ടുപ്രാവശ്യമായി ഈ ആനയെ കീഴപ്പെടുത്തി ചികിത്സകൾ കൊടുത്തു എന്ന വിരോധാഭാസം നാം മനസ്സിലാക്കണം.
കാട്ടിലെ അന്യോന്യമുള്ള സംഘർഷത്തിലാണ് ആനയ്ക്ക് പരിക്കു പറ്റിയതെന്നും, ഇണ ചേരുന്ന സമയങ്ങളിൽ ഇത്തരത്തിൽ സംഘർഷങ്ങൾ ഉണ്ടാവാറുള്ളത് പതിവായ കാര്യമാണെന്നും, ഇത്തരത്തിൽ കഴിഞ്ഞവർഷം പന്ത്രണ്ടോളം ആനകളുടെ പോസ്റ്റുമോർട്ടം നടത്തിയിട്ടുണ്ടെന്നും ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയ തന്നെയാണ് പറഞ്ഞത്. ഈ ആനയുടെ കാര്യത്തിലുള്ള വൈകാരികത തനിക്ക് മനസ്സിലാകുന്നില്ല എന്നതും, എന്നാൽ ഗവൺമെന്റ് നയത്തിന്റെ ഭാഗമായി ഏൽപ്പിക്കപ്പെട്ട ജോലി ഭംഗിയായി നിർവഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവികളുടെ വലുപ്പവും, ഭംഗിയും വെച്ച് വികാരവും സ്നേഹവും പ്രകടിപ്പിക്കുന്ന പ്രിവിലേജ്ഡ് മലയാളിയുടെ നയം പിൻപറ്റുക എന്നതാണോ സർക്കാരുകൾ ചെയ്യേണ്ടത്?
ആറളം പുനരധിവാസ മേഖലയിൽ സർക്കാർ ആദിവാസികളെ കുടിയിരുത്തിയ 3500 ഏക്കർ ഇന്ന് ശവപ്പറമ്പാണ്. 14 ആദിവാസികളാണ് കഴിഞ്ഞ ഏഴു വർഷങ്ങളിലായി കാട്ടാന ആക്രമണത്തിൽ ഇവിടെ കൊല്ലപ്പെട്ടത്. ഏതു നിമിഷവും മരിച്ചു വീഴാമെന്ന അവസ്ഥയിൽ പല കുടുംബങ്ങളും ഇവിടം വിട്ടു പോയി. കേരളത്തിലെ മൊത്തത്തിലെ മലയോര മേഖലയിലെയും, വനാതിർത്തിയിലെയും അവസ്ഥയും ഇതിൽനിന്ന് വിഭിന്നമല്ല. വൈകാരിക പൊതുബോധങ്ങളെ മാറ്റിനിർത്തി, വിഷയത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്ത് വൈൽഡ് ലൈഫ് മാനേജ്മെന്റ് സാധ്യമാക്കുന്നില്ലെങ്കിൽ മലനാട് കഴിഞ്ഞ് ഇടനാട്ടിലേക്ക് ഈ ദുരന്തങ്ങൾ എത്തപ്പെടുന്ന കാലം വിദൂരമല്ല. വൈകി പരിഹരിക്കുമ്പോഴേക്കും, ഇവിടെ ഒരു ജനതയുടെ വംശം തന്നെ അറ്റു പോയേക്കാം.