പ്രകൃതിദുരന്തം: 30 വർഷത്തിനിടെ ഇന്ത്യയിൽ 80,000 പേർക്ക് ജീവൻ നഷ്ടമായി!

Mail This Article
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ പ്രകൃതിദുരന്തങ്ങളിൽ കഴിഞ്ഞ 30 വർഷത്തിനിടെ ഇന്ത്യയിൽ പൊലിഞ്ഞത് 80,000 ജീവനുകൾ. പരിസ്ഥിതി സംഘടനയായ ജർമൻ വാച്ച് പ്രസിദ്ധീകരിച്ച കാലാവസ്ഥാ അപകടസൂചിക (സിആർഐ) 2025-ന്റെ റിപ്പോർട്ടിലാണ് കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതം തെക്കൻ രാജ്യങ്ങളെ വൻതോതിൽ ബാധിച്ചതായി പറയുന്നത്. 1993 നും 2023 നും ഇടയിലുണ്ടായ പരിസ്ഥിതി ദുരന്തങ്ങളിൽ 1.5 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായ തെക്കൻ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്താണ്. ഡൊമിനിക്കയാണ് ഒന്നാം സ്ഥാനത്ത്.

1998ൽ ഗുജറാത്തിലും 1999ൽ ഒഡീഷയിലുണ്ടായ ചുഴലിക്കാറ്റ്, 2014ലും 2020ലും ഉണ്ടായ ഹുദ്ഹുദ്, അംഫാൻ ചുഴലിക്കാറ്റുകൾ, 1993ൽ വടക്കേ ഇന്ത്യയിലുണ്ടായ വെള്ളപ്പൊക്കം, 2013 ലെ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കം, 2019ലെ പ്രളയം, 1998, 2002, 2003, 2015 എന്നീ വർഷങ്ങളിലുണ്ടായ അസാധാരണമായ തീവ്ര ഉഷ്ണതരംഗങ്ങൾ തുടങ്ങി കഴിഞ്ഞ 30 വർഷങ്ങൾക്കിടയിൽ 400 ലധികം അതി തീവ്രമായ കാലാവസ്ഥാ ദുരന്തങ്ങളെയാണ് ഇന്ത്യ നേരിട്ടത്. മൊത്തം ആഗോള മരണങ്ങളുടെ 10 ശതമാനവും ആഗോള സാമ്പത്തിക നഷ്ടത്തിന്റെ 4.2 ശതമാനവും ഇന്ത്യയിലാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കാരണം ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു, കൃഷി നശിക്കപ്പെട്ടു, ചുഴലിക്കാറ്റുകൾ തീരപ്രദേശങ്ങളെ തകർത്തു.
തുടർച്ചയായി പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് പഠനം പറയുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ആഗോള തലത്തിൽ 9,400 തീവ്രമായ കാലാവസ്ഥാ ദുരന്തങ്ങൾ ഉണ്ടായതിൽ 7,65,000 ആളുകൾക്ക് ജീവൻ നഷ്ടമായി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ലോകമെമ്പാടും കാലാവസ്ഥാ ദുരന്തം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട 10 രാജ്യങ്ങളിൽ ഇറ്റലി, സ്പെയിൻ, ഗ്രീസ് എന്നീ മൂന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമുണ്ട്. 1993-2022 ലെ പട്ടികയിൽ ഡൊമിനിക്ക, ചൈന, ഹോണ്ടുറാസ്, മ്യാൻമർ, ഫിലിപ്പീൻസ് എന്നിവയാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട മറ്റ് രാജ്യങ്ങൾ.