ADVERTISEMENT

പാരിസ്∙ വനിതാ ഗുസ്തി ഫൈനലിനു തൊട്ടുമുൻപ് ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തിൽ പ്രതികരിച്ച് പാരിസിലെ ഇന്ത്യൻ സംഘത്തിനൊപ്പമുള്ള ചീഫ് മെഡിക്കൽ ഓഫിസർ ദിൻഷോ പൗഡിവാല. വിനേഷിനെ 50 കിലോ ഗ്രാം ഫൈനലിൽ മത്സരിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നതായി ദിൻഷോ വിശദീകരിച്ചു.

വിനേഷ് ഫോഗട്ടിന്റെ ഭാരം കുറയ്ക്കുന്നതിനായി താരത്തിന്റെ മുടി മുറിക്കുകയും വസ്ത്രം ചെറുതാക്കുകയും വരെ ചെയ്തതായി ദിന്‍ഷോ വിഡിയോ സന്ദേശത്തിൽ പ്രതികരിച്ചു. ‘‘വിനേഷ് ഫോഗട്ട് കഴിഞ്ഞ ഫെബ്രുവരി വരെ 53 കിലോ വിഭാഗത്തിലാണു മത്സരിച്ചുകൊണ്ടിരുന്നത്. ആന്റിം പാംഘൽ ഈ വിഭാഗത്തിൽ ഒളിംപിക് യോഗ്യത നേടിയതോടെയാണ് വിനേഷ് 50 കിലോ വിഭാഗത്തിലേക്കു മാറിയത്. വിനേഷിന്റെ സാധാരണയുള്ള ശരീര ഭാരം 50 കിലോയല്ല.’’

‘‘സെമി ഫൈനലിനു ശേഷം വിനേഷിന്റെ ശരീര ഭാരം 2.7 കിലോ അധികമായിരുന്നു. തുടർന്ന് ഞങ്ങൾ ഇതു കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. വെള്ളവും ഭക്ഷണവും നിയന്ത്രിച്ചുകൊണ്ടാണ് ഇതു ചെയ്തത്. കഠിന പരിശീലനവും വേണ്ടിവരും. ഇതിനു കുറച്ചു സമയം ആവശ്യമാണ്. എന്നാൽ ദൗർഭാഗ്യമെന്നു പറയട്ടെ വിനേഷിന്റെ കാര്യത്തിൽ ഒരുപാടു സമയമൊന്നും കിട്ടിയില്ല. 12 മണിക്കൂറാണു ഞങ്ങള്‍ക്കു ലഭിച്ചത്. തുടർന്ന് രാത്രി മുഴുവൻ വിനേഷിന്റെ ഭാരം കുറയ്ക്കുന്നതിനായി ഞങ്ങളുടെയെല്ലാം ശ്രമം.’’

‘‘സൗന, കഠിന പരിശീലനം തുടങ്ങി സാധ്യമായ രീതികളെല്ലാം നടത്തി. എന്നിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാതിരുന്നപ്പോൾ വിനേഷിന്റെ മുടി മുറിക്കുകയും വസ്ത്രം ചെറുതാക്കുകയും ചെയ്തു. കുറച്ചു മണിക്കൂറുകൾ കൂടി കിട്ടിയിരുന്നെങ്കിൽ ആ 100 ഗ്രാം കൂടി കുറയ്ക്കാൻ സാധിക്കുമായിരുന്നു. ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെ വിനേഷിന് കൂടുതൽ ഭക്ഷണവും വെള്ളവും നൽകിത്തുടങ്ങി. ഇപ്പോൾ അവർക്ക് ആരോഗ്യ പ്രശ്നങ്ങളില്ല.’’–ചീഫ് മെഡിക്കൽ ഓഫിസർ വ്യക്തമാക്കി.‌

English Summary:

Medical Officer On Vinesh Phogat's Increased Weight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT