ഡെങ്കിപ്പനി: ചികിത്സയിലായിരുന്ന വിദേശ സഞ്ചാരി മരിച്ച നിലയിൽ
Mail This Article
ഫോർട്ട്കൊച്ചി ∙ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദേശ വിനോദ സഞ്ചാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അയർലൻഡ് സ്വദേശി റയ്സാദ് ഹോളോ വെൻകോയെ (75) അദ്ദേഹം താമസിച്ചിരുന്ന ഞാലിപ്പറമ്പിലെ ഹോംസ്റ്റേയിലാണു മരിച്ച നിലയിൽ കണ്ടത്. രാവിലെ ഹോംസ്റ്റേ ഉടമ റോയി ഡാനിയേൽ വാതിൽ തുറന്നു നോക്കിയപ്പോഴാണ് റയ്സാദ് മരിച്ചു കിടക്കുന്നതായി കണ്ടത്.
15 നാണ് റയ്സാദ് ഗോവയിൽ നിന്നു കൊച്ചിയിലെത്തിയത്. പനി വന്നതിനെ തുടർന്നു വെള്ളിയാഴ്ച ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടുകയും ഡെങ്കി പരിശോധന നടത്തുകയും ചെയ്തു.ഡെങ്കിപ്പനി സ്ഥിരീകരിച്ചെങ്കിലും രക്തത്തിലെ പ്ലേറ്റ്‌ലെറ്റ്‌സിന്റെ അളവിൽ കാര്യമായ കുറവില്ലാത്തതിനാൽ മരുന്നു കഴിച്ച് ഹോംസ്റ്റേയിൽ വിശ്രമിക്കുകയായിരുന്നു. ആശുപത്രിയിൽ കിടക്കുന്നതിനു ഡോക്ടർ നിർദേശിച്ചെങ്കിലും ഹോംസ്റ്റേയിൽ വിശ്രമിക്കാമെന്ന് അദ്ദേഹം പറഞ്ഞതായി ആശുപത്രിയിൽ അധികൃതർ അറിയിച്ചു.
മരണകാരണം ഡെങ്കിപ്പനിയാണെന്നു സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രോഗവിവരമറിഞ്ഞ് മകൻ മാർക്ക് ഹോംസ്റ്റേ ഉടമയുമായി ബന്ധപ്പെട്ടിരുന്നു. തുടർന്നു ഹോംസ്റ്റേ ഉടമ അഭ്യർഥിച്ചിട്ടും ആശുപത്രിയിൽ പോകാൻ റയ്സാദ് താൽപര്യം കാട്ടിയില്ല. ഹോംസ്റ്റേ ഉടമ പരിശോധനാ ഫലവുമായി ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടു. മരുന്നും പഴവർഗങ്ങളും കഴിക്കണമെന്നും ഡോക്ടർ നിർദേശിച്ചതനുസരിച്ച് പഴവർഗങ്ങൾ വാങ്ങി മുറിയിൽ എത്തിച്ചു നൽകി.
നടപടികൾ പൂർത്തിയാക്കി മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മകന്റെ തീരുമാനമറിഞ്ഞശേഷം സംസ്കാരം സംബന്ധിച്ച തീരുമാനമെടുക്കും. ഇന്നു നാട്ടിലേക്കു മടങ്ങാനിരിക്കുകയായിരുന്നു റയ്സാദ്. മരണ വിവരമറിഞ്ഞ് കൗൺസിലർ ആന്റണി കുരീത്തറയും ഫോർട്ട്കൊച്ചി പൊലീസും സ്ഥലത്ത് എത്തി. ഫൊറൻസിക് വിഭാഗവും പരിശോധന നടത്തി.