ബന്ധങ്ങളില് തെറ്റുകൾ സംഭവിച്ചു: പ്രണയങ്ങൾ തകരാനുള്ള കാരണങ്ങൾ വെളിപ്പെടുത്തി സെലീന ഗോമസ്

Mail This Article
വൈകി വന്ന തിരിച്ചറിവുകളെക്കുറിച്ചും മുൻപ്രണയബന്ധങ്ങളിൽ സംഭവിച്ച പിഴവുകളെക്കുറിച്ചും മനസ്സു തുറന്ന് അമേരിക്കൻ നടിയും ഗായികയുമായ സെലീന ഗോമസ്. ജയ് ഷെട്ടിയുടെ പോഡ്കാസ്റ്റിൽ പങ്കെടുക്കാൻ നിർമാതാവും പ്രതിശ്രുതവരനുമായ ബെന്നി ബ്ലാങ്കോയോടൊപ്പം എത്തിയപ്പോഴായിരുന്നു സെലീനയുടെ വെളിപ്പെടുത്തൽ. സെലീനയും ബെന്നിയും തമ്മിൽ 'അസാധ്യ കെമിസ്ട്രി'യാണെന്ന് ആരാധകർ വാഴ്ത്തുമ്പോൾ, മുൻ പ്രണയങ്ങളിൽ തനിക്കു സംഭവിച്ച പിഴവുകളെക്കുറിച്ചും അതിൽ നിന്ന് കരകയറി പുതിയൊരു ജീവിതം ആരംഭിക്കാൻ ബെന്നി നൽകിയ ആത്മവിശ്വാസത്തെക്കുറിച്ചും സെലീന പോഡ്കാസ്റ്റിലൂടെ വാചാലയായി.
മുൻപ് ഉണ്ടായിരുന്ന ബന്ധങ്ങളിൽ പലതരത്തിലുള്ള തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും അതിൽനിന്നു താൻ ഒരുപാട് പാഠങ്ങൾ പഠിച്ചുവെന്നും സെലീന പറയുന്നു. പങ്കാളികളുമായി വഴക്കും തർക്കങ്ങളും ഉണ്ടായപ്പോഴൊക്കെ തന്നെ അതു വൈകാരികമായി ബാധിച്ചിരുന്നുവെന്നും അക്കാലത്തൊക്കെ താൻ പല കാര്യങ്ങളിലും വാശിയോടെയാണ് പ്രതികരിച്ചിരുന്നതെന്നും സെലീന വെളിപ്പെടുത്തി. അതിവൈകാരികതയോടെ പെരുമാറുമ്പോൾ തന്നെക്കുറിച്ച് മാത്രമാണ് താൻ ചിന്തിച്ചിരുന്നത്. സ്വയം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പിന്നീട് മനസ്സിലാക്കി. ആ ചിന്ത മൂലമാണ് അഞ്ചു വർഷത്തോളം തനിച്ചു ജീവിച്ചതെന്നും അവർ വിശദീകരിച്ചു.

പഴയ പ്രണയബന്ധങ്ങൾ തകർന്നതിന്റെ കുറ്റബോധം അലട്ടിയിരുന്നു. അതുകൊണ്ടാണ് 10 വർഷം മുൻപ് ബെന്നി പ്രണയം പറഞ്ഞപ്പോൾഅതു നിരസിച്ചത്. അതു പക്ഷേ ബെന്നിയോടുള്ള ഇഷ്ടക്കുറവുകൊണ്ടല്ല, മറിച്ച് ബെന്നിയുടെ മനസ്സ് വിഷമിപ്പിക്കരുതെന്നു കരുതിയാണെന്നും അവർ പറഞ്ഞു. തന്റെ വികാരങ്ങളെ മാനിക്കാൻ ബെന്നിക്കാവുമെന്ന് മനസ്സിലായപ്പോഴാണ് ബെന്നിയോട് യെസ് പറഞ്ഞതെന്നും സെലീന വെളിപ്പെടുത്തി.