പാർട്ടിക്കു ശേഷം മോഡലിനെ കാണാതായി; നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റ നിലയിൽ റോഡരികിൽ

Mail This Article
നട്ടെല്ലും കൈകാലുകളും തകർന്ന നിലയിൽ യുക്രേനിയൻ മോഡലിനെ റോഡരികിൽ കണ്ടെത്തി. ദുബായിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത് പത്തുദിവസങ്ങൾക്കു ശേഷമാണ് മരിയ കോവൽചെക്ക് എന്ന ഇരുപതുകാരിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. പാർട്ടിക്കു ശേഷം യുവതിയെ കാണാതായിരുന്നു.
ദുബായിൽ ഒരു പാർട്ടിയിൽ പങ്കെടുക്കാൻ പോവുകയാണെന്നാണ് യുവതി വീട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്. തുടർന്ന് തായ്‌ലന്റിലേക്കു പോകുമെന്നും. എന്നാൽ, ഈ വിമാനം മരിയക്ക് കിട്ടിയില്ലെന്ന് അറിഞ്ഞതോടെ വീട്ടുകാരും സുഹൃത്തുക്കളും യുവതിയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ മരിയയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
നട്ടെല്ലിനും കൈകാലുകൾക്കും ഗുരുതരമായി പരുക്കേറ്റ് രക്തത്തിൽ കുളിച്ച നിലയിലാണ് മരിയയെ ദുബായിലെ റോഡരികിൽ കണ്ടെത്തിയത്. സംസാരിക്കാൻ കഴിയാത്തനിലയിലാണ് യുവതി എന്നും റിപ്പോർട്ടുണ്ട്. കെണിയിൽപ്പെടുത്തിയാണ് യുവതിയെ പാർട്ടിയിലെത്തിച്ചത്. കിഴക്കൻ യുറോപ്പിലെ മോഡലുകളെ ലൈംഗിക അടിമകളാക്കുന്ന രീതി നിലവിലുണ്ട്. ദിവസങ്ങളോളം ലൈംഗികാതിക്രമത്തിനിരയാക്കിയ ശേഷമാണ് മരിയയെ റോഡരികിൽ ഉപേക്ഷിച്ചിരിക്കുന്നതെന്നും കുടുംബം ആരോപിച്ചു.
മോഡലിങ് ബിസിനസുമായി ബന്ധപ്പെട്ട് രണ്ടുപുരുഷൻമാരെ കാണുന്നതിനായാണ് മരിയ ദുബായിലെത്തിയത്. രാത്രി അവരോടൊപ്പമാണ് താമസമെന്നും കുടുംബത്തെ അറിയിച്ചിരുന്നു. ഇതിനു ശേഷം പത്തു ദിവസം കഴിഞ്ഞ് രക്തത്തിൽ കുളിച്ച് യുവതിയെ റോഡരികിൽ കണ്ടെത്തി എന്ന വിവരമാണ് കുടുംബത്തെ തേടിയെത്തിയത്. നിലവില്‍ ദുബായിലെ ആശുപത്രിയിൽ ചികിത്സയിലാണ് മരിയ കോവൽചെക്ക്. നിരവധി ശസ്ത്രക്രിയകൾക്കും യുവതി വിധേയായി.
അതേസമയം, കെട്ടിടത്തിനു മുകളിൽ നിന്നു വീണാണ് യുവതിക്കു പരുക്കേറ്റതെന്ന് പൊലീസ് അറിയിച്ചു.