കളി കാര്യമായി; ഗെയിമിൽ തർക്കം, ജയിക്കാൻ പോസ്റ്റ് ചെയ്തത് ഫൈറ്റർ ജെറ്റിന്റെ രഹസ്യരേഖകൾ!
Mail This Article
ഓൺലൈൻ ഗെയിമായ വാർ തണ്ടർ കളിക്കുമ്പോൾ യൂറോപ്യൻ യുദ്ധവിമാനമായ യൂറോഫൈറ്റർ ടൈഫൂണിന്റെ കഴിവുകളെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു ഒരു കൂട്ടം ഗെയിമേഴ്സ്. ചർച്ച ചൂടേറിയ സംവാദമായി മാറിയപ്പോൾ തന്റെ വാദം ശരിയാണെന്നു തെളിയിക്കാൻ ഒരു ക്ലാസിഫൈഡ് സൈനിക രേഖ ഒരു ഗെയിമർ പോസ്റ്റ് ചെയ്തു. ഒരു നിമിഷത്തിന്റെ ചൂടിൽ ചെയ്ത ഇക്കാര്യം രഹസ്യരേഖകളുടെ സുരക്ഷയുടെ ദൗർബല്യമാണ് കാണിക്കുന്നത്.
എന്തായാലും ഇറ്റാലിയൻ അധികൃതർ ഉടനടി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഓൺലൈനിൽനിന്നും ഡോക്യുമെന്റ് നീക്കം ചെയ്യുകയും ഉപയോക്താവിന്റെ പ്രൊഫൈൽ മരവിപ്പിക്കുകയും ചെയ്തു. സൈനികരാരെങ്കിലുമാണോ അതോ നിർമാണ കമ്പനിയുമായി ബന്ധപ്പെട്ടവരാരെങ്കിലുമാണോ ഇതിനുപിന്നിലെന്നു വെളിപ്പെടുത്തിയിട്ടില്ല.
യൂറോഫൈറ്റർ ടൈഫൂൺ
യൂറോഫൈറ്റർ ടൈഫൂൺ ഒരു ഇരട്ട എൻജിൻ, സൂപ്പർസോണിക്, കനാർഡ് ഡെൽറ്റ വിങ്, മൾട്ടി-റോൾ ഫൈറ്റർ ജെറ്റ് ആണ്. യുകെ, ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നിവ ഉൾപ്പെടുന്ന ഒരു യൂറോപ്യൻ മൾട്ടിനാഷണൽ കൺസോർഷ്യവും അവരുടെ മുൻനിര എയറോസ്‌പേസ്, ഡിഫൻസ് കമ്പനികളായ എയർബസ്, ബിഎഇ സിസ്റ്റംസ്, ലിയോനാർഡോ എന്നിവയും ചേർന്നാണ് ഇത് ജർമനി ആസ്ഥാനമാക്കി വികസിപ്പിച്ചെടുത്തത്.
മുൻപും ഇത്തരം വിവരങ്ങള്‍ ഗെയിമിങ് ഹബിൽ ചോർന്നിരുന്നു. പെന്റഗണിനും അതിന്റെ കരാറുകാർക്കും മാത്രം ആക്‌സസ് ചെയ്യാനാകുന്ന നിയന്ത്രിത വിവരങ്ങളാണ് കുറച്ചുകാലം മുൻപ് ചോർന്നത്. കമാൻഡറുടെ ഹാച്ചും, ടററ്റ്, സ്പാൽ ലൈനർ അസംബ്ലികളും ഓരോ ബോൾട്ടും നട്ടും വരെ വിവരിക്കുന്ന മാനുവലിന്റെ രണ്ട് പേജുകളാണ് പുറത്തെത്തിയത്.
വാർ തണ്ടർ
ആധുനിക വാർ മെഷീനുകൾ ഉപയോഗിച്ചു പരസ്പരം യുദ്ധം ചെയ്യാൻ കളിക്കാരെ അനുവദിക്കുന്ന ഒരു ഫ്രീ-ടു-പ്ലേ കോംബാറ്റ് മൾട്ടിപ്ലെയർ ഗെയിമാണ് വാർ തണ്ടർ. ഇതിന്റെ ആരാധകരിൽ പലരും കൃത്യതയിൽ ശ്രദ്ധാലുക്കളാണ്. 2013-ൽ ഗൈജിൻ എന്റർടൈൻമെന്റ് ആണ് ഇത് വികസിപ്പിച്ച് നിർമ്മിച്ചത്.
ഹംഗറിയിലെ ബുഡാപെസ്റ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ഉടമസ്ഥതയിലുള്ള ഗെയിമിങ് സ്ഥാപനമാണ് ഗൈജിൻ എന്റടൈൻമെന്റ്. 2002 ൽ ആന്റണും കിറിൽ യുഡിൻസെവും ചേർന്നാണ് കമ്പനി റഷ്യയിൽ സ്ഥാപിച്ചത്. കമ്പനി 2015ൽ ബുഡാപെസ്റ്റിലേക്ക് മാറി. ഏറ്റവും ജനപ്രിയമായ വാർ തണ്ടർ ഗെയിം വൻ വിജയമാണെങ്കിലും, രഹസ്യ സൈനിക രേഖകളുടെ ആവർത്തിച്ചുള്ള ചോർച്ചയുമായി ബന്ധപ്പെട്ടു വിവാദങ്ങളിലും അകപ്പെട്ടു.