'കാമുവലീവ'യെന്ന ദുരൂഹത തേടി യാത്ര തിരിക്കുന്നു ചൈനയുടെ ടിയാൻവെൻ 2: എന്താണ് ഈ പാറയുടെ രഹസ്യം!

Mail This Article
ഛിന്നഗ്രഹത്തിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് തിരിച്ചെത്തിച്ച ദൗത്യങ്ങൾ നാസയടക്കം പല ഏജൻസികളും നടപ്പിലാക്കിയിട്ടുണ്ട്. ബെന്നു ഛിന്നഗ്രഹത്തിൽ നിന്നു സാംപിളുകൾ ഭൂമിയിലെത്തിച്ച ഒസിരിസ് റെക്സ്, ജപ്പാന്റെ ഹയാബൂസ തുടങ്ങിയവയൊക്കെ ഇതിന് ഉദാഹരണമാണ്. ഇക്കൂട്ടത്തിലേക്ക് പുതിയൊരു ദൗത്യവുമായി വന്നിരിക്കുകയാണ് ചൈന.
ചൈനയുടെ ദേശീയ ബഹിരാകാശ ഏജൻസിയായ സിഎൻഎസ്എയാണ് ടിയാൻവെൻ 2 എന്ന പുതിയ ദൗത്യം വിഭാവനം ചെയ്തിരിക്കുന്നത്. മേയിൽ ലോഞ്ച് ചെയ്യുന്ന ഈ ദൗത്യത്തിന്റെ ലക്ഷ്യമാണ് അതിന്റെ പ്രസക്തി കൂട്ടുന്നത്.
ചന്ദ്രനിൽ നിന്ന് അടർന്നു തെറിച്ചത്
സൗരയൂഥത്തിൽ ഭൂമിക്കു സമീപത്തായി കാൽലക്ഷത്തിലധികം പാറകളും ഛിന്നഗ്രഹങ്ങളുമൊക്കെയുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ഏറെ വ്യത്യസ്തത നിറഞ്ഞ ഛിന്നഗ്രഹമാണു കാമുവലീവ.ഭൂമിക്കരികിലുള്ള മറ്റ് ഛിന്നഗ്രഹങ്ങളിൽ കൂടുതലും ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള മേഖലയിൽ നിന്നു വരുന്നതായി കരുതപ്പെടുന്നു. എന്നാൽ കാമുവലീവ അങ്ങനെയെത്തിയതല്ല. മറിച്ച് ഈ പാറക്കഷണം ചന്ദ്രനിൽ നിന്ന് അടർന്നു തെറിച്ചതാണെന്നാണ് ശാസ്ത്രജ്ഞരുടെ ശക്തമായ നിഗമനം. ഈ കാമുവലീവയിലേക്കാണു ടിയാൻവെൻ 2 യാത്ര തിരിക്കുന്നത്.

തനിയെ സഞ്ചരിക്കുന്ന കുട്ടി
ചന്ദ്രനിലുള്ള ജോർദാനോ ബ്രൂണോ എന്ന വലിയ ഗർത്തമിരിക്കുന്ന മേഖലയിൽ നിന്നാണ് കാമുവലീവ വരാൻ ഏറ്റവും സാധ്യതയെന്ന് ഗവേഷകർ പറയുന്നു. കാമുവലീവ അവിടെ നിന്നു തെറിച്ചതുകൊണ്ടാണത്രേ ഈ ഗർത്തമുണ്ടായത്.ഹവായിയൻ ഭാഷയിലെ വാക്കാണു കാമുവലീവ എന്നത്. തനിയെ സഞ്ചരിക്കുന്ന കുട്ടി എന്നതാണ് ഈ വാക്കിന്റെ അർഥം.

കാമുവലീവയെ ഇവിടെ കണ്ടെത്തിയത് 2016ൽ ആയിരുന്നു. ഏപ്രിൽ മാസത്തിലാണ് ഇതിനെ ആകാശത്തു ടെലിസ്കോപ് ഉപയോഗിച്ച് ദർശിക്കാൻ കഴിയുന്നത്.നഗ്നനേത്രങ്ങളിലോ, സാധാരണ ടെലിസ്കോപ്പുകളിലോ ഇതു വെളിപ്പെടില്ല.വലിയ ഒരു മലയുടെ വലുപ്പമുള്ള ഈ പാറയ്ക്ക് 200 അടിയോളം വിസ്തീർണമുണ്ട്.
ഭൂമിയിൽ നിന്ന് 1.3 കോടി കിലോമീറ്ററോളം അകലെയാണ് ഇതു സ്ഥിതി ചെയ്യുന്നത്. യുഎസിലെ അരിസോണ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണു കാമുവലീവയെക്കുറിച്ച് സമഗ്രമായ പഠനങ്ങൾ നടത്തിയത്. ടെലിസ്കോപ്പ് ഉപയോഗിച്ച് നടത്തിയ പഠനങ്ങളിൽ കാമുവലീവയുടെ ഉപരിതലത്തിനു ചന്ദ്രനിലെ പാറക്കെട്ടുകളുമായി നല്ല സാമ്യമുണ്ട്. ചന്ദ്രനിലിറങ്ങിയ അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിൽ നിന്നു പാറക്കഷ്ണങ്ങൾ ഭൂമിയിൽ കൊണ്ടുവന്നിട്ടുണ്ടല്ലോ. ഘടനാപരമായി ഇതിനോട് സാമ്യം പുലർത്തുന്നവയാണ് ഈ പാറക്കഷ്ണങ്ങൾ.
അതുപോലെ തന്നെ കാമുവലീവയുടെ സൂര്യനു ചുറ്റുമുള്ള ഭ്രമണപഥവും ഭൂമിയുടെ സൂര്യനുചുറ്റുമുള്ള ഭ്രമണപഥവും വലിയ സാമ്യം പുലർത്തുന്നു.സാധാരണ ഗതിയിൽ ഛിന്നഗ്രഹങ്ങൾക്ക് ഇത്ര സുവ്യക്തമായ ഒരു ഭ്രമണപഥമുണ്ടാകുന്നത് അപൂർവമാണ്.
ചന്ദ്രനിൽ നിന്ന് എങ്ങനെയാകാം കാമുവലീവ അടർന്നുപോയത്?
പല കാരണങ്ങൾ പറയപ്പെടുന്നുണ്ട്. അതിൽ ഏറ്റവും പ്രബലമായ കാരണമായി പറയപ്പെടുന്നത് മറ്റൊരു ഛിന്നഗ്രഹം ഇടിച്ചുവെന്നതാണ്. ചന്ദ്രനിൽ നേരത്തെ ഒരുപാടു തവണ ഛിന്നഗ്രഹങ്ങൾ കൂട്ടിയിടിച്ചിട്ടുണ്ട്. ചന്ദ്രോപരിതലത്തിൽ പ്രകടമായി കാണപ്പെടുന്ന ഗർത്തങ്ങൾ പലതും ഇങ്ങനെ കൂട്ടിയിടിയിൽ ഉണ്ടായതാണ്. ഇത്തരമൊരു ആദിമകാല കൂട്ടിയിടിയിലാകാം കാമുവലീവയും ഉദ്ഭവിച്ചത്. ഏതായാലും കാമുവലീവയുടെ രഹസ്യങ്ങൾ ടിയാൻവെൻ 2 പുറത്തെത്തിക്കുമെന്നാണു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.