ബഹിരാകാശത്തുനിന്ന് എല്ലാം നിരീക്ഷിച്ച് ചൈനീസ് 'ചാരക്കണ്ണ്'; ഭൂമിയെ വലംവച്ച് 300 സാറ്റലൈറ്റുകള്‍!

Mail This Article
സയൻസ് ഫിക്ഷൻ സിനിമകളിലെ ദൃശ്യങ്ങൾ യാഥാർഥ്യമാക്കുന്ന അത്യാധുനിക ചാര നിരീക്ഷണ സംവിധാനവുമായി ചൈന. ബഹിരാകാശത്ത് നിന്ന് 100 കിലോമീറ്റർ അകലെയുള്ളവരുടെ മുഖം പോലും വ്യക്തമായി പകർത്താൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും ശക്തമായ സ്‌പൈ ക്യാമറയാണ് ബെയ്ജിംഗിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ സാങ്കേതികവിദ്യ ലോകരാജ്യങ്ങൾക്കിടയിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഇത്തരം ക്യാമറകള്‍ ചൈനയുടെ സാറ്റലൈറ്റുകളിലേറി ബഹിരാകാശത്ത് ഭൂമിയെ മൊത്തം നിരീക്ഷിച്ചു സഞ്ചരിച്ചേക്കാം. അതിനു പുറമെ, ബഹിരാകാശത്തുള്ള വിദേശ മിലിറ്ററി സാറ്റലൈറ്റുകളുടെ ഹൈ-റസല്യൂഷൻ ഫോട്ടോകള്‍ എടുക്കാനും ക്യാമറയ്ക്ക് സാധിക്കുമെന്ന് ദ് സൗത് ചൈനാ മോണിങ് പോസ്റ്റ്.

ലേസര്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഈ അതിശക്തമായ സാങ്കേതികവിദ്യയെക്കുറിച്ചുള്ള വാര്‍ത്ത മറ്റു രാജ്യങ്ങളെ അസ്വസ്ഥമാക്കി തുടങ്ങിയെന്നും റിപ്പോര്‍ട്ട് പറയുന്നു. 'ഇതൊരു വമ്പന്‍ സുരക്ഷാ ഭീഷണി തന്നെയാണ്' എന്നാണ് അസോസിയേഷന്‍ ഓഫ് ഫോര്‍മര്‍ ഇന്റലിജന്‍സ് ഓഫിസേഴ്‌സ് അംഗം റോബര്‍ട്ട് മോര്‍ട്ടണ്‍ പ്രതികരിച്ചത്. '
എപിഐ കമ്പനിയിലെ ഉദ്യോഗസ്ഥയും കംപ്യൂട്ടര്‍ വിദഗ്ധയുമായ ജൂലിയ അയ്‌മോണിയര്‍ (Julia Aymonier) ലിങ്ക്ട്ഇന്‍ പോസ്റ്റില്‍ പറഞ്ഞത്-'വല്യേട്ടൻ നിങ്ങളെ നിരീക്ഷിക്കുന്നു' എന്നാണ്. അടുത്ത തലമുറയിലെ ബഹിരാകാശ നിരീക്ഷണം എത്തി. നമ്മള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ എത്രയോ മടങ്ങ് ശക്തമാണത്, ജൂലിയ തുടര്‍ന്നു.
.jpg?w=845&h=440)
ബീം വാലറ്റ് മേധാവി നറ്റാലിയ കാറ്റരീന പറഞ്ഞത്, ഇനി മേഘങ്ങള്‍ക്കു മാത്രമെ നമ്മെ ചൈനീസ് ചാരവൃത്തിയില്‍ നിന്ന് മറച്ചുപിടിക്കാനാകൂ എന്നാണ്.
എസ്എഎല്‍ സിസ്റ്റത്തിന്റെ സാധ്യതകള്‍
ചാരവൃത്തിക്കുള്ള പുതിയ ക്യാമറ വികസിപ്പിച്ചത് ചൈനയുടെ അക്കാദമി ഓഫ് സയന്‍സസ് എയറോസ്‌പേസ് ഇന്‍ഫര്‍മേഷന്‍ റീസേര്‍ച് ആണ്. സിന്തറ്റിക് അപര്‍ചര്‍ ലൈഡാര്‍ (സാല്‍) എന്ന് പേരിട്ടിരിക്കുന്ന സിസ്റ്റമാണ് അവര്‍ വികസിപ്പിച്ചത്. ഇത് ഒരു റിമോട്ട് സെന്‍സിങ് ടെക്‌നോളജിയാണ്. ഒരു 'പൾസ്' അയയ്ക്കുന്നു. അത് ലക്ഷ്യത്തില്‍ തട്ടി പ്രതിഫലിച്ച് തിരിച്ചെത്തുന്നത് രേഖപ്പെടുത്തി എടുക്കുകയാണ് എസ്എഎല്‍ സിസ്റ്റം ചെയ്യുന്നതത്രെ.
ഇതിന് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. എസ്എഎല്ലിന് ഭൂമിയിലുള്ള പ്രതലങ്ങളുടെ ദ്വിമാനതയും, ത്രിമാനതയുമുള്ള പ്രതലങ്ങള്‍ പുനര്‍സൃഷ്ടിക്കാനാകും. വിവിധ കാലാവസ്ഥകളിലും ഇതിന് പ്രവര്‍ത്തിക്കാനാകും. ഒപ്ടിക്കല്‍ തരംഗങ്ങളെ ആശ്രയിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ഭേദപ്പെട്ട രീതിയില്‍ വിശദാംശങ്ങള്‍ കാണാനും, മികച്ച റെസലൂഷനോടെ അത് രേഖപ്പെടുത്തിയെടുക്കാനും സാധിക്കും.
.jpg)
''ക്വാണ്ടം ലീപ്'' എന്ന വിവരണവും ഈ ടെക്‌നോളജിക്ക് ഉണ്ട്. ചൈനയുടെ വടക്കുപടിഞ്ഞാറ് മേഖലയിലുള്ള ക്വിഗായ് (Qinghai) തടാകത്തിനു കുറുകെ ഇതിന്റെ പ്രവര്‍ത്തനം വിജയകരമായി പരീക്ഷിക്കുകയും ചെയ്തു ചെയ്തു. സാല്‍ സിസ്റ്റം ഉള്‍ക്കൊള്ളിച്ച സംവിധാനം ഒരിടത്തും, ലക്ഷ്യസ്ഥാനം ഏകദേശം 101.8 കിലോമീറ്റര്‍ അകലെ സ്ഥാപിച്ചുമായിരുന്നു പരീക്ഷണം.
ഭൗമ നിരീക്ഷണത്തിന് പ്രയോജനപ്പെടുത്തുന്ന ഇമേജിങ് ടെക്‌നീക് ആയ സാല്‍ ടെക്‌നോളജിയുടെ നൂതന പതിപ്പാണിത്. പരമ്പരാഗത ഫോട്ടോഗ്രാഫി സംവിധാനത്തിന് സാധ്യമല്ലാത്ത രീതിയില്‍ ഡിഫ്രാക്ഷന്‍ ദൂഷ്യങ്ങള്‍ ഇല്ലാതെ ചിത്രീകരിക്കാമെന്നതാണ് ഇതിന്റെ സവിശേഷത.
റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സിന്തറ്റിക് അപര്‍ചര്‍ റഡാര്‍ (സാര്‍) ടെക്‌നോളജിയ്ക്കു പിന്നിലുള്ള സങ്കല്‍പ്പത്തിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് സാല്‍. സാല്‍ പ്രയോജനപ്പെടുത്തുന്നത് ഒപ്ടിക്കല്‍ വേവ്‌ലെങ്ത് ആണെങ്കില്‍, സാര്‍ ഉപയോഗിക്കുന്നത് മൈക്രോവേവ്‌സ് ആണ്.
പരീക്ഷണ ഘട്ടത്തില്‍ അസാധാരണ മികവേടെയാണ് 101.8 കിലോമീറ്റര്‍ അകലെ നിന്ന് ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിച്ചതെന്നു പറയുന്നു. കേവലം 0.07-ഇഞ്ച് വലിപ്പമുള്ള ഇടം പോലും വ്യക്തതയോടെ ചിത്രീകരിച്ചതും, 0.61 ഇഞ്ച് (15.6 മില്ലിമീറ്റര്‍) ദൂരം വരെ അളന്നതും ഭീതിയോടെയല്ലാതെ കാണാനാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. സാല്‍ സിസ്റ്റം ഒരു ഒരു സാറ്റലൈറ്റില്‍ പിടിപ്പിച്ചാല്‍ ഇപ്പോള്‍ ലഭിച്ചതിനേക്കാള്‍ മികവുറ്റ ചിത്രങ്ങള്‍ രേഖപ്പെടുത്തിയെടുക്കാമെന്ന് 'ലൈവ് സയന്‍സ്' പ്രസിദ്ധീകരണം ചൂണ്ടിക്കാണിക്കുന്നു.
ചലിക്കുന്ന എന്തിലെങ്കിലും പിടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുമ്പോഴാണ് കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുകയത്രെ. എന്നു പറഞ്ഞാല്‍, ചൈനീസ് സാറ്റലൈറ്റുകളിലും, ചൈനയുടെ ടിയാന്‍ഗോങ് സ്‌പേസ് സ്റ്റേഷനിലുമൊക്കെ പുതിയ സംവിധാനം ഇടംപിടിച്ചേക്കും.
ടിയാന്‍ഗോങ് മണിക്കൂറില്‍ 17,000 മൈല്‍ വേഗതയിലാണ് അതിന്റെ ഓര്‍ബിറ്റില്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നത്. അതിനു പുറമെ ചൈനയ്ക്ക് ഇപ്പോള്‍ തന്നെ ഏകദേശം 300 ചാര സാറ്റലൈറ്റുകളും ഉണ്ട് എന്നാണ് സെന്റര്‍ ഫോര്‍ സ്ട്രറ്റീജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് പറയുന്നത്.
ഇതില്‍, ഡിസംബര്‍ 2023ല്‍ വിക്ഷേപിച്ച യാഓഗാന്‍-41 സാറ്റലൈറ്റിന് ഇന്തോ-പസിഫിക് മേഖലയിലെ കാറിന്റെയത്ര വലിപ്പമുള്ള ഏതു വസ്തുവിനെയും തിരിച്ചറിയാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇതൊക്കെയാണെങ്കിലും, ചൈന ഇപ്പോള്‍ പരീക്ഷിച്ച, ലോകത്തെ ഏറ്റവും ശക്തിയുളള സ്‌പൈ ക്യാമറ എന്നുമുതലാണ് പ്രവര്‍ത്തിപ്പിച്ചു തുടങ്ങുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. പുതിയ ക്യാമറയെക്കുറിച്ചുള്ള വിവരങ്ങള്‍ മുഴുവന്‍ ചൈനീസ് ജേണല്‍ ഓഫ് ലേസേഴ്‌സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.