ഇത്തവണ വിഷയം 'ഇലകളുള്ള സോക്സ്'; വീണ്ടും വൈറലായി ട്രംപിന്റെ ഓവൽ ഓഫിസിലെ കൂടിക്കാഴ്ച

Mail This Article
ഇന്നതേ ചർച്ച ചെയ്യൂ എന്നില്ല അതാണ് സോഷ്യൽ മീഡിയയിലെ അവസ്ഥ. ചർച്ചയിലെ ശ്രദ്ധാകേന്ദ്രം അമേരിക്കൻ പ്രസിഡന്റ് ട്രംപാണെങ്കിൽ പിന്നെ വൈറലാകാൻ പ്രത്യേകിച്ചൊന്നും ആവശ്യമില്ല. യുക്രെയ്ൻ പ്രസിഡന്റുമായി നടത്തിയ ലോക സമാധാനത്തെത്തന്നെ ബാധിക്കുന്ന ചർച്ചയിലും സെലെൻസ്കിയുടെ വസ്ത്രം ചൂടേറിയ വിഷയമായത് ഒരു ഉദാഹരണമാണ്.
ഇപ്പോഴിതാ ഒരു സോക്സ് ആണ് വിഷയം. അതും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ സോക്സുകൾ.ഐറിഷ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിനുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഷാംറോക്ക് തീം സോക്സുകൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശ്രദ്ധ തെറ്റിച്ചത്.
പണപ്പെരുപ്പത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് ട്രംപ് വൈസ് പ്രസിഡന്റിന്റെ സോക്‌സിനെ അഭിനന്ദിക്കാൻ വാചകം പകുതിയിൽ നിർത്തിയത്.തന്റെ രണ്ടാമത്തെ കമാൻഡറുടെ സോക്സുകൾ കാരണം സംഭാഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തന്നെ ബുദ്ധിമുട്ടാകുന്നുവെന്ന് ട്രംപ് പറഞ്ഞതോടെ,വാൻസും മാർട്ടിനും പൊട്ടിച്ചിരിച്ചു.
സെയ്ന്റ് പാട്രിക് ദിനത്തിൽ പങ്കെടുക്കാൻ എത്തിയ ഐറിഷ് പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായാണത്രെ ഷാംറോക്ക് തീം (ഐർലന്‍ഡിനെ പ്രതിനിധീകരിക്കുന്ന മൂന്നിലയുള്ള)സോക്സുകൾ ധരിച്ചത് ഈ സോക്സുകളെക്കുറിച്ച് ട്രംപ് അഭിപ്രായം പറയുമെന്ന് തനിക്കറിയാമായിരുന്നുവെന്ന് വൈറ്റ് ഹൗസിലെ ചർച്ചകളുടെ ഒരു ക്ലിപ്പ് പങ്കുവെച്ചുകൊണ്ട് എക്സിൽ വാൻസ് പോസ്റ്റ് ചെയ്തു.