ഫ്രഞ്ച് ദാർശനികയും സൈദ്ധാന്തികയും സാഹിത്യകാരിയും സ്ത്രീവാദപ്രവർത്തകയും. 1908 ജനുവരി 9-ന് പാരീസിൽ ജനിച്ചു. പാരീസ് സർവ്വകലാശാല(സോർബോൺ)യിൽനിന്നും തത്ത്വചിന്തയിൽ അഗ്രിഗേറ്റ് പാസ്സായി. തുടർന്ന് വിവിധ സ്ഥാപനങ്ങളിലായി സെക്കൻഡറിതലത്തിൽ അധ്യാപികയായി പ്രവർത്തിച്ചു. 1929-ൽ തത്ത്വചിന്തകനായ ജീൻ പോൾ സാർത്രിനൊപ്പം പ്രവർത്തിച്ചുതുടങ്ങി. ഇരുവരും തമ്മിൽ ജീവിതകാലം മുഴുവൻ നീണ്ടുനിന്ന ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ചെറുകഥ, നോവൽ, നാടകം എന്നീ സാഹിത്യരൂപങ്ങളിലുള്ള സൃഷ്ടികൾകൂടാതെ ശ്രദ്ധേയമായ നിരവധി സാംസ്‌കാരികപഠനങ്ങളും ഫിലോസഫിക്കൽ ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. അസ്തിത്വവാദത്തിന്റെ മുൻനിരപ്രവർത്തകരിലൊരാളായും ഫെമിനിസ്റ്റ് അസ്തിത്വവാദത്തിന്റെ പ്രണേതാവായും കണക്കാക്കപ്പെടുന്നു. തത്ത്വചിന്തയിലെയും സ്ത്രീവാദത്തിലെയും വനിതാപഠനത്തിലെയും അടിസ്ഥാനഗ്രന്ഥങ്ങളിലൊന്നായിത്തീർന്ന സെക്കൻഡ് സെക്‌സ്, 1949-ൽ രണ്ടു വാല്യങ്ങളായിട്ടാണ് ഫ്രഞ്ചിൽ പ്രസിദ്ധീകരിക്കപ്പെട്ടത്. 1986 ഏപ്രിൽ 14-ന് അന്തരിച്ചു.