ADVERTISEMENT

സ്ത്രീകളുടെ ലൈംഗികതയെ തുറന്ന ചര്‍ച്ചയ്ക്കു വിധേയമാക്കി വിപ്ലവം സൃഷ്ടിച്ച ഫ്രഞ്ച് എഴുത്തുകാരിയും ലോകപ്രശസ്ത ഫെമിനിസ്റ്റുമായ സിമോന്‍ ദി ബൊവ്വെയുടെ അപ്രകാശിത നോവല്‍ ഉടന്‍ പ്രസിദ്ധീകരണത്തിന്. വിദ്യാര്‍ഥിയായിരുന്ന കാലത്ത് കൂട്ടുകാരിയുമായുണ്ടായ തീവ്രമായ പ്രണയത്തെക്കുറിച്ചാണ് ‘ലെസ് ഇന്‍സെപറബിള്‍’ എന്ന നോവല്‍ പറയുന്നത്. ജീവിച്ചിരുന്ന കാലത്ത് പല കാരണങ്ങളാല്‍ പ്രസിദ്ധീകരിക്കാനാകാതെ പോയ നോവല്‍ വരുന്ന ഒക്ടോബറില്‍ ഫ്രാന്‍സിലും വര്‍ഷാവസാനം ഇംഗ്ലണ്ടിലും പ്രസിദ്ധീകരിക്കും. 

 

ഫെമിനിസത്തിന്റെ അടിസ്ഥാന പ്രത്യയ ശാസ്ത്രം എന്നു വിശേഷിപ്പിക്കപ്പെടുന്ന ‘ദ് സെക്കന്‍ഡ് സെക്സ്’ എന്ന പുസ്തകത്തിന്റെ രചയിതാവാണ് സിമോന്‍ ദ് ബുവ്വെ. നോവലിസ്റ്റും തത്ത്വചിന്തകയുമായ സിമോന്‍ അസ്തിത്വവാദ ചിന്തയിലൂടെ പ്രശസ്തനായ ഴാങ് പോള്‍ സാര്‍ത്രിന്റെ പ്രണയിനി എന്ന നിലയിലും പ്രശസ്തയാണ്. സാര്‍ത്രുമായി ഉപാധികളില്ലാത്ത പ്രണയം തുടര്‍ന്നപ്പോള്‍ തന്നെ മറ്റു പുരുഷന്‍മാരുമായും സ്ത്രീകളുമായും ലൈംഗിക ബന്ധം പുലര്‍ത്തിയ സിമോന്‍ ലോകത്ത് ഇന്നുവരെ ജീവിച്ചിരുന്ന സ്ത്രീകളില്‍ ഏറ്റവും വലിയ വിപ്ലവകാരിയായാണ് ഇന്നും വിശേഷിപ്പിക്കപ്പെടുന്നത്. 

 

 

അധ്യാപികയായിരിക്കെ വിദ്യാര്‍ഥിനികളെ പ്രലോഭിപ്പിച്ചു എന്ന കുറ്റം പല തവണ സിമോണില്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ പേരില്‍ അധ്യാപക വൃത്തിയില്‍നിന്ന് അവരെ പുറത്താക്കിയിട്ടുമുണ്ട്. വ്യക്തിജീവിതത്തില്‍ ഒരു തരത്തിലുള്ള നിയന്ത്രണങ്ങള്‍ക്കും വഴങ്ങാതിരുന്ന, മനഃസാക്ഷിക്കനുസരിച്ചു ജീവിച്ച, വ്യക്തിസ്വാതന്ത്ര്യത്തെ ഏറ്റവും ഉന്നതമായ ആദര്‍ശമായി ഉയര്‍ത്തിക്കാട്ടിയ സിമോനിന്റെ പുതിയ നോവലിനുവേണ്ടി സാഹിത്യലോകം കാത്തിരിക്കുന്നത് അടക്കാനാകാത്ത ആകാംക്ഷയോടെ. 

 

 

അങ്ങേയറ്റം വൈകാരികവും എന്നാല്‍ ദുരന്തപൂര്‍ണവുമായിരുന്നു സിമോനിന്റെ കോളജ് കാലത്തെ പ്രണയബന്ധം. ഇരുവരും യുവതികളായിരുന്നു എന്നതിനേക്കാള്‍ കൂട്ടുകാരിയുടെ അകാലത്തിലുള്ള മരണമാണ് ആ ബന്ധത്തിന് അപ്രതീക്ഷിതമായി തിരശ്ശീലയിട്ടതും. 

 

 

1954 ലാണ് സിമോന്‍ ‘ലെസ് ഇന്‍സെപറബിള്‍’ എന്ന നോവലെഴുതുന്നത്. സില്‍വി എന്ന പെണ്‍കുട്ടിയുടെ കാഴ്ചപ്പാടിലാണ് കഥ വികസിക്കുന്നത്. സിമോന്‍ തന്നെയാണ് സില്‍വി. സില്‍വിക്ക് തന്റെ പുതിയ ക്ലാസ്സ് മേറ്റില്‍ നിന്നു കണ്ണെടുക്കാനേ കഴിഞ്ഞില്ല. അവള്‍ തന്റെ കൂട്ടുകാരി ആന്‍ഡ്രീയെ ആരാധിക്കുക മാത്രമല്ല, ഭ്രാന്തമായി പ്രണയിക്കുകയും ചെയ്തു. ആന്‍ഡ്രി പ്രണയത്തോടെ തന്നെ ഒന്നു നോക്കാനായി എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യാന്‍ സില്‍വി തയാറായിരുന്നു. ഹൈസ്കൂള്‍ ക്ലാസ്സില്‍ എത്തിയപ്പോഴേക്കും അവര്‍ തമ്മില്‍ പിരിയാനാവാത്ത കൂട്ടുകാരായി. ആ ബന്ധം ആന്‍ഡ്രിയുടെ മരണം വരെ തുടര്‍ന്നു. 

 

21-ാം വയസ്സിലാണ്, നോവലില്‍ ആന്‍ഡ്രീ എന്നു പേരില്‍ രംഗത്തു വന്ന എലിസബത്ത് സാഷ ലാകോയിന്‍ അസുഖത്തെ തുടര്‍ന്ന് ദാരുണമായി മരിക്കുന്നത്. അതൊരു ഞെട്ടലായിരുന്നു സിമോന്‍ ദ് ബുവ്വെയ്ക്ക്. ജീവിതത്തില്‍ പിന്നീട് അതേ രീതിയിലും അതിലും തീവ്രവുമായ ഒട്ടേറെ ദുരനുഭവങ്ങളിലൂടെ സിമോന്റെ കടന്നുപോയതിന്റെ തുടക്കം. അപ്പോഴൊന്നും ഒരു സ്ത്രീ എന്ന നിലയില്‍ ഒരാളുടെ മുന്നിലും അവര്‍ തല കുനിച്ചില്ല. തന്റെ വൈകാരിക അഭിനിവേശങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടുമില്ല. ഒരു മലവെള്ളപ്പാച്ചില്‍ പോലെയായിരുന്നു ആ ജീവിതം. 

 

 

തീരങ്ങളെ തഴുകിയും തകര്‍ത്തും ഒഴുകിയ പ്രവാഹം. അതിന്റെ ആഘാതത്തില്‍ തകര്‍ന്നുവീണത് നൂറ്റാണ്ടുകളായി പുരുഷലോകം കെട്ടിപ്പൊക്കിയ ആണത്തത്തിന്റെ കോട്ടകള്‍. അഹന്തയുടെയും അഹംഭാവത്തിന്റെയും കൊത്തളങ്ങള്‍. സ്ത്രീകളോടുള്ള അടിച്ചമര്‍ത്തലിന്റെ പുരുഷസൂക്തങ്ങള്‍. ഇന്നും സ്ത്രീസമൂഹം പ്രചോദനം നേടാന്‍ വായിക്കുന്നുണ്ട് സിമോന്‍ ദ് ബുവ്വെയെ; സ്ത്രീസ്വാതന്ത്ര്യത്തിന്റെ പരമ പവിത്രമായ ആഹ്വാനങ്ങളെ. 

 

സാര്‍ത്രുമായുള്ള ബന്ധം തുടരുമ്പോള്‍ തന്നെയാണ് അമേരിക്കന്‍ എഴുത്തുകാന്‍ നെല്‍സന്‍ അല്‍ഗ്രെനുമായും സിമോന്‍ ബന്ധപ്പെടുന്നത്. പല കത്തുകളിലും തന്റെ പ്രിയപ്പെട്ട ഭര്‍ത്താവ് എന്നുപോലും നെല്‍സനെ അവര്‍ വിശേഷിപ്പിച്ചിട്ടുമുണ്ട്. പക്ഷേ, പിന്നീട് അവര്‍ വേര്‍പിരിഞ്ഞു. ക്ലോദ് ലാന്‍സ്മാന്‍ ആയിരുന്നു സിമോനിന്റെ പിന്നീടത്തെ ജീവിതപങ്കാളി. ബന്ധങ്ങള്‍ ഒട്ടേറെയുണ്ടായിരുന്നെങ്കിലും സിമോന്‍ ഒരിക്കലും വിവാഹിതയായില്ല. അവര്‍ക്കു കുട്ടികളുമുണ്ടായില്ല. പഠനത്തിനും ഗവേഷണത്തിനും വേണ്ടി മാറ്റിവച്ച ജീവിതത്തില്‍ അവര്‍ തുടര്‍ച്ചയായി എഴുതി. ഇന്നും സാഹിത്യ പ്രണയികള്‍ അതിശയത്തോടെ വായിക്കുന്ന നോവലുകളും തത്ത്വചിന്തകളും. 

 

പലരുടെയും പ്രണയിനിയായിരുന്ന, പലരെയും പ്രണയിച്ച, പ്രണയത്തെയും ജീവിതത്തെയും ആഘോഷവും സ്വാതന്ത്ര്യവുമാക്കിയ സിമോന്‍ സെമിത്തേരിയിലേക്കു യാത്രയാകുമ്പോള്‍ അവരുടെ മോതിര വിരലില്‍ ഒരു അടയാളം ഉണ്ടായിരുന്നു. നെല്‍സന്‍ അല്‍ഗ്രെന്‍ ഒരിക്കല്‍ സമ്മാനിച്ച വെള്ളിമോതിരം. അതു തിളങ്ങുന്നുണ്ടാ യിരുന്നു; പ്രണയം മരണത്തെ അതിജീവിക്കുന്നതിന്റെ വെള്ളിവെളിച്ചവുമായി. 

 

English Summary : Simone de Beauvoir Novel Called 'Too Intimate' to Finally Be Published

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com