വിശ്വനാഥൻ ആനന്ദ് ഇന്ത്യയിൽ നിന്നുള്ള ചെസ്സ് ഗ്രാൻഡ്‌മാസ്റ്ററും ഫിഡെയുടെ മുൻലോക ചെസ്സ് ചാമ്പ്യനുമാണ്. ലോകചെസ്സ് കിരീടം നേടിയ ആദ്യ ഏഷ്യാക്കാരൻ, ചെസ്സ് ഓസ്കാർ ലഭിച്ച ആദ്യ ഏഷ്യാക്കാരൻ ഇന്ത്യയിലെ പ്രഥമ ഗ്രാൻഡ് മാസ്റ്റർ എന്ന നിലയിൽ പ്രശസ്തനാണ് ഇദ്ദേഹം. 1997 മുതൽ തുടർച്ചയായി ലോകത്തിലെ ഒന്നാം നമ്പർ ചെസ്സ് താരമായ ആനന്ദ്, ഫിഡെയുടെ സ്ഥാനക്രമപട്ടികയിൽ 2800-ൽ അധികം പോയിന്റ് നേടിയിട്ടുള്ള ആറ് താരങ്ങളിൽ ഒരാളുമാണ്.2007-ൽ മെക്സിക്കോയിലും 2008-ൽ ജർമ്മനിയിലെ ബേണിലും 2010ലും 2012ൽ മോസ്കോയിലും നടന്ന ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ വിജയിച്ചുകൊണ്ട് ആനന്ദ് ലോക ചാമ്പ്യൻപട്ടം അഞ്ച് തവണ കരസ്ഥമാക്കുകയുണ്ടായി. ലോകം കണ്ട എക്കാലത്തേയും ഏറ്റവും മികച്ച ചെസ്സ്താരങ്ങളിലൊരാളായി അറിയപ്പെടുന്നു. ആദ്യ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടി. 2014 ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ ആനന്ദ് മാഗ്നസ് കാൾസനോട് പരാജയപ്പെട്ടു.