ഗുകേഷിലെ മികവ് കണ്ടെത്തിയത് സ്കൂളിലെ പരിശീലകൻ, ഇനി എതിരാളി ലോകചാംപ്യൻ ഡിങ് ലിറൻ
Mail This Article
ടൊറന്റോ∙ 2024 ഫിഡെ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ വിജയിയായി ചരിത്രം രചിച്ച് ഇന്ത്യയുടെ യുവതാരം ഡി. ഗുകേഷ്. 17 വയസ്സുകാരനായ ഗുകേഷ്, വിശ്വനാഥൻ ആനന്ദിനു ശേഷം ഈ നേട്ടത്തിലെത്തുന്ന ഇന്ത്യക്കാരനാണ്. ലോക ചാംപ്യൻഷിപ്പ് ഫൈനലിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഇതോടെ ഗുകേഷിന്റെ പേരിലായി. ചൈനയുടെ ഡിങ് ലിറനാണ് ഗുകേഷിന്റെ എതിരാളി. എതിരാളിയായ ഹികാരു നകാമുറയ്ക്കെതിരെ കറുത്ത കരുക്കളുമായി കളിച്ച ഗുകേഷ്, താരത്തെ സമനിലയിൽ തളച്ച് വിജയം സ്വന്തമാക്കുകയായിരുന്നു.
9/14 പോയിന്റുകളുമായാണ് ഗുകേഷ് ഒന്നാം സ്ഥാനത്തെത്തിയത്. നാടകീയമായി നകാമുറയെ സമനിലയിലെത്തിച്ചെങ്കിലും, ഫാബിയാനോ കരുവാന– യാൻ നീപോംനീഷി മത്സരമാണ് സത്യത്തിൽ നിര്‍ണായകമായത്. 109 നീക്കങ്ങൾക്കൊടുവിൽ ഈ പോരാട്ടം ടൈയിൽ കലാശിക്കുകയായിരുന്നു. ചെന്നൈയില്‍ ജനിച്ച ഗുകേഷ് 12–ാം വയസ്സിൽ ഗ്രാന്‍ഡ്മാസ്റ്ററായി ചരിത്രം രചിച്ച വ്യക്തിയാണ്. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്ററാകുമ്പോൾ താരത്തിന് 12 വയസ്സും ഏഴു മാസവും 17 ദിവസവുമായിരുന്നു പ്രായം.
2006 മേയ് 29ന് ചെന്നൈയിലാണ് ഗുകേഷ് ജനിച്ചത്. ഇഎൻടി സർജനായ രജനീകാന്തിന്റെയും മൈക്രോബയോളജിസ്റ്റായ പദ്മയുടെയും മകന്‍. സ്കൂളിലെ ചെസ് പരിശീലകനായ ഭാസ്കറാണ് ഗുകേഷിലെ ചെസ് മികവ് ആദ്യം കണ്ടെത്തിയത്. കളി പഠിച്ചു തുടങ്ങി ആറാം മാസത്തിൽ തന്നെ ഗുകേഷ് ഫിഡെ റേറ്റിങ്ങുള്ള താരമായി വളർന്നു.
7–ാം വയസ്സിൽ ചെസ് കളി പഠിച്ച ഗുകേഷിന് ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ എന്ന റഷ്യൻ താരം സെർജി കര്യാക്കിന്റെ റെക്കോർഡ് മറികടക്കാനുള്ള അവസരം 2019ൽ നഷ്ടമായത് 17 ദിവസത്തെ വ്യത്യാസത്തിലാണ്. അതിൽപിന്നെ ഗുകേഷിന്റെ കുതിപ്പ് അതിവേഗമായിരുന്നു. 2022 ജൂലൈ 16നു ബിയൽ ചെസ് ഫെസ്റ്റിവലിൽ ഗ്രാൻഡ് മാസ്റ്റർ ലീ ക്വാങ് ലിയമിനെ തോൽപിച്ച് ഗുകേഷ് ചെസിലെ വൻ കടമ്പയായ 2700 ഇലോ റേറ്റിങ് മറികടന്നു.
ഒളിംപ്യാഡിൽ ഇന്ത്യൻ ബി ടീമംഗമായിരുന്ന ഗുകേഷ് അട്ടിമറിച്ചവരിൽ ചെസ് ബോർഡിലെ തീപ്പൊരി എന്നറിയപ്പെടുന്ന സ്പെയിനിന്റെ അലക്സി ഷിറോവ്, അർമീനിയൻ താരം ഗബ്രിയേൽ സർഗീസൻ തുടങ്ങിയ സൂപ്പർതാരങ്ങൾ വരെയുണ്ടായിരുന്നു. അഞ്ചാം റൗണ്ടിലെ വിജയം കഴിഞ്ഞതോടെ വിശ്വനാഥൻ ആനന്ദിനും പെന്റല ഹരികൃഷ്ണയ്ക്കും പിന്നാലെ ഏറ്റവും റേറ്റിങ്ങുള്ള മൂന്നാമത്തെ ഇന്ത്യൻ താരവുമായി ഗുകേഷ്. കഴിഞ്ഞ വർഷം നടന്ന ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ താരം ഇന്ത്യയ്ക്കായി വെള്ളി മെഡൽ വിജയിച്ചിരുന്നു.
കാൻഡിഡേറ്റ്സ് ചെസ് വിജയത്തിൽ ഗുകേഷിന് അഭിനന്ദന പ്രവാഹമാണ്. വ്യക്തിപരമായി ഏറെ സന്തോഷം നൽകുന്നതാണു ഗുകേഷിന്റെ വിജയമെന്ന് ഇന്ത്യൻ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. മത്സരച്ചൂടേറിയപ്പോഴും കൂളായി കളിക്കാൻ ചൂടുകൂടിയ നാട്ടിൽനിന്നുള്ള ഗുകേഷിനു സാധിച്ചതായി മഹീന്ദ്ര ഗ്രൂപ്പ് ഉടമ ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി. ചതുരംഗത്തിലെ ചാംപ്യന് അഭിനന്ദനവുമായി രാജ്യം മുഴുവനുമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.