ADVERTISEMENT

ചൈനയിലെ പ്രശസ്തമായ ഹാങ്‌ഷൂ ഗ്ലാസ് പാലത്തിന്‍റെ മാതൃകയില്‍ നിര്‍മിച്ച മനോഹരമായ ഒരു ചില്ലുപാലമാണ് ബീഹാറിലെ രാജ്ഗിർ പാലം. നളന്ദയിലെ രാജ്ഗിറിലാണ് ഈ ഗ്ലാസ് പാലം സ്ഥിതി ചെയ്യുന്നത്. 200 അടി ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന പാലം, സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികള്‍ക്കിടയില്‍ ഇതിനോടകം തന്നെ ജനപ്രിയമായിക്കഴിഞ്ഞു. 

ഹരിതമനോഹരമായ അഞ്ച് കുന്നുകൾക്കിടയില്‍ സ്ഥിതിചെയ്യുന്ന ഈ പാലത്തിന് 85 അടി നീളവും 6 അടി വീതിയുമുണ്ട്. ഒരു സമയത്ത്, 40 പേർക്ക് ഇതിനു മുകളിലൂടെ യാത്ര ചെയ്യാൻ കഴിയും. ഏകദേശം 10 മുതൽ 20 മിനിറ്റ് വരെ ഈ ഗ്ലാസ് പാലത്തിൽ ചിലവഴിക്കാം. സുരക്ഷാ കാരണങ്ങളാൽ, 10 മുതൽ 12 വരെ ആളുകൾക്ക് മാത്രമാണ് ഒരു സമയത്ത് ഗ്ലാസ് പാലത്തിന്‍റെ അറ്റത്തേക്ക് പോകാൻ പറ്റുക. പാലത്തിന് മുകളില്‍ നിന്നും നോക്കിയാല്‍ കാണുന്ന കാഴ്ച അതിമനോഹരമാണ്. ദിവസവും, രാവിലെ ഒന്‍പതു മണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെ ഇവിടം സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കും.

സംസ്ഥാനത്തെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ബീഹാർ സർക്കാരാണ് ഇത് നിർമിച്ചത്. പദ്ധതി വികസിപ്പിക്കുന്നതിനായി ചരിത്രപ്രസിദ്ധമായ ബുദ്ധ മാർഗിന്‍റെ 500 ഏക്കർ സ്ഥലമാണ് സര്‍ക്കാര്‍ നല്‍കിയത്. സംസ്ഥാനത്തെ വിനോദസഞ്ചാരത്തിന്‍റെ വളര്‍ച്ചയ്ക്ക് ഗ്ലാസ് ബ്രിഡ്ജും മറ്റു ആകര്‍ഷണങ്ങളും സഹായിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

ഗ്ലാസ് പാലത്തിനൊപ്പം ജംഗിൾ സഫാരിയും ഒരുക്കുന്നുണ്ട്. സഫാരിയില്‍ രാജ്ഗിറിലെ നിബിഡ വനങ്ങളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകും. ഏകദേശം 18 ഗ്ലാസ് ക്യാബിനുകളുള്ള റോപ് വേ സഫാരിയുമുണ്ട്. ഓരോ ക്യാബിനിലും എട്ട് വിനോദസഞ്ചാരികൾക്ക് സഞ്ചരിക്കാം. ക്യാബിന്‍ അഞ്ച് മിനിറ്റിനുള്ളിൽ 750 മീറ്റർ ദൂരം പിന്നിടും.

ഈ പ്രവർത്തനങ്ങൾക്ക് പുറമേ, എയർ സൈക്ലിംഗ് പോലുള്ള മറ്റ് സാഹസിക വിനോദങ്ങളും ഇവിടെ വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാം. വാൾ ഷൂട്ടിംഗ്, വാൾ ക്ലൈംബിംഗ്, ബാംബൂ ഹൌസ്, വുഡൻ ഹൌസ് എന്നിവയാണ് ഇവിടെ ഒരുക്കിയിട്ടുള്ള മറ്റ് ചില കായിക വിനോദങ്ങൾ. ഒരു ബട്ടർഫ്ലൈ പാർക്കും ഉണ്ട്. താമസ ആവശ്യങ്ങൾക്കായി, കോട്ടേജുകളും ഉണ്ട്.

പട്‌നയിൽ നിന്ന് 95 കിലോമീറ്റർ അകലെയാണ് നളന്ദ ജില്ല. യുനെസ്കോയുടെ ലോക പൈതൃകകേന്ദ്രമായ നളന്ദ സര്‍വകലാശാലയും പ്രകൃതിഭംഗിയാര്‍ന്ന ഒട്ടേറെ ഇടങ്ങളുമുള്ള നളന്ദ ജില്ല ധാരാളം സഞ്ചാരികള്‍ എത്തുന്ന ഇടമാണ്. ബുദ്ധ-ജൈന മതങ്ങൾക്കും മനോഹരമായ ഭൂപ്രകൃതികൾക്കും പേരുകേട്ട മഗധയുടെ ആദ്യ തലസ്ഥാനമെന്ന നിലയിൽ പ്രസിദ്ധമാണ് രാജ്ഗിർ. സൈക്ലോപിയൻ മതിൽ, ഹോട്ട് സ്പ്രിംഗ്സ്, ഘോരകതോര തടാകം , ബിംബിസാർ ട്രഷറി, സോന്‍ ഭണ്ഡാർ ഗുഹകള്‍, ബ്രഹ്മകുണ്ഡ്, വിശ്വശാന്തി സ്തൂപം എന്നിവ പോലെയുള്ള സ്ഥലങ്ങളും ഇവിടെ സന്ദര്‍ശിക്കാവുന്നതാണ്. 

ഹിമാലയത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന സിക്കിമിലെ പെല്ലിങ്ങിലാണ് ഇന്ത്യയിലെ ആദ്യത്തെ സ്കൈവാക്ക് നിര്‍മിച്ചത്. സമുദ്രനിരപ്പിൽ നിന്ന് 7200 അടി ഉയരത്തിലുള്ള ഗ്ലാസ് സ്കൈവാക്ക് ഈ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. രാജ്യാന്തര തലത്തിൽ, നിലവിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഗ്ലാസ് പാലം നിർമിച്ചതിന്‍റെ റെക്കോർഡ് ചൈനയുടെ പേരിലാണ്.

English Summary: Rajgir Glass Sky Walk Bridge in Bihar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com