ADVERTISEMENT

തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലാണെങ്കിലും മലയാളി സഞ്ചാരികളുടെ സ്ഥിരം ലക്ഷ്യങ്ങളിലൊന്നാണ് വാല്‍പാറ. തേയിലത്തോട്ടങ്ങളും കാട്ടു വഴികളും ആനയും കാട്ടുപോത്തും സിംഹവാലന്‍ കുരങ്ങുമൊക്കെയായി സാധാരണ ഹില്‍സ്‌റ്റേഷനുകളിലെ കാഴ്ചകള്‍ തന്നെയാണ് വാല്‍പാറയിലുമുള്ളത്. എന്നാല്‍ ഇങ്ങോട്ടേക്കുള്ള യാത്ര... അത് അതിരപ്പിള്ളി- വാഴച്ചാല്‍ വഴിയായാലും പൊള്ളാച്ചി വഴിയായാലും പകരം വയ്ക്കാനില്ലാത്ത അനുഭവമായിരിക്കും സമ്മാനിക്കുക. 

വലിയൊരു വിഭാഗം വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മാര്‍ഗത്തേക്കാള്‍ ലക്ഷ്യമായിരിക്കും പ്രധാനം. എന്നാല്‍ വാല്‍പാറയുടെ കാര്യമെടുത്താല്‍ ലക്ഷ്യത്തിനേക്കാള്‍ ഒരു പടി മുന്നിലുണ്ടാവും മാര്‍ഗം. രണ്ടു വഴികളാണ് പ്രധാനമായും വാല്‍പാറയിലേക്കുള്ളത്. രണ്ടും ഒന്നിനൊന്ന് മെച്ചവും വ്യത്യസ്തവുമാണ്. ആദ്യത്തേത് കേരളത്തിലെ തന്നെ ഏറ്റവും നീണ്ട വനപാതകളിലൊന്നായ അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ വഴിയുള്ളതാണ്. ഈ വഴിയിലെ പ്രധാന കാഴ്ചകള്‍ അതിരപ്പിള്ളിയിലേയും വാഴച്ചാലിലേയും മനോഹര വെള്ളച്ചാട്ടങ്ങള്‍ തന്നെ. 

valparai
Neil.Dsouza/shutterstock

ചാലക്കുടിയില്‍ നിന്നും ഏതാണ്ട് 25 കിലോമീറ്റര്‍ റോഡു മാര്‍ഗം യാത്രയുണ്ട് അതിരപ്പിള്ളിയിലേക്ക്. അതിരപ്പിള്ളിയില്‍ ഇറങ്ങി ടിക്കറ്റെടുത്ത് വെള്ളച്ചാട്ടവും കണ്ട് യാത്ര തുടരാം. കുറഞ്ഞത് രണ്ടു മൂന്നു മണിക്കൂറെങ്കിലും ഇവിടെ ചിലവിടേണ്ടി വരുമെന്ന് മറക്കരുത്. പോവും വഴി 11 കിലോമീറ്റര്‍ കഴിയുമ്പോള്‍ റോഡരികില്‍ തന്നെ വെള്ളച്ചാല്‍ പതഞ്ഞൊഴുകുന്നത് കാണാം. ഇവിടെയുള്ള വനം വകുപ്പിന്റെ കര്‍ശന പരിശോധക്കു ശേഷം മാത്രമേ കടന്നു പോവാന്‍ സാധിക്കൂ. 

നിങ്ങളുടെ വാഹനത്തിലും കൈവശവുമുള്ള പ്ലാസ്റ്റിക് കുപ്പികളുടെ എണ്ണം കൃത്യമായി വാഴച്ചാല്‍ ചെക് പോസ്റ്റില്‍ നല്‍കണം. പകരം നല്‍കുന്ന രസീതില്‍ ഇവിടെ നിന്നും യാത്ര പുറപ്പെടുന്ന സമയവും കുപ്പികളുടെ എണ്ണവും രേഖപ്പെടുത്തും. ഈ കുപ്പികള്‍ അങ്ങ് മുകളില്‍ മലക്കപ്പാറ ചെക്‌പോസ്റ്റില്‍ കാണിച്ചില്ലെങ്കില്‍ പിഴ കിട്ടും.  

valparai2
Athul Mohanan/shutterstock

വാഴച്ചാല്‍ ചെക്‌പോസ്റ്റില്‍ സമയം കുറിക്കുന്നതിനും കാരണമുണ്ട്. ഈറ്റക്കാടുകളും മുളങ്കാടുകളും കൊടും കാടുമെല്ലാമാണ് യാത്രയില്‍ ഇരുവശത്തുമുള്ളത്. പലയിടത്തും ഇറങ്ങി ആസ്വദിക്കാന്‍ ആര്‍ക്കും തോന്നും. പക്ഷേ ഒരിക്കലും അങ്ങനെ ചെയ്യരുതെന്ന നിര്‍ദേശം നല്‍കിയാണ് ഓരോ യാത്രികരേയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യാത്രയാക്കുക. 45 കിലോമീറ്റര്‍ ദൂരം രണ്ടു മണിക്കൂറിനുള്ളില്‍ മറികടക്കാനാവുമെന്നാണ് കണക്ക്. ഇതിനേക്കാള്‍ കൂടുതല്‍ സമയമെടുത്താല്‍ നിങ്ങള്‍ പോവും വഴി കാട്ടില്‍ വാഹനം നിര്‍ത്തിയിട്ടുണ്ടെന്ന് കണക്കുകൂട്ടാനാണ് ഈ സമയം രേഖപ്പെടുത്തുന്നത്. വന്യജീവി ആക്രമണങ്ങള്‍ നടക്കുന്ന പ്രദേശമാണിത്. അതുകൊണ്ടുതന്നെ കാടിനുള്ളില്‍ ഇറങ്ങിക്കൊണ്ടുള്ള ആസ്വാദനം വലിയ അപകടങ്ങളിലേക്ക് വഴിവെച്ചേക്കും. അതിരപ്പിള്ളി മുതല്‍ തന്നെ വാഹനത്തിന്റെ ചില്ല് മുകളിലേക്ക് കയറ്റിവച്ച് നിയന്ത്രിത വേഗത്തില്‍ സഞ്ചരിക്കുന്നതാണ് യാത്ര പരമാവധി ആസ്വദിക്കുന്നതിന് നല്ലത്. വാഴച്ചാല്‍ - മലക്കപ്പാറ റൂട്ടില്‍ മറ്റു വാഹനങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നതാണ് ഉചിതം. 

valpara-trip1

അതിരപ്പിള്ളി- വാഴച്ചാല്‍- മലക്കപ്പാറ വഴി വരുമ്പോള്‍ വാല്‍പാറയിലേക്കുള്ള പ്രവേശന കവാടമാണ് മലക്കപ്പാറ. അതിനപ്പുറം തേയിലത്തോട്ടങ്ങളുടെ സ്വന്തം വാല്‍പ്പാറയാണ്. ഇവിടെ പകല്‍ സമയത്തു പോലും കുരങ്ങുകളേയും കാട്ടുപോത്തിനേയും ആനകളേയുമൊക്കെ കണ്ടെന്നു വരും. ഒന്നുകില്‍ ഇവിടെയുള്ള അനവധി സ്വകാര്യ റിസോര്‍ട്ടുകളിലൊന്നില്‍ താമസിച്ച് പിറ്റേന്ന് പതിയെ മടങ്ങാം. നല്ലമുടി വ്യൂപോയിന്റ്, ഷോളയാര്‍ ഡാം, ബാലാജി ക്ഷേത്രം എന്നിങ്ങനെ നിരവധി സഞ്ചാരികള്‍ക്ക് പ്രിയ കേന്ദ്രങ്ങള്‍ വാല്‍പ്പാറയിലുണ്ട്. 

വന്ന വഴി തിരിച്ചു വരുന്നതിന് പകരം രണ്ടാമത്തെ പാതയായ പൊള്ളാച്ചി വഴി പാലക്കാടേക്ക് തിരിക്കാം. വാല്‍പാറയില്‍ നിന്നും പൊള്ളാച്ചിയിലേക്കുള്ള വഴി അതിമനോഹരമാണ്. നാല്‍പത് ഹെയര്‍പിന്‍ വളവുകളാണ് ഈ പാതയുടെ സൗന്ദര്യം. നമ്മുടെ താമരശേരി ചുരത്തിന് ഒമ്പത് ഹെയര്‍പിന്നുകള്‍ മാത്രമാണുള്ളത്. മുകളില്‍ പല വളവുകളില്‍ നിന്നും നോക്കിയാല്‍ താഴെ ആളിയാര്‍ ഡാം കാണാനാവും. വരയാടുകളെ കാണാനാവുന്ന വ്യൂപോയിന്റും ഈ വഴിയിലുണ്ട്. 

valpara-trip5

അവധിക്കാലത്ത് കുടുംബവുമൊത്തും കൂട്ടുകാര്‍ക്കൊത്തുമൊക്കെ ഡ്രൈവ് പോവാന്‍ പറ്റിയ ലക്ഷ്യമാണ് വാല്‍പ്പാറ. ഇത്രയും ദൂരത്തില്‍ കാട്ടിലൂടെയുള്ള ഡ്രൈവ് കേരളത്തില്‍ തന്നെ അപൂര്‍വമാണ്. അതിരപ്പിള്ളി വാഴച്ചാല്‍ മലക്കപ്പാറ വഴി വാല്‍പ്പാറയിലേക്കെത്തുന്നതായാലും പൊള്ളാച്ചി വഴിയായാലും മലക്കപ്പാറ വഴിയുള്ള തിരിച്ചിറക്കം വൈകീട്ട് മൂന്നു മണിക്ക് ശേഷമാവാതെ ശ്രദ്ധിക്കണം. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയൊക്കെ വാഴച്ചാല്‍ മലക്കപ്പാറ വഴി പോകാമെങ്കിലും വൈകുംതോറും അപകട സാധ്യതകളും വര്‍ധിക്കും. ഒരു ദിവസം വാല്‍പ്പാറ തങ്ങിക്കൊണ്ടുള്ള യാത്രയായിരിക്കും പരമാവധി കാഴ്ച്ചകളെ സാവകാശത്തോടെ ആസ്വദിക്കാന്‍ സഹായിക്കുക.

English Summary: A Travel Guide to Valparai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com