അനുയോജ്യനായ പങ്കാളിയെ കിട്ടിയില്ല, 20 വർഷത്തെ സമ്പാദ്യം കൊണ്ട് സ്വയം വിവാഹം ചെയ്ത് യുവതി
Mail This Article
ഒരുപാട് സ്ത്രീകള്‍ അവരുടെ വിവാഹം സ്വപ്നം കണ്ടിട്ടുണ്ടാവാം. അതേസമയം പങ്കാളിയും വിവാഹവുമൊന്നും വേണ്ട എന്നു പറയുവരും ഒരുപാടുണ്ട്. പ്രണയവും വിവാഹവും കുടുംബവുമൊക്കെ ആഗ്രഹിക്കുന്ന പലരും നമ്മുടെ ചുറ്റിലുമുണ്ട്. എന്നാൽ സാറ എന്ന 42 കാരിയുടെ ജീവിതത്തിൽ ഇത്തരം അസുലഭ നിമിഷങ്ങൾ ഒന്നും സംഭവിച്ചില്ല. പക്ഷേ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ വിവാഹത്തിനായി കഴിഞ്ഞ 20 വർഷമായി സമ്പാദിച്ചുവച്ചതത്രയും ചെലവാക്കാൻ അവൾ തീരുമാനിച്ചത് മറ്റൊരു രീതിയിലായിരുന്നു. ജീവിതത്തിന്റെ മധ്യകാലത്തെത്തിയിട്ടും തനിക്ക് ചേരുന്നയാളെ കണ്ടെത്താൻ സാധിക്കാതെ വന്ന യുവതി സ്വയം വിവാഹം കഴിക്കാൻ തീരുമാനിച്ചു. തന്റെ സ്വപ്നം സഫലമാക്കാൻ മറ്റൊരാളുടെയും സഹായം കാക്കേണ്ടതില്ലെന്നാണ് സാറയ്ക്കു തോന്നിയത്.
42 കാരിയും ഇംഗ്ലണ്ട് സ്വദേശിയുമായ സാറാ വിൽക്കിൻസണാണ് ഇത്തരമൊരു കാര്യം ചെയ്തത്. സാറയുടെ ഏറ്റവും വലിയ സ്വപ്നമാണ് വിവാഹിതയാവുക എന്നത്. എന്നാൽ ഏറെ അന്വേഷിച്ചിട്ടും തന്റെ സങ്കൽപ്പത്തിലുള്ള ആളെ കണ്ടെത്താനായില്ല. ലോക്ക്ഡൗണിൽ 40 വയസ്സ് തികഞ്ഞപ്പോഴാണ് വിവാഹത്തെക്കുറിച്ചുള്ള ചിന്തിച്ചുതുടങ്ങിയതെന്നും അങ്ങനെയാണ് എപ്പോഴും ആഗ്രഹിച്ചിരുന്ന ഒരു ഡയമണ്ട് എൻഗേജ്മെന്റ് മോതിരം വാങ്ങാൻ തീരുമാനിച്ചെന്നും അവർ പറഞ്ഞു. പക്ഷേ ശേഷം ഏറെ തിരഞ്ഞെങ്കിലും പങ്കാളിയെ കിട്ടാത്ത സാഹചര്യത്തിൽ സ്വയം വിവാഹം കഴിയ്ക്കാം എന്ന രസകരമായ തീരുമാനം കൈകൊള്ളുന്നത്. ചടങ്ങ് ഒരു ഔദ്യോഗിക വിവാഹമായിരുന്നില്ല, പക്ഷേ എനിക്ക് എന്റെ വിവാഹദിനമായിരുന്നു അത്, എന്നാണ് ഇതിനെക്കുറിച്ച് സാറ പറഞ്ഞത്.
സാറാ വിൽക്കിൻസൺ തന്റെ സ്വപ്ന വിവാഹത്തിനായി കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അതായത് 20 വർഷത്തോളമായി പണം സ്വരൂപിക്കുന്നു. സഫോക്കിലെ ഫെലിക്‌സ്‌സ്റ്റോവിലുള്ള ഹാർവെസ്റ്റ് ഹൗസിൽ വച്ച് നടത്തിയ വിവാഹചടങ്ങിൽ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളുമടക്കം നൂറോളം പേർ പങ്കെടുത്തു. വിൽകിൻസന്റെ ഈ പ്രത്യേക ദിനം മറ്റേതൊരു വിവാഹത്തെയുംപോലെ മനോഹരമായിരുന്നു, പരമ്പരാഗത വെളുത്ത ഗൗൺ ധരിച്ച വധുവായി സാറ തന്റെ അമ്മയുടെ കൈപിടിച്ച് വേദിയിലേയ്ക്ക് നടന്നു. അവിടെ തവളയെ ചുംബിക്കുന്ന രാജകുമാരിയുടെ പ്രതിമയുള്ള കേക്ക് അവർക്കായി ഒരുക്കിയിരുന്നു. ഏകദേശം 1000 പൗണ്ട് സാറ തന്റെ വിവാഹത്തിനായി ചെലവാക്കി. ഇത് ഔദ്യോഗിക വിവാഹമല്ലാത്തതിനാൽ അധികം വൈകാതെ അനുയോജ്യനായ ഒരു പങ്കാളിയെ സാറയ്ക്ക് കണ്ടെത്താനാകാട്ടെയെന്നായിരുന്നു ചടങ്ങിൽ പങ്കെടുത്തയെല്ലാവരും ആശംസിച്ചത്.
സമ്പാദിച്ചുവച്ചതെല്ലാം തന്റെ സ്വപ്നത്തിനായി ചെവലാക്കിയ സാറ തന്റെ സ്വപ്നം തനിക്കത്രയേറെ വിലമതിയ്ക്കുന്നതാണെന്നും ആ നിമിഷങ്ങൾ ചിലപ്പോൾ ജീവിതത്തിൽ സംഭവിച്ചില്ലെങ്കിൽ ഇങ്ങനെ സ്വയം ചെയ്തെടുക്കാൻ സാധിക്കുന്ന വിധം അത് നേടിയെടുക്കാൻ ശ്രമിക്കണമെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.