സ്വർണം ഇന്നും കുതിച്ച് പുതു ഉയരത്തിൽ; പവന് 1,000 രൂപയ്ക്കടുത്ത് കൂടി, പണിക്കൂലിയും ചേർന്നാൽ വില ‘പൊള്ളും’

Mail This Article
വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെ സങ്കടത്തിലാഴ്ത്തി കേരളത്തിൽ സ്വർണവില ഇന്നും കത്തിത്തയറി പുതിയ ഉയരത്തിൽ. ഇന്ന് ഒറ്റയടിക്ക് പവന് 960 രൂപ കൂടി വില 61,840 രൂപയായി. ഗ്രാമിന് 120 രൂപ വർധിച്ച് 7,730 രൂപയിലെത്തി. ഇന്നലെ രേഖപ്പെടുത്തിയ പവന് 60,800 രൂപയും ഗ്രാമിന് 7,610 രൂപയുമെന്ന റെക്കോർഡ് ഇനി മറക്കാം.

കഴിഞ്ഞ 3 ദിവസത്തിനിടെ മാത്രം കേരളത്തിൽ പവന് 1,760 രൂപയും ഗ്രാമിന് 220 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 100 രൂപ ഉയർന്ന് പുത്തനുയരമായ 6,385 രൂപയായി. വെള്ളിക്കും ഗ്രാമിന് ഒരു രൂപ വർധിച്ച് വില 101 രൂപയിലെത്തി.
പണിക്കൂലിയും ജിഎസ്ടിയും
3% ജിഎസ്ടി, 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് ചാർജ് (അതായത് 53.10 രൂപ), പണിക്കൂലി എന്നിവയും ചേർന്നാലെ കേരളത്തിൽ സ്വർണാഭരണ വിലയാകൂ. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറി ഷോറൂമിലും വ്യത്യാസപ്പെട്ടിരിക്കും. ഇത് 3% മുതൽ 30% വരെയൊക്കെയാകാം. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ തന്നെ ഇന്നൊരു പവൻ ആഭരണത്തിന് കേരളത്തിൽ 66,936 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,367 രൂപയും.

ചില ജ്വല്ലറികൾ മിനിമം 10-12% പണിക്കൂലിയാണ് ഈടാക്കാറുള്ളത്. വിവാഹത്തിനും മറ്റും വലിയ അളവിൽ സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കാണ് ഈ വിലക്കയറ്റം കനത്ത തിരിച്ചടിയാകുന്നത്. 5 പവന്റെ താലിമാല വാങ്ങണമെങ്കിൽ തന്നെ 5% പണിക്കൂലി പ്രകാരം ഇന്ന് 3.35 ലക്ഷം രൂപയോളം കൊടുക്കണം. എന്തുകൊണ്ടാണ് സ്വർണവില ഇങ്ങനെ കുതിക്കുന്നത്? നാളെ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടുകയും ചെയ്താൽ വില എങ്ങോട്ടേക്കാകും നീങ്ങുക? വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business