ഓംലറ്റിന് ‘പൊള്ളുന്ന’ വില; പുറമേ 18% ജിഎസ്ടിയും, വൈറലായി നക്ഷത്ര ഹോട്ടലിലെ വിലനിലവാരം

Mail This Article
ഒരു സാദാ ഓംലറ്റിന് എന്തുവില വരും? ഹോട്ടലുകളിലും തട്ടുകടകളിലും ശരാശരി 30 രൂപ. എന്നാൽ ഒരു സ്റ്റാർ ഹോട്ടൽ ഓംലറ്റിന് ഈടാക്കിയ വിലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടൻ ചർച്ച. ഓംലറ്റിന് വില 800 രൂപ. പുറമേ 18% ജിഎസ്ടിയും. ആകെ 944 രൂപ!

ഓംലറ്റ് വാങ്ങിയ ബിൽ ഉൾപ്പെടെ കിരൺ രജ്പുത് എന്നയാൾ എക്സിൽ ഇട്ട പോസ്റ്റാണ് ചർച്ചയാകുന്നത്. 25 രൂപ ഈടാക്കേണ്ടയിടത്ത് 96.87% ലാഭമാർജിനോടെ 944 ഈടാക്കിയെന്നാണ് പോസ്റ്റ്. എന്തുകൊണ്ടാണ് ഓംലറ്റിന് നക്ഷത്ര ഹോട്ടലിൽ ഈ വിലയെന്നും അദ്ദേഹം ചോദിക്കുന്നു.
കിരണിനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിനു താഴെ നിരവധി കമന്റുകൾ. തട്ടുകടയിലെ വില നക്ഷത്ര ഹോട്ടലിൽ പ്രതീക്ഷിക്കേണ്ടെന്നും അവിടുത്തെ സൗകര്യങ്ങളുടെ മൂല്യവും ഈ വില നിശ്ചയിക്കാനുള്ള മാനദണ്ഡമാണെന്നും ചിലർ വാദിക്കുന്നു. നിങ്ങൾ യഥാർഥത്തിൽ ഓംലറ്റിന് അല്ല വില നൽകുന്നതെന്നും അവിടുത്തെ സൗകര്യങ്ങൾക്കാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

നിലവിലെ നികുതി സംവിധാനമാണ് ഈ കനത്ത വിലയ്ക്ക് കാരണമെന്ന് മറ്റു ചിലർ. സേവന വിഭാഗത്തിലാണ് പഞ്ചനക്ഷത്ര ഹോട്ടലുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. 28% ജിഎസ്ടി സ്ലാബിലാണ് അവയുള്ളതും. നേരത്തെ സംസ്ഥാന ആഡംബര നികുതിയും സേവനനികുതിയും ചേർന്നുണ്ടായിരുന്നതിനേക്കാൾ ഉയർന്ന നികുതിയാണിതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business