സ്വർണവില ഇന്നും കുതിച്ചുകയറി പുത്തൻ റെക്കോർഡിൽ; വെള്ളിക്ക് സെഞ്ചറി, ഉറ്റുനോട്ടം ഇനി കേന്ദ്ര ബജറ്റിൽ

Mail This Article
സ്വർണാഭരണ പ്രിയരെയും വ്യാപാരികളെയും ഒരുപോലെ ആശങ്കപ്പെടുത്തി വില ഇന്നും കേരളത്തിൽ റെക്കോർഡ് തകർത്തു. ഗ്രാമിന് 15 രൂപ വർധിച്ച് 7,610 രൂപയും പവന് 120 രൂപ ഉയർന്ന് 60,880 രൂപയുമായി. ഇന്നലെ കുറിച്ച ഗ്രാമിന് 7,595 രൂപയും പവന് 60,760 രൂപയുമെന്ന റെക്കോർഡാണ് ഇന്ന് പഴങ്കഥയായത്. ഇന്നലെയും ഇന്നുമായി ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കൂടി. പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ചാർജും കൂടിച്ചേരുമ്പോൾ വിലവർധനയുടെ ഭാരം ഇതിലും അധികം.

18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 10 രൂപ ഉയർന്ന് സർവകാല റെക്കോർഡായ 6,285 രൂപയിലെത്തി. കനംകുറഞ്ഞ (ലൈറ്റ്‍വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം. ഇന്നലെയാണ് 18 കാരറ്റ് സ്വർണവില പവന് ആദ്യമായി 50,000 രൂപ ഭേദിച്ചത്. വെള്ളിവിലയും ഇന്ന് ഗ്രാമിന് 2 രൂപ ഉയർന്ന് 100 രൂപയിലെത്തി. വെള്ളികൊണ്ടുള്ള ആഭരണങ്ങൾ, പാത്രങ്ങൾ, പൂജാസാമഗ്രികൾ എന്നിവ വാങ്ങുന്നവർക്കും വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നവർക്കും ഈ വിലക്കയറ്റം തിരിച്ചടിയാണ്.
എന്തുകൊണ്ട് സ്വർണവില കുതിക്കുന്നു?
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഇന്നലെ അടിസ്ഥാന പലിശനിരക്ക്, പ്രതീക്ഷിച്ചതുപോലെ മാറ്റമില്ലാതെ നിലനിർത്തി. ഈ സാഹചര്യത്തിലും സ്വർണനിക്ഷേപ പദ്ധതികളുടെ പ്രിയത്തിന് വലിയ കോട്ടം തട്ടാതിരുന്നത് ട്രംപിന്റെ സാമ്പത്തികനയങ്ങൾ സംബന്ധിച്ച ആശങ്ക തുടരുന്നതുമൂലമാണ്. രാജ്യാന്തര സ്വർണവില ഔൺസിന് 2,745 ഡോളറിൽ നിന്നുയർന്ന് 2,763 ഡോളർ വരെയെത്തി. നിലവിലെ ട്രെൻഡ് തുടർന്നാൽ വില കഴിഞ്ഞവർഷം ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 2,790 ഡോളർ എന്ന റെക്കോർഡ് തകർത്തേക്കാമെന്നാണ് വിലയിരുത്തൽ.

ഇനി ഉറ്റുനോട്ടം ‘നിർമല’ ബജറ്റിൽ
കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ ധനമന്ത്രി നിർമല സീതാരാമൻ കൂട്ടിയേക്കുമെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ രാജ്യത്ത് സ്വർണവില കൂടുതൽ വർധിക്കും. രാജ്യത്തേക്കുള്ള സ്വർണ ഇറക്കുമതി കുത്തനെ കൂടിയതും അതു വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികൾ വർധിക്കാൻ ഇടവരുത്തിയതും കണക്കിലെടുത്താണ് തീരുവ കൂട്ടാനുള്ള നീക്കം.

കഴിഞ്ഞ ബജറ്റിലായിരുന്നു തീരുവ 15ൽ നിന്ന് 6 ശതമാനമായി വെട്ടിക്കുറച്ചത്. അതോടെ കേരളത്തിൽ പവൻ വിലയിൽ ഒറ്റയടിക്ക് 4,000 രൂപയോളം കുറഞ്ഞിരുന്നു. ഇക്കുറി തീരുവ 6ൽ നിന്ന് 8-10 ശതമാനമായി കൂട്ടിയേക്കാം.
പണിക്കൂലി ഉൾപ്പെടെ ഇന്നത്തെ വില
സ്വർണാഭരണത്തിന് 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് (HUID) ഫീസ്, പണിക്കൂലി എന്നി ബാധകമാണ്. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. ഇത് 3 മുതൽ 30% വരെയൊക്കെയാകാം. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്നൊരു പവൻ ആഭരണത്തിന് കേരളത്തിൽ വില 65,896 രൂപയാണ്; ഒരു ഗ്രാം സ്വർണാഭരണത്തിന് 8,237 രൂപയും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business