ADVERTISEMENT

ബിഹാറിലെ രാജ്‌ഗിറിലുള്ള ഗുഹയാണ് സോൻ ഭണ്ഡാർ. ഇന്ത്യൻ ചരിത്രത്തിൽ വളരെയേറെ പ്രാധാന്യമുള്ള നഗരമാണ് രാജ്‌ഗിർ. അക്കാലത്തെ പ്രമുഖ സാമ്രാജ്യമായിരുന്ന മഗധയിലെ ചക്രവർത്തിയായിരുന്ന ബിംബിസാരനു ശ്രീബുദ്ധൻ ധർമോപദേശങ്ങൾ നൽകിയെന്ന് കരുതപ്പെടുന്നത് രാജ്ഗിറിലാണ്.

രാജ്ഗിറിലെ വൈഭർ മലകളിൽ സ്ഥിതി ചെയ്യുന്ന സോൻ ഭണ്ഡാർ ഗുഹകൾ മലതുരന്ന് കൃത്രിമമായി നിർമിച്ചവയാണ്. ജെയിൻ സന്ന്യാസിയായിരുന്നു വൈരാദേവ മുനിയാണ് ഈ ഗുഹകൾ നിർമിക്കാൻ മുൻകയ്യെടുത്തതെന്ന് കരുതിപ്പോരുന്നു. 319 മുതൽ 180 ബിസി വരെയുള്ള കാലയളവിലാണ് ഇവ നിർമിച്ചതെന്നും കരുതപ്പെടുന്നുണ്ട്.

 

സോൻ ഭണ്ഡാർ എന്ന പേരിനർഥം സ്വർണം സൂക്ഷിച്ചിരിക്കുന്ന സ്ഥലമെന്നാണ്. ഈ ഗുഹകളുമായി ബന്ധപ്പെട്ട് ഒരു നിധിയുടെ കഥയും പ്രാബല്യത്തിലുണ്ട്. ബിംബിസാരന്റെ പക്കലുള്ള അളവറ്റ സമ്പത്ത് ഈ ഗുഹയിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഐതിഹ്യം. മകനായ അജാതശത്രു ബിംബിസാരനെ തടവിലാക്കിയതിനു പിന്നാലെയാണത്രേ ഈ നിധി ഗുഹയിലേക്ക് മാറ്റിയത്. എന്നാൽ ബിംബിസാരന്റെയല്ല, മറിച്ച് ജരാസന്ധൻ എന്ന ഇതിഹാസങ്ങളിലെ രാജാവിന്റേതാണ് ഈ നിധിയെന്നും കഥയുണ്ട്.

 

ഏതായാലും ഈ നിധി കണ്ടെത്താൻ ഒരു വാക്യമറിയണം എന്നാണ് തദ്ദേശീയരുടെ വിശ്വാസം. ഈ ഗുഹയ്ക്കുള്ളിലെ ഒരു വാതിലിനു സമീപം ഒരു ലിഖിതമുണ്ട്. ഈ ലിഖിതം മനസ്സിലാക്കിയാൽ നിധിയിലേക്കുള്ള രഹസ്യവാക്ക് അറിയാൻ സാധിക്കുമെന്നും ഇവർ കരുതുന്നു. സോൻ ഭണ്ഡാർ ഗുഹയ്ക്കുള്ളിലെ നിധി കണ്ടെത്താനായി ഒട്ടേറെ ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നാ‍ൽ ആരും വിജയിച്ചില്ല. ബ്രിട്ടിഷുകാർ നിധി കണ്ടെടുക്കാനായി പീരങ്കികൊണ്ട് വെടിവച്ച് ഗുഹാഭിത്തി തകർക്കാൻ പോലും നോക്കി. എന്നാ‍ൽ ഒന്നും ഫലവത്തായില്ല. രഹസ്യങ്ങളുടെ ഒരുപാട്കഥകൾ പറയാനുള്ളതു കൊണ്ടാകണം, ഈ ഗുഹകൾ തേടി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഒട്ടേറെ സഞ്ചാരികൾ രാജ്ഗിറിലെത്താറുണ്ട്.

 

Content Summary : Son Bhandar Caves in Rajgir, Bihar, India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com